എസ്. ഹരീഷിനും ഫാസില്‍ മുഹമ്മദിനും പി.എസ്. റഫീക്കിനും പത്മരാജന്‍ പുരസ്‌കാരം


 പി പത്മരാജന്‍ ട്രസ്റ്റിന്റെ 2024ലെ മികച്ച നോവല്‍, കഥ, തിരക്കഥ, ചലച്ചിത്ര സംവിധാനം, പുതുമുഖ നോവലിസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസില്‍ മുഹമ്മദിനാണ് മികച്ച ചലച്ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം. 40000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

 എസ് ഹരീഷിന്റെ പട്ടുനൂല്‍പ്പുഴുവാണ് മികച്ച നോവല്‍. 20000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പി എസ് റഫീക്കിനാണ്(ഇടമലയിലെ യാക്കൂബ്) ചെറുക്കഥ പുരസ്‌കാരം.15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 


 പുതുമുഖ രചയിതാവിനുള്ള ആദ്യരചനയ്ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ടെയ്ല്‍സ് ഓഫ് ഇന്ത്യ പുരസ്‌കാരത്തിന് ഐശ്വര്യ കമല(നോവല്‍ വൈറസ്) അര്‍ഹയായി. ബോയിങ് വിമാനത്തിന്റെ വാലറ്റത്തിന്റെ മാതൃകയില്‍ പളുങ്കില്‍ തീര്‍ത്ത അവാര്‍ഡ് ശില്‍പ്പവും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്ന സ്ഥലങ്ങളില്‍നിന്നും പുരസ്‌കാരജേതാവ് തെരഞ്ഞെടുക്കുന്ന ഏത് സ്ഥലത്തേക്കും തിരിച്ചുമുള്ള സൗജന്യ വിമാന ടിക്കറ്റുമാണ് അവാര്‍ഡ്. 

 ഉണ്ണി ആര്‍ അധ്യക്ഷനും ജി ആര്‍ ഇന്ദുഗോപന്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള സമിതി സാഹിത്യപുരസ്‌കാരങ്ങളും ടി കെ രാജീവ്കുമാര്‍ അധ്യക്ഷനും വിജയകൃഷ്ണന്‍, എസ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സമിതി ചലച്ചിത്ര പുരസ്‌കാരങ്ങളും നിര്‍ണയിച്ചത്.  


ഈ മാസം 30 ന് വൈകിട്ട് 5.30 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. തുടര്‍ന്ന് ഫെമിനിച്ചി ഫാത്തിമ പ്രദര്‍ശിപ്പിക്കും. പ്രവേശനം പാസ് മുഖേന. 

 വാര്‍ത്താസമ്മേളനത്തില്‍ പത്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്,പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി, എയര്‍ഇന്ത്യ എക്സ്പ്രസ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഹെഡ് പി ജി പ്രഗീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments