അനാഥാലയത്തില്‍ മരിച്ചയാളിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ മകനും കുടുംബവും വീടുപൂട്ടി പോയി. വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിനു കിടത്തിയ മൃതദേഹം മണിക്കൂറുകള്‍ക്കുശേഷം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. തൃശ്ശൂര്‍ അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശി പ്ലാക്കന്‍ തോമസി(79)ന്റെ മൃതദേഹമാണ് വീടിനു പുറത്ത് കിടത്തേണ്ടിവന്നത്. മകന്റെയും മരുമകളുടെയും മര്‍ദനത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ തോമസും ഭാര്യ റോസിലി(76)യും മാസങ്ങളായി വിവിധ അനാഥമന്ദിരങ്ങളിലാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് മകനും മരുമകളും ചേര്‍ന്ന് മര്‍ദിക്കുന്നതായി കാണിച്ച് തോമസും ഭാര്യ റോസിലിയും അന്തിക്കാട് പോലീസില്‍ പരാതി നല്‍കിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥ മാലാ രമണന്റെ നേതൃത്വത്തില്‍ ഇവരെ മണലൂരിലും കാരമുക്കിലുമുള്ള അനാഥമന്ദിരങ്ങിലേക്ക് മാറ്റുകയായിരുന്നു. അരിമ്പൂരിലെ തീപ്പെട്ടിക്കമ്പനിയിലെ തൊഴിലാളിയായിരുന്നു തോമസ്.
തോമസിന്റെ വരുമാനം നിലച്ചതോടെ ദമ്പതിമാരോട് മരുമകള്‍ ശത്രുതാ നിലപാട് കൈക്കൊണ്ടതായും റോസിലിയെ മരുമകള്‍ സ്ഥിരമായി മര്‍ദിക്കാറുള്ളതായും കാണിച്ചായിരുന്നു പോലീസിലെ പരാതി. ബുധനാഴ്ച പുലര്‍ച്ചെ മരിച്ച തോമസിന്റെ മൃതദേഹം ബന്ധുക്കള്‍ ചേര്‍ന്ന് കൈപ്പിള്ളിയിലുള്ള വീട്ടിലെത്തിച്ചപ്പോള്‍ മകന്‍ വീടുപൂട്ടി സ്ഥലംവിട്ടതായി നാട്ടുകാര്‍ പറഞ്ഞു.
തോമസിന്റെ ഭാര്യയും മകള്‍ ജോയ്‌സിയും ബന്ധുക്കളുമടക്കം വീട്ടുമുറ്റത്ത് മൃതദേഹവുമായി ആറു മണിക്കൂറോളം ഇരുന്നു. മകനുമായി പലരും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വൈകീട്ട് എറവ് സെയ്ന്റ് തെരേസാസ് കപ്പല്‍പ്പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.
0 Comments