രാജ്യത്താകെ നവീകരിച്ച 103 റെയിൽവേ സ്റ്റേഷനുകൾ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുകയാണ്. ഇവയിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ടത് ചിറയിൻകീഴ്, വടകര റെയിൽവേ സ്റ്റേഷനുകളാണ്. രാജസ്ഥാന്‍ ബിക്കാനീറിൽ നവീകരിച്ച ദേഷ് നോക്ക് സ്റ്റേഷനിൽ ഔദ്യോഗികമായ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടത്തിയത്. റെയിൽവേ സ്റ്റേഷനുകളുടെ സമഗ്രമായ വികസനം മുൻ നിർത്തിയാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കേന്ദ്രം തുടക്കം കുറിച്ചത്. 1300 സ്റ്റേഷനുകൾ നവീകരിക്കുക എന്നതാണ് ലക്ഷ്യം.
റെയിൽവേ സ്റ്റേഷനുകളിൽ അത്യാധുനിക രീതിയിലുള്ള സജ്ജീകരണങ്ങൾ ഇതിന്റെ ഭാഗമായി ഏർപ്പെടുത്തും. നവീകരണത്തിൽ പ്രാദേശിക സംസ്കാരവും വാസ്തു വിദ്യയും പ്രതിഫലിക്കും.
യാത്രികർക്ക് മികച്ച കാത്തിരിപ്പു കേന്ദ്രങ്ങൾ, വൃത്തിയും സൗകര്യവുമുള്ള ടോയ്‌ലെറ്റ്, നവീകരിച്ച വെളിച്ച സംവിധാനങ്ങളും ടിക്കറ്റ് കൗണ്ടറും ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ തുടങ്ങിയവയാണ് അമൃത് ഭാരത് സ്റ്റേഷന്റെ പ്രത്യേകത.
ആദ്യ ഘട്ടത്തിൽ 18 സംസ്ഥാനങ്ങളിലെ 103 സ്റ്റേഷനുകളാണ് ഈ രീതിയിൽ വികസിപ്പിക്കുന്നത്. ചിറയിൻകീഴിലെയും വടകരയിലെയും അമൃത് ഭാരത് സ്റ്റേഷൻ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിലൂടെയാണ് പ്രധാനമന്ത്രി നിർവഹിക്കുക. 1100 കോടി രൂപയാണ് മൊത്തം പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. ചിറയിൻകീഴിൽ കേന്ദ്ര മന്ത്രി സുരേഷ്ഗോപിയും വടകരയിൽ ജോർജ് കുര്യനും പങ്കെടുക്കും.
0 Comments