അനുദിനം തിരക്കേറി വരുന്ന തൊടുപുഴ നഗരത്തില്‍....ഗതാഗതം തോന്നിയ പോലെ.... നിയന്ത്രണം കടലാസില്‍ മാത്രം


അനുദിനം ഗതാഗത തിരക്കേറി വരുന്ന തൊടുപുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണം കടലാസില്‍ മാത്രം. ഗതാഗത കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ട്രാഫിക് പരിഷ്‌കരണമാണ് ഇന്നും നഗരത്തില്‍ പിന്തുടരുന്നത്. അന്നത്തെ സാഹചര്യത്തില്‍ നിന്നും വാഹനങ്ങളും തിരക്കും ഇരട്ടിയിലധികമായി വര്‍ധിച്ചെങ്കിലും അടുത്ത നാളിലൊന്നും ഗതാഗത പുനഃക്രമീകരണം ഉണ്ടായിട്ടില്ല. ഇതിന് പുറമേ മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണങ്ങളും ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളുമൊന്നും പാലിക്കപ്പെടുന്നുമില്ല. നഗരത്തിലെ പ്രധാന ബൈപ്പാസുകളിലെന്നതിലുപരി നഗരത്തിലേക്കെത്തുന്ന ചെറു റോഡുകളില്‍ ഇത്തരം നിയന്ത്രണ ലംഘനം ഉണ്ടാകുന്നതാണ് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്.


 ഇത്തരത്തില്‍ തൊടുപുഴ നഗരത്തിലേക്കെത്തുന്നതില്‍ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് കാരിക്കോട് നിന്നും ന്യൂമാന്‍ കോളജ് വഴി മങ്ങാട്ട്കവല – കാഞ്ഞിരമറ്റം ജങ്ഷന്‍ ബൈപ്പാസിലേക്കുള്ളത്. റോഡിന്റെ ഇരുവശങ്ങളിലും ഭാരവാഹനങ്ങള്‍ ഇതുവഴി പോകുന്നത് നിരോധിച്ചതായി രേഖപ്പെടുത്തി ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ രാപകല്‍ വ്യത്യാസമില്ലാതെ വലിയ വാഹനങ്ങള്‍ ഇതുവഴി നിര്‍ബാധമാണ് സഞ്ചരിക്കുന്നത്. ഇത്തരത്തിലുള്ള നിയമലംഘനം മൂലം ഈ റോഡില്‍ ഗതാഗത കുരുക്കുണ്ടാകുക പതിവാണ്. ഇതിന് പുറമേ റോഡിനിരുവശവുമുള്ള വൈദ്യുതി – കേബിള്‍ ലൈനുകള്‍ മുറിഞ്ഞ് പോകുന്നതും പതിവ് സംഭവമാണ്. 


ഭാര വാഹനങ്ങളില്‍ ഉയരത്തില്‍ ലോഡ് കയറ്റി ഇതുവഴിയെത്തുന്നതാണ് ലൈനുകള്‍ പൊട്ടിപ്പോകുവാന്‍ കാരണം. ഇതോടൊപ്പം വീതി കുറഞ്ഞ റോഡിലൂടെ ഭാര വാഹനങ്ങള്‍ വരുന്നത് ചെറു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ഗതാഗത കുരുക്ക് ഏറെ സമയം നീണ്ടു നില്‍ക്കും. ഇതിനിടെ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുകയും ചെയ്യാറുണ്ട്. ഇതേച്ചൊല്ലിയുള്ള സംഘര്‍ഷവും വാക്കേറ്റവും നിത്യസംഭവമായി മാറിയിട്ടുണ്ട്. പോലീസ് – മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments