രാമപുരത്തെ തുടര്‍ച്ചയായ വൈദ്യുതി തടസ്സം, പറഞ്ഞിട്ടും ഒരു രക്ഷയുമില്ല ഇനി ഞങ്ങള്‍ക്ക് പൂട്ടിക്കെട്ടിക്കുകയേ മാര്‍ഗ്ഗമുള്ളൂ, സഹികെട്ട് രാമപുരത്തെ വ്യാപാരികള്‍



സുനില്‍ പാലാ
 
കെ.എസ്.ഇ.ബി. രാമപുരം സെക്ഷന് കീഴിലെ തുടര്‍ച്ചയായുള്ള വൈദ്യുതി തടസ്സത്തില്‍ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന മുന്നറിയിപ്പുമായി വ്യാപാരികള്‍ രംഗത്ത്.

രാമപുരത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറെ നാളുകളായി അനുഭവപ്പെടുന്ന തുടര്‍ച്ചയായ വൈദ്യുതി തടസ്സത്തെപ്പറ്റി കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വ്യാപാരികള്‍ യോഗം ചേര്‍ന്ന് വേണ്ടിവന്നാല്‍ സമരം നടത്തണമെന്ന തീരുമാനം കൈക്കൊണ്ടത്.

രാമപുരം ടൗണിലും പരിസരപ്രദേശത്തുമായി നാനൂറില്‍പരം വ്യാപാരികളും മറ്റ് ഉപഭോക്താക്കളുമുണ്ട്. കഴിഞ്ഞ കുറെ ആഴ്ചകളായി തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സം വ്യാപാര മേഖലയെ ആകെ തകര്‍ത്തിരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് പ്രസിഡന്റ് സജി മിറ്റത്താനി, ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുരിശുംമൂട്ടില്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
 

ഹോട്ടലുകള്‍, പവര്‍മില്ലുകള്‍, കൂള്‍ബാറുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, പെട്രോള്‍ പമ്പുകള്‍, കുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടെ നിരവധിയായ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായുള്ള വൈദ്യുതി തടസ്സം മൂലം പ്രവര്‍ത്തിപ്പിക്കാന്‍പോലും സാധിക്കുന്നില്ല. ഇതുമൂലം വളരെയധികം സാമ്പത്തിക നഷ്ടവും ജനങ്ങള്‍ക്ക് ദുരിതവും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

രാമപുരം സെക്ഷന്‍ ഓഫീസിലേക്ക് വിളിച്ചാല്‍ സബ് സ്റ്റേഷനില്‍ തകരാറാണ്, മെയിന്‍ ലൈനില്‍ തകരാറാണ് എന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുകയാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചാലും എടുക്കാനും തയ്യാറാകുന്നില്ല. അടിക്കടിയുണ്ടാകുന്ന വൈദ്യുതി തകരാറും സാമ്പത്തിക മാന്ദ്യവും വ്യാപാരസ്തംഭനത്തിന് കാരണമാകുന്നു. 
 
 
തുടര്‍ച്ചയായുള്ള വൈദ്യുതി തടസ്സം പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാമപുരത്തെ വ്യാപാരികള്‍ പാലാ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് പരാതിയും നല്കി. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരമുണ്ടായില്ലെങ്കില്‍ ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷന്‍ ഓഫീസ് ഉപരോധിക്കുന്നതുള്‍പ്പെടെയുള്ള സമര പരിപാടികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ സജി മിറ്റത്താനിയും ജോര്‍ജ്ജ് കുരിശുംമൂട്ടിലും മുന്നറിയിപ്പ് നല്‍കി.


വാര്‍ത്ത വന്നപ്പോള്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ കാടുംപടലും തെളിച്ചു

കഴിഞ്ഞ ദിവസം കൊടുത്ത വാര്‍ത്തയില്‍ ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂളിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ കാടും പടലും കയറിയതും ചിത്രം സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിക്കിടന്ന കാട്ടുപള്ളകള്‍ വെട്ടിനീക്കാന്‍ കെ.എസ്.ഇ.ബി. ജീവനക്കാര്‍ തയ്യാറാവുകയായിരുന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments