പൂരത്തിൽ മേളപ്പെരുക്കത്തിന് ഇത്തവണ വനിതകളും.... പാണ്ടി മേളം കൊട്ടാൻ അശ്വതിയും അർച്ചനയും...
തൃശൂർ പൂരത്തിന്റെ 228 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ മേളം കൊട്ടിക്കയറാൻ സ്ത്രീകളും. പൂരത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണെന്ന വിമർശനം നേരത്തെയുണ്ട്. എന്നാൽ ഇത്തവണ ആ വിമർശനത്തിനു മാറ്റം വരികയാണ്. കണിമംഗലം ശാസ്താവ് എഴുന്നള്ളുമ്പോൾ ജിതിൻ കല്ലാട്ട് നയിക്കുന്ന പാണ്ടി മേളത്തിന്റെ മുൻനിരയിൽ ചെണ്ടയുമായി രണ്ട് വനിതകളുമുണ്ടാകും. കുടുംബത്തിന്റെ പിന്തുണയുമായി ചരിത്രമെഴുതാൻ ഒരുങ്ങുകയാണ് അശ്വതിയും അർച്ചനയും.
പുരുഷൻമാർ അടക്കി വാഴുന്ന മേള നിരയിലേക്ക് എത്തുന്ന അർച്ചന ജിതിന്റെ ഭാര്യയാണ്. കഴിഞ്ഞ ഒന്നര വർഷമായി ചെണ്ട അഭ്യസിക്കുന്നു. അശ്വതിയാകട്ടെ 7 വർഷമായി താള വാദ്യങ്ങളുടെ ലോകത്ത് സഞ്ചരിക്കുന്നു. കുട്ടിക്കാലം മുതൽ തൃശൂർ പൂരം കാണുന്നുണ്ട്. മേളത്തിന്റെ താളവും പൂരത്തോടുള്ള സ്നേഹവും എപ്പോഴും രക്തത്തിലുണ്ട്. കുട്ടിക്കാലത്ത് ചെണ്ട പഠിക്കാൻ തങ്ങൾക്കു അവസരം ലഭിച്ചില്ല. മകൻ ചെണ്ട പഠിക്കാൻ ആരംഭിച്ചപ്പോൾ അവന്റെ സ്വപ്നങ്ങൾക്ക് കൂട്ടായി താനും പഠനം ആരംഭിക്കുകയായിരുന്നുവെന്നു അശ്വതി പറഞ്ഞു.
അർച്ചനയും തന്റെ കുട്ടി പഠിക്കാൻ തുടങ്ങിയപ്പോഴാണ് ചെണ്ട പഠനം ആരംഭിച്ചത്. ഭർത്താവായ ജിതിൻ തന്നെയാണ് ഗുരുനാഥൻ. അശ്വതി പഠിക്കുന്നത് കണ്ടപ്പോഴാണ് തനിക്കും മേളം പഠിക്കാൻ ശ്രമിക്കണമെന്ന് തോന്നിയതെന്നും അർച്ചന പറയുന്നു. തൃശൂർ പൂരത്തിനു കൊട്ടാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അശ്വതിയും അർച്ചനയും. പൂരത്തിൽ പത്ത് വർഷം പൂർത്തിയാക്കിയ ജിതിനാകട്ടെ ഇരുവരേയും ഒപ്പം കൂട്ടാനായത് അഭിമാനകരമായ നേട്ടമായും കാണുന്നു.
1 Comments
Please correct those names, Archana is not Jithin's wife, correct it, you messed the names.
ReplyDelete