മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കും.
‘ഫോർ ദി ടൈം’ എന്ന പേരിലാണ് ഇത്തവണത്തെ കലയുടെ മഹത്തായ ആഘോഷം. 110 ദിവസം നീളുന്ന ബിനാലെ ഇത്തവണയും ലോകമെങ്ങുമുള്ള ജനങ്ങളെ ആകർഷിക്കുന്നതായിരിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ആർട്ടിസ്റ്റ് നിഖിൽ ചോപ്രയാണ് ക്യൂറേറ്റർ.
ഗോവ ആസ്ഥാനമായുള്ള കലാകാരന്മാരുടെ സംഘടന എച്ച്എച്ച് ആർട്ട് സ്‌പെയ്‌സസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആർട്ടിസ്റ്റാണ് നിഖിൽ ചോപ്ര. ഡ്രോയിങ്, ഫോട്ടോഗ്രാഫി, ശിൽപം, ഇൻസ്റ്റാളേഷൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ മികവ് തെളിയിച്ച കലാകാരനാണ് നിഖിൽ. 2014 നും 2017 നും ഇടയിൽ കൊച്ചി മുസിരിസ് ബിനാലെ, 12-ാമത് ഷാർജ ബിനാലെ, ഡോക്യുമെന്റ 14 എന്നിവയിൽ അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ചർച്ചകൾ, കലാ പ്രകടനങ്ങൾ, വർക്ക്‌ഷോപ്പുകൾ, ചലച്ചിത്ര പ്രദർശനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും ഇത്തവണത്തെ പ്രത്യേകതയാണ്. വിദ്യാർഥികളുടെ ബിനാലെ, കുട്ടികളുടെ കല, റെസിഡൻസി പ്രോഗ്രാം എന്നിവയുൾപ്പെടെയുള്ള പരിപാടികളും അന്താരാഷ്ട്ര പ്രദർശന വേദിയിൽ അരങ്ങേറും.
ഏക കേന്ദ്രത്തിലെ പ്രദർശന പരിപാടി എന്നതിലുപരിയായി വിശാലമായൊരു കാഴ്ചപ്പാടിലാണ് ഇത്തവണത്തെ പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നതെന്നു കൊച്ചി ബിനാലെ ഫൗണ്ടേഷൻ വ്യക്തമാക്കി. വലിയ ചർച്ചകൾക്കുള്ള വേദി കൂടിയാണ് ബിനാലെയെന്നും സംഘാടകർ വ്യക്തമാക്കുന്നു. പങ്കെടുക്കുന്ന കലാകാരൻമാരുടെ പട്ടിക ഒക്ടോബർ പുറത്തിറക്കുമെന്നും കെബിഎഫ് അധികൃതർ വ്യക്തമാക്കി.
0 Comments