മോഷ്ടിച്ച സ്കൂട്ടറിലുണ്ടായിരുന്ന വിലപ്പെട്ട രേഖകൾ ഉടമയ്ക്ക് തിരിച്ചു നൽകി കള്ളൻ.
സ്കൂട്ടറെടുത്താലും കുഴപ്പമില്ല രേഖകൾ തിരിച്ചു നൽകണമെന്ന് ഉടമ സമൂഹ മാധ്യമങ്ങളിലൂടെ കള്ളനോട് അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന കേട്ട കള്ളൻ രഹസ്യമായി ഉടമയുടെ ഹോട്ടലിൽ രേഖകൾവെച്ച് സ്ഥലം വിടുകയായിരുന്നു. പന്തളം കുരമ്പാല ജങ്ഷനിലാണ് അപൂർവ്വ സംഭവം നടന്നത്. ഈ മാസം ഒന്നിനാണ് കുരമ്പാല കാണിക്കവഞ്ചി ജങ്ഷനിൽ കുടുംബശ്രീ ഹോട്ടൽ നടത്തുന്ന കുറ്റിവിളയിൽ ശ്രീജയുടെ സ്കൂട്ടർ മോഷണം പോയത്. പാൻ കാർഡ്, തിരിച്ചറിയൽ രേഖകൾ, ഇൻഷുറൻസ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകളാണ് സ്കൂട്ടറിനൊപ്പം ശ്രീജക്ക് നഷ്ടമായത്.
മോഷ്ടാവ് സ്കൂട്ടറുമായി കടന്നുകളയുന്ന ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. സ്കൂട്ടർ നഷ്ടപ്പെട്ടതിനേക്കാൾ ശ്രീജയെ വിഷമത്തിലാക്കിയത് രേഖകൾ നഷ്ടപ്പെട്ടതാണ്. ഇതിനിടെയാണ് രഘു പെരുമ്പുളിക്കൽ എന്ന പൊതുപ്രവർത്ത കൻ മുൻകൈയെടുത്ത് കള്ളനോട് സമൂഹമാധ്യമംവഴി അഭ്യർഥന നടത്തുന്നത്.
‘സ്കൂട്ടർ നിങ്ങളെടുത്തോളൂ, ദയവായി അതിലെ രേഖകൾ തിരികെ നൽകണം’ എന്ന ശ്രീജയുടെ ശബ്ദ സന്ദേശം സഹിതമാണ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. സ്പീഡ് പോസ്റ്റിലോ കുറിയർ സർവീസിലോ അയച്ചു നൽകണമെന്നായിരുന്നു ശ്രീജ യുടെ അഭ്യർഥന. സ്കൂട്ടർ സ്റ്റാർട്ടാക്കാതെ ഉരുട്ടിക്കൊണ്ടുപോകുന്നതും പിന്നീട് ഓടിച്ചുപോകുന്നതുമായ സി.സി.ടി.വി ദൃശ്യത്തിനൊപ്പമായിരുന്നു ശ്രീജയുടെ ശബ്ദസന്ദേശമിട്ടിരുന്നത്.
0 Comments