ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവം: നടപടിയ്ക്ക് ഡി ജി പി നിർദ്ദേശം നൽകി
ഓടുന്ന ബസിൽനിന്നു റോഡിലേക്കു വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവത്തിൽ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് ഡി ജി പി നിർദ്ദേശം നൽകിയത്. സംഭവത്തിനിടയാക്കിയ ബസിൻ്റെ പെർമിറ്റ് റദ്ദാക്കണമെന്നും ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കി കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. അപകടസമയത്ത് ബസിൻ്റെ വാതിലുകൾ തുറന്ന നിലയിലായിരുന്നുവെന്നും സുരക്ഷാവീഴ്ച വരുത്തിയിട്ടുണ്ടെന്നും പരാതിയിൽ എബി ജെ ജോസ് ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിലെ ആനിത്തോട്ടം ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബസ് സ്റ്റോപ്പിലെ കടയിലെ സിസിടിവിയിൽ ദൃശ്യങ്ങളിൽ ഓടുന്ന ബസിൽനിന്നു കുട്ടി തെറിച്ചു വീഴുന്നതും ബസ് നിർത്താതെ പോകുന്നതുമായ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന 'വാഴയിൽ' എന്ന സ്വകാര്യ ബസിൽനിന്നാണു വി ദ്യാർഥിനി റോഡിലേക്കു തെറിച്ചു വീണത്. കാഞ്ഞിരപ്പള്ളി ടൗണിലെ സ്കൂളിൽ ഏഴാം ക്ലാസിൽ പഠി ക്കുന്ന വിദ്യാർഥിനിയാണ് അപകടത്തിൽപെട്ടത്.
മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സ്വമേധയാ കേസെടുക്കാത്ത പോലീസ് നടപടിയെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ വിമർശിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ഫൗണ്ടേഷൻ നിർദ്ദേശിച്ചു.
0 Comments