ബൈക്കിൻ്റെ അമിതവേഗം ചോദ്യം ചെയ്തതിനെ തുടർന്ന് നാലംഗ സംഘം നടത്തിയ ആക്രമണത്തിൽ വീട്ടമ്മ അടക്കം മൂന്നു പേർക്ക് പരിക്ക്. കുറ്റൂർ കാഞ്ഞിരത്താം മോഡിയിൽ പണ്ടാത്തയിൽ വീട്ടിൽ ത്രേസ്യാമ്മ വർഗീസ് (65), മക്കളായ ജോൺ പി. വർഗീസ് (43), റെനി പി. വർഗീസ് (41) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തു.
വെള്ളിയാഴ്‌ച വൈകിട്ട് ആറു മണിയോടെ ത്രേസ്യാമ്മയുടെ വീടിന് സമീപമായിരുന്നു സംഭവം. യുവാക്കൾ സഞ്ചരിച്ചിരുന്ന അമിത വേഗത്തിലെത്തിയ ബൈക്ക് എതിരെ വരികയായിരുന്ന ജോൺ പി. വർഗീസിൻ്റെ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കാൻ ഒരുങ്ങി.
സ്‌കൂട്ടർ നിർത്തിയ ജോൺ ബൈക്കിൻ്റെ അമിതവേഗം ചോദ്യം ചെയ്തു. ഇതേതുടർന്ന് ബൈക്കിലെത്തിയ ഇരുവരും ചേർന്ന് ജോണിനെ മർദ്ദിക്കുകയായിരുന്നു. ജോണിന്റെ നിലവിളി കേട്ട് ത്രേസ്യാമ്മ വീട്ടിൽ ഉണ്ടായിരുന്ന ഇളയ മകൻ റെനിയെയും കൂട്ടി ഓടിയെത്തി. മർദ്ദനത്തിൽ നിലത്തു വീണു കിടന്നിരുന്ന ജോണിനെ എഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിനിടെ സംഘത്തിൽ ഉൾപ്പെട്ട രണ്ടുപേർ കൂടി ബൈക്കിൽ എത്തി. തുടർന്ന് നാലുപേരും ചേർന്ന് മൂവരെയും അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടിയതോടെ സംഘം ബൈക്കിൽ രക്ഷപെട്ടു. ഹെൽമെറ്റ് ഉപയോഗിച്ചുള്ള മർദനത്തിൽ ഇടതുനെറ്റിയിൽ ചതവും ഇടതുകൈയ്യുടെ അസ്ഥിക്ക് പൊട്ടലും ഏറ്റ റെനി പി. വർഗീസ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘത്തിൽ ഒരാൾ കൈപിടിച്ച് തിരിച്ചതിനെ തുടർന്ന് ത്രേസ്യാമ്മയുടെ വലതു കൈക്ക് പരിക്കേറ്റു. തലക്കടിയേറ്റ ജോൺ പി. വർഗീസിന്റെ കർണ്ണപുടത്തിനാണ് പരിക്ക്. ഇരുവരും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
0 Comments