യു.ഡി.എഫ് ആരോപണം അടിസ്ഥാനരഹിതം: സോജൻ തൊടുക
മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കിഴപറയാറിൽ പൂർത്തിയാക്കിയ പുതിയ ഒ.പി.ബ്ലോക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മനപ്പൂർവം വൈകിച്ചെന്ന യു.ഡി.എഫ് ആരോപണം തികച്ചും അടിസ്ഥാന രഹിതമെന്ന് മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുക.
മാണി.സി.കാപ്പൻ എം..എൽ.എ അധ്യക്ഷനായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കുന്നതുമായ ചടങ്ങ് ഈ മാസം തന്നെ നടത്തുവാൻ പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. ഈ തീരുമാനം പഞ്ചായത്ത് മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം, അടുത്ത ആഴ്ച തന്നെ നടത്താൻ നിശ്ചയിച്ചിരുന്ന ഉദ്ഘാടന ചടങ്ങിന് എത്താമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉറപ്പു നൽകിയിരുന്നതാണ്. ഇക്കാര്യം ബന്ധപ്പെട്ട എല്ലാവരെയും പഞ്ചായത്ത് അറിയിച്ചതാണ്. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് നാലു മാസം അവശേഷിക്കെ, ഉദ്ഘാടന ചടങ്ങിന് സമയമില്ല എന്ന യു.ഡി.എഫ് വാദവും ഇതോടെ പൊളിയുകയാണ്.
കൂടാതെ മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാനവികസനത്തിനും മരുന്നിനുമായി ഓരോ വർഷവും 40 ലക്ഷം രൂപയും പുതിയ ബ്ലോക്കിനായി ഈ വർഷം 6 ലക്ഷം രൂപയുടെ ഫർണിച്ചറും മീനച്ചിൽ പഞ്ചായത്ത് നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെ മന:പ്പൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമമായി ഇതിനെ കാണേണ്ടിയിരിക്കുന്നു. പഞ്ചായത്ത് മുൻകൈയെടുത്ത് നടത്തേണ്ട ചടങ്ങിന് ഏകപക്ഷീയമായി തീയതി നിശ്ചയിച്ച് ഉദ്ഘാടനം നടത്താനുള്ള എം.എൽ.എയുടെയും യു.ഡി.എഫിന്റെയും നീക്കം തികച്ചും അപഹാസ്യമാണെന്നും സോജൻ തൊടുക അഭിപ്രായപ്പെട്ടു.
0 Comments