ചേർപ്പുങ്കൽ വൺവേ സംവിധാനം പുനസ്ഥാപിക്കുന്നു




 ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ വൺവേ സംവിധാനം പുനസ്ഥാപിക്കുവാൻ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റിയുടെ തീരുമാന പ്രകാരം 30.05.2025, വെള്ളിയാഴ്ച പാലായിലേക്ക് പോകുന്ന എല്ലാ ബസ്സുകളും കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ്സുകളും ചിറയ്ക്കൽ പാലം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പഴയ റോഡിലൂടെ വന്ന് ഇൻഡ്യാർ ജംഗ്ഷനിൽ ഹൈവേയിൽ പ്രവേശിക്കുക. ചേർപ്പുങ്കൽ ചകിണിപാലത്തിന്റെ സംരക്ഷണഭിത്തി തകർന്നതുമൂലം  പാലത്തിലൂടെയുള്ള ഗതാഗതം. പിഡബ്ല്യുഡി തടഞ്ഞിരുന്നു. ഇതുമൂലം എല്ലാ ബസ്സുകളും ചേർപ്പുങ്കൽ ഹൈവേയിലൂടെയാണ് പൊയ്കൊണ്ടിരിക്കുന്നത്. 


ചേർപ്പുങ്കൽ പള്ളി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചേർപ്പുങ്കൽ മെഡിസിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മൂലം ഹൈവേ ജംഗ്ഷനിൽ രൂക്ഷമായ ഗതാഗതകുരുക്കും അപകടങ്ങളും പതിവായിരുന്നു. ചകിണിപാലത്തിന് സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ.ഡി.എഫ് കിടങ്ങൂർ പഞ്ചായത്ത് കമ്മിറ്റിയും ചേർപ്പുങ്കലിലെ വ്യാപാരി വ്യവസായികളും ഓട്ടോറിക്ഷാ തൊഴിലാളികളും സംയുക്തമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ച 34.20 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിക്കുകയും പിഡബ്ല്യുഡി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.


 ഇതിനെ തുടർന്നാണ് സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിളിച്ചുകൂട്ടി ചേർപ്പുങ്കൽ കൂടിയുള്ള വൺവേ സംവിധാനം പുനസ്ഥാപിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കാൻ തീരുമാനിച്ചത്. യോഗത്തിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൺവീനർ, കിടങ്ങൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മഹേഷ് കെ എൽ, ചെയർമാൻ, പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ.എം ബിനു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, പാലാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ട‌ർ ശിവകുമാർ എസ് എൻ, പഞ്ചായത്ത് മെമ്പർമായ മിനി ജെറോം, ബോബി മാത്യു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മിനിജ പി തോമസ് എന്നിവർ സംബന്ധിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments