മനം കുളിര്‍പ്പിക്കും മൂന്ന് വെള്ളച്ചാട്ടങ്ങള്‍... കടനാട് പഞ്ചായത്തിലെ മൂന്നുകല്ല് വെള്ളച്ചാട്ടവും പാമ്പനാല്‍ വെള്ളച്ചാട്ടവും ചോതിക്കയം വെള്ളച്ചാട്ടവുമാണ് സ്ഫടികസമാനമായി ചിതറിത്തെറിച്ച് ദൃശ്യവിരുന്നൊരുക്കുന്നത്.


സുനില്‍ പാലാ
 
ഒരു പഞ്ചായത്തില്‍ മൂന്ന് വെള്ളച്ചാട്ടങ്ങള്‍, മൂന്നും വെള്ളമുത്തുകള്‍ ചിതറി കാണികളുടെ മനം കവരുന്നു. 
 


കടനാട് പഞ്ചായത്തിലെ മൂന്നുകല്ല് വെള്ളച്ചാട്ടവും പാമ്പനാല്‍ വെള്ളച്ചാട്ടവും ചോതിക്കയം വെള്ളച്ചാട്ടവുമാണ് സ്ഫടികസമാനമായി ചിതറിത്തെറിച്ച് ദൃശ്യവിരുന്നൊരുക്കുന്നത്.

മഴക്കാലത്ത് മാത്രം  സജീവമാകുന്ന ഈ മൂന്ന് വെള്ളച്ചാട്ടങ്ങളും കണ്‍കുളിര്‍ക്കെ കണ്ടും കുളിച്ചും  ആസ്വദിക്കുവാന്‍ കടനാട്ടിലേക്ക് സഞ്ചാരികളുടെ തിരക്കേറി. ഞായറാഴ്ചകളിലാണ് കുടുംബ സമേതം കൂടുതല്‍ സഞ്ചാരികളെത്തുന്നത്. 
 


ളാലം തോടിന്റെ ഉദ്ഭവ സ്ഥാനത്തുള്ള കടനാട് തോട് കടന്നുപോകുന്ന ചെരിവുകളിലാണ് വെള്ളച്ചാട്ടങ്ങള്‍ ദൃശ്യ ഭംഗിയൊരുക്കുന്നത്. അധികം ആഴമില്ലാത്ത കുഴികളുള്ള വെള്ളച്ചാട്ടങ്ങളുടെ താഴ് ഭാഗം അപകട രഹിതമായി സഞ്ചാരികള്‍ക്ക് ആശങ്കയില്ലാതെ നീന്തി തുടിക്കുന്നതിന് അവസരമൊരുക്കുന്നു. മഴക്കാലം  മാറുന്നതോടെ വെള്ളച്ചാട്ടങ്ങളും മായും. 
 


പാലാ - തൊടുപുഴ റൂട്ടില്‍ മാനത്തൂര്‍ സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും മണിയാക്കുംപാറ റൂട്ടില്‍ രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാമ്പനാല്‍ വെള്ളച്ചാട്ടത്തില്‍ എത്താം. പാറകളുടെ മുകളിലൂടെ വളരെ ദൂരം ഒഴുകി പിന്നീട് അമ്പത് മീറ്ററോളം താഴേക്ക് കുത്തനെ പതിക്കുകയാണ്. പാമ്പനാല്‍ വെള്ളച്ചാട്ടത്തിനു മുകള്‍ ഭാഗത്ത് അനേക ചെറുവെള്ളച്ചാട്ടങ്ങളുണ്ട്. മൂന്നുകല്‍ വെളളച്ചാട്ടവും ചോതിക്കയവും കാവുംകണ്ടത്താണ്.

പാലാ-തൊടുപുഴ റൂട്ടില്‍ കൊല്ലപ്പിള്ളിയില്‍ നിന്ന് എലിവാലി വഴി കാവുകണ്ടത്തെത്തി രണ്ടിടത്തേക്കും പോകാം. ഓരോ മഴക്കാലത്തും  ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം  വര്‍ധിക്കുകയാണ്.


 
പ്രാഥമിക സൗകര്യങ്ങളുടെ കുറവുണ്ട്

കാവുംകണ്ടത്തെ വെള്ളച്ചാട്ടങ്ങളുടെ  അടുത്തേയ്ക്ക് അരക്കിലോമീറ്ററോളം നടന്നുപോകേണ്ടതുണ്ട്. ഇവിടങ്ങളില്‍ റോഡു സൗകര്യമുണ്ടാക്കണമെന്ന ആവശ്യം  ഇതുവരെ നടപ്പായിട്ടില്ല. മറ്റു  പ്രാഥമിക സൗകര്യങ്ങളും എര്‍പ്പെടുത്തണമെന്നാണ്  നാട്ടുകാരുടെയും സഞ്ചാരികളുടെയും  ആവശ്യം.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments