ഫുൾ A+ ദുരന്തം നൽകി കാലവർഷം...


 നേരത്തെ എത്തിയ കാലവർഷം ഈ സാധു കുടുംബത്തിന് സമ്മാനിച്ചത് ഫുൾ എ പ്ലസ് ദുരന്തം.

മേലുകാവ് - ഇടമറുക് കൈലാസം  ഒൻപതാം വാർഡിൽ തെങ്ങും തോട്ടത്തിൽ ധന്യയുടെ വീടാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലും മേൽക്കൂരയും ഭിത്തിയും തകർന്ന്  ഇടിഞ്ഞതാണ് വാസയോഗ്യമല്ലാതായി മാറിയത്.
 
ധന്യയുടെ ഭർത്താവ് മനോജ്‌ മൂന്ന് വർഷം മുൻപ് മരണപ്പെട്ടതാണ്.
 2 മക്കളും ധന്യയും ആണ് വീട്ടിൽ ഉണ്ടായിരുന്നത്.അപകടത്തിൽ നിന്നും ഇവർ  അത്ഭുതകരമായാണ്  രക്ഷപെട്ടത്.


കുടുംബ സ്വത്ത് സ്വന്തം പേരിൽ അല്ലാതിരുന്നതിനാൽ ലൈഫ് പദ്ധതിയിൽ ഇവരുടെ പേര് ഉൾപ്പെട്ടിരുന്നില്ല. പിന്നീട് ഏറെ ക്ലേശപ്പെട്ട് ഈ വീട് സ്വന്തം  പേരിൽ ചേർത്തു കഴിഞ്ഞ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ആണ് അവശേഷിച്ചിരുന്ന വീടും ഇടിഞ്ഞു താണത്.

പ്ലസ് ടു പരീക്ഷയിൽ  എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ മൂത്ത മകൻ മിഥുൻ മനോജിനും  അനിയത്തി എട്ടാം ക്ലാസുകാരി മന്യ മനോജിനും വീട് നഷ്ടപ്പെട്ടതോടെ പുതിയ വിദ്യാഭ്യാസ വർഷത്തിൽ ഏറെ സങ്കടമാണ്.


സാമ്പത്തികമായി ഏറെ  പിന്നാക്കാവസ്ഥയിൽ കഴിയുന്ന ധന്യയ്ക്കും മക്കൾക്കും ആശ്രയമായിരുന്ന ഈ വീട് നഷ്ടപ്പെട്ടത് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് ,പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ്, മെമ്പർ അഖില മോഹൻ, ഭരണങ്ങാനം വില്ലേജ് ഓഫീസർ ഡെന്നി എന്നിവർ സന്ദർശിച്ചു.


ഇനി ഉടനെ സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു  വീട് നേടുക എന്നുള്ളത് ഏറെ കാലതാമസം നേരിടുന്ന കാര്യമാണ്.
ദിവസക്കൂലിക്ക് ലഭിക്കുന്ന വരുമാനം കൊണ്ട് ഒരു വീട് തീർക്കുവാനോ വാടകവീട്ടിൽ പോയി താമസിക്കുവാനോ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ സന്മനസ്സ് ആയിട്ടുള്ളവർ, സന്നദ്ധ സംഘടനകൾ എന്നിവർ കുടുംബത്തിന് ചെറിയൊരു വീട് നൽകി തരുവാൻ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments