കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി മൂന്ന് കഷണങ്ങളാക്കി തലയും ശരീര ഭാഗങ്ങളും വ്യത്യസ്ത സ്ഥലങ്ങളിൽ ഉപേക്ഷിച്ച കേസിൽ പ്രതികളായ ഭാര്യക്കും ഭർത്താവിനും ജീവപര്യന്തം തടവും 5 ലക്ഷം രൂപാ വീതം പിഴയും കൂടാതെ തെളിവ് നശിപ്പിച്ചതിന് ഒന്നാം പ്രതിയായ ഭർത്താവിന് 5 വർഷം തടവും 25000/-രൂപ പിഴയും 2-ാം പ്രതിയായ ഭാര്യയ്ക്ക് 2 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ നിർണ്ണായകമായത് പോലീസിന്റെ അന്വേഷണ മികവ്.
മുട്ടമ്പലം വില്ലേജ്,കളക്ട്രേറ്റ് ഭാഗത്ത് വെട്ടിമറ്റം വീട്ടിൽ കമ്മൽ വിനോദ് എന്ന് വിളിക്കുന്ന വിനോദ് കുമാർ ( 46), ഭാര്യ കുഞ്ഞുമോൾ (44) എന്നിവരെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി II ജഡ്ജി ശ്രീ.ജെ.നാസർ കുറ്റക്കാരാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്
2017 ആഗസ്റ്റ് മാസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മാങ്ങാനം കലുങ്ക് ഭാഗത്ത് രണ്ട് ചാക്കുകളിലായി തല ഒഴികെയുള്ള മനുഷ്യന്റെ അഴുകിയ ശരീരഭാഗങ്ങൾ ഒരു ചാക്കിൽ അരയ്ക്ക് കീഴെയുള്ള ഭാഗങ്ങളും മറ്റൊരു ചാക്കിൽ കഴുത്തു മുതൽ വയർ വരെയുമുള്ള ശരീര ഭാഗങ്ങളുമാണ് കാണപ്പെട്ടത്. 2017 ആഗസ്റ്റ് മാസം 27-ആം തീയതി രജിസ്റ്റർ ചെയ്ത ഈ കേസിൽ അന്നു തന്നെ പ്രതികളെ കണ്ടെത്താൻ സാധിച്ചത് പോലീസിന്റെ അന്വേഷണ മികവുകൊണ്ട് മാത്രമാണ്. 2017 കാലയളവിൽ കോട്ടയം ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടറും ഇപ്പോൾ കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യുമായ സാജു വർഗ്ഗീസ് ആയിരുന്നു അന്വേഷണം നടത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. ശിരസ്സില്ലാത്ത ശരീര ഭാഗങ്ങളിൽ നിന്നും കൊല്ലപ്പെട്ടത് ആരാണ് എന്ന് കണ്ടെത്തുക എന്നതായിരുന്നു ആദ്യ കടമ്പ. വിവിധ ടീമുകളായി തിരിഞ്ഞ് കാണാതായവരെക്കുറിച്ച് അന്വേഷണം നടത്തിയതിൽ നിന്നും പയ്യപ്പാടി മലകുന്നം ഭാഗത്തുള്ള സന്തോഷ് എന്നയാൾ 23.08.2017 തീയതി വീട്ടിൽ നിന്നും പോയ ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരങ്ങളും ഇല്ലാ എന്ന് വ്യക്തമായ പോലീസ്, അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന സന്തോഷിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ 23.08.2017 രാത്രി 10.50 ന് ശേഷം കോളുകൾ അവസാനിച്ചതായി തിരിച്ചറിയുകയും തുടർന്ന് ടി ഫോണിലേക്ക് വന്ന കോളുകൾ പരിശോധിച്ചതിൽ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ തന്നെ 15 ഓളം കേസുകളിൽ പ്രതിയായ കമ്മൽ വിനോദ് എന്ന് വിളിക്കുന്ന വിനോദിന്റെ ഭാര്യ കുഞ്ഞുമോളുടെ ഫോണിൽ നിന്നാണ് അവസാന കോൾ എത്തിയതെന്ന് മനസ്സിലായ പോലീസ് ഇവരെ ചോദ്യം ചെയ്തതിൽ തങ്ങളാണ് കൊലചെയ്തതെന്നും, ശേഷം തല തങ്ങൾ മാങ്ങാനത്തുള്ള തുരുത്തേൽ പാലത്തിനടുത്തുള്ള തോട്ടിൽ കളഞ്ഞെന്നും മൊഴി നൽകുകയും തുടർന്ന് ടി സ്ഥലത്ത് എത്തി നാട്ടുകാരുടേയും മറ്റും സഹായത്തിൽ തോട്ടിൽ തിരച്ചിൽ നടത്തിയതിൽ ഒരു പ്ലാസ്റ്റിക് കവറിൽ കരിങ്കൽ കഷണങ്ങൾ നിറച്ച് അതിൽ വച്ച് കാവിമുണ്ട് കൊണ്ട് കെട്ടിയ നിലയിലുള്ള ശിരസ്സ് ലഭിക്കുകയും ചെയ്തു.
തുടർന്ന് ഒന്നാം പ്രതി വിനോദിന്റെ കുറ്റസമ്മത മൊഴി പ്രകാരം വിനോദ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസ്സിൽ ജയിലിൽ കിടന്ന സമയത്ത് തന്റെ ഭാര്യയെ സന്തോഷ് വശത്താക്കിയതിലുള്ള വൈരാഗ്യം മൂലം അയാളെ രണ്ടാം പ്രതി കുഞ്ഞുമോളെ കൊണ്ട് മീനടത്ത് 3-ആം മൈലിലുള്ള തന്റെ വാടക വീട്ടിലേക്ക് രാത്രി വിളിച്ചു വരുത്തിയ ശേഷം, കമ്പിവടി കൊണ്ട് തലക്കടിച്ച് വീഴ്ത്തി കൊലപാതകം നടത്തുകയായി രുന്നുവെന്ന് സമ്മതിക്കുകയായിരുന്നു
ദൃക്സാക്ഷികൾ ഇല്ലാത്ത ഈ കേസിൽ കൃത്യസ്ഥത്തു നിന്നും ലഭിച്ച കൊല്ലപ്പെട്ടയാളിന്റെ ഷർട്ടിലെ ബട്ടണും കൃത്യ വീടിന്റെ ഭിത്തിയിൽനിന്നും, വീട്ടിലെ കസേരയുടെ പിന്നിൽ നിന്നും ലഭിച്ച രക്ത സാമ്പിളുകളും കൃത്യ സ്ഥലത്തു നിന്നും, മൃതദേഹം കാണപ്പെട്ട സ്ഥലത്തു നിന്നും ലഭിച്ച കാവി മുണ്ടിന്റെ ഭാഗങ്ങളും കേസിൽ നിർണായകമായി.
54 സാക്ഷികളേയും 33 തൊണ്ടി മുതലുകളും 63 പ്രമാണങ്ങളും ടി കേസിൽ ഹാജരാക്കി.
കുറ്റ കൃത്യം തെളിയിക്കുന്നതിലേക്ക് സയന്റിഫിക് ഓഫീസർ അശ്വതി ദാസ് കൃത്യ സ്ഥലത്തെ ഭിത്തിയിൽ നിന്നും കസേരയിൽ നിന്നും ശേഖരിച്ചു നൽകിയ രക്ത സാമ്പിളുകളും കൃത്യസ്ഥലത്തു നിന്ന് ലഭിച്ച കൊല്ലപ്പെട്ടയാൾ കൃത്യസമയം ധരിച്ചിരുന്ന ഷർട്ടിൽ നിന്നും അടർന്നു വീണ ഷർട്ടിന്റെ ബട്ടൻസ്, കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ജയിംസ്കുട്ടി കൊല്ലപ്പെട്ടയാളിന്റെ ശരീര ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് കോടതിയിൽ ഹാജരാക്കിയ സാമ്പിളുകളും, പ്രതികളുടേയും കൊല്ലപെട്ടയാളിന്റെയും Tower Location, CDR എന്നിവയും കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനായ സാജുവർഗീസ്, മൃതദേഹ പരിശോധന നടത്തിയ Dr.ജെയിംസ്സ്കുട്ടി,ഫോൺ രേഖകൾ ഹാജരാക്കിയ idea നോഡൽ ഓഫീസർ സൂര്യാ സുരേന്ദ്രൻ എന്നിവരുടെ മൊഴികളും കേസിൽ നിർണായകമായി. വിചാരണ വേളയുടെ തുടക്കത്തിൽ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം മൂലം ഭയന്ന് പല സാക്ഷികളും കൂറുമാറിയെങ്കിലും സാഹചര്യതെളിവു കളുടേയും, ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
കുറ്റം തെളിയിക്കുക എന്നത് ഏറെ ശ്രമകരമായ ഈ കേസിൽ കേസന്വേഷണത്തിൽ ഈസ്റ്റ് പോലീസ്‌സ്റ്റേഷൻ CI ആയിരുന്ന സാജുവർഗീസ്സി നൊപ്പം, അന്ന് പാമ്പാടി CI ആയിരുന്ന U ശ്രീജിത്ത്, SI രഞ്ജിത് വിശ്വനാഥൻ ഇപ്പോൾ SI മാരായ ജോർജ് V ജോൺ, സജു P M,എന്നിവർ പങ്കെടുത്തിരുന്നു. ശ്രീ സാജു വർഗ്ഗീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച 8 കൊലപാതക കേസ്സുകളിൽ 7 കേസ്സുകളിൽ ജീവപര്യന്തവും പ്രമാദമായ പാറമ്പുഴ കൊലക്കേസിൽ പ്രതിക്ക് വധശിക്ഷയും വിധിക്കാൻ കാരണം അദ്ദേഹത്തിന്റെ അന്വേഷണ മികവാണ്.
ഈ കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: സിറിൽ തോമസ് പാറപ്പുറം, അഡ്വ: ധനുഷ് ബാബു, അഡ്വ: സിദ്ധാർത്ഥ് എസ് എന്നിവർ ഹാജരായി. ടി കേസിന്റെ വിചാരണവേളയിൽ പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി കോട്ടയം ഈസ്റ്റ് SI മനോജ് കുമാർ ദൈനംദിന ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു
0 Comments