കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പാചരണവും ബൈബിൾ കൺവൻഷനും 28 മുതൽ സെപ്റ്റംബർ എട്ടുവരെ



കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പാചരണവും
ബൈബിൾ കൺവൻഷനും 28 മുതൽ സെപ്റ്റംബർ എട്ടുവരെ

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ബൈബിൾ കൺവൻഷനും ദൈവമാതാവിന്റെ പിറവി തിരുനാളിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മോനാച്ചേരി, സീനിയർ അസി.വികാരിയും തിരുനാൾ കമ്മിറ്റി  ജനറൽ കൺവീനറുമായ ഫാ. ജോസഫ് മണിയഞ്ചിറ എന്നിവർ അറിയിച്ചു.
ലക്ഷോപലക്ഷങ്ങളിലേക്ക് ദൈവവചനം സമ്മാനിച്ച കുറവിലങ്ങാട് ബൈബിൾ കൺവൻഷൻ ഇക്കുറി ഒരു പതിറ്റാണ്ട് പിന്നിടുകയാണ്. കൺവൻഷൻ 28 മുതൽ സെപ്റ്റംബർ ഒന്നുവരെ തിയതികളിൽ നടക്കും. ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. ബിനോയി കരിമരുതുങ്കൽ എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
കൺവൻഷൻ ദിവസങ്ങളിൽ പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. ഡോ. ജോസഫ് മലേപറമ്പിൽ, മോൺ.ഡോ. സെബാസ്റ്റിയൻ വേത്താനത്ത്, മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, മുട്ടുചിറ റൂഹാദ്ക്കുദിശ ഫൊറോന വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയിൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം നാലുമുതൽ ഒൻപതുവരെയാണ് കൺവൻഷൻ.


ഈ വർഷം മുതൽ കുറവിലങ്ങാട് മുത്തിയമ്മ തീർത്ഥാടനങ്ങളും

സെപ്റ്റംബർ ഒന്നിന് ദൈവമാതാവിന്റെ ജനനതിരുനാളിന് കൊടിയേറും. നോമ്പിലെ എല്ലാദിവസങ്ങളിലും വിവിധ ഇടവകകളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും മുത്തിയമ്മ തീർത്ഥാടനങ്ങളെത്തുമെന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. മുട്ടുചിറ റൂഹാദ്ക്കുദിശ ഫൊറോന, രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന ഇടവക, കാളികാവ് സെന്റ് സെബാസ്റ്റിയൻസ് ഇടവക, രത്‌നഗിരി സെന്റ് തോമസ് ഇടവക, കത്തോലിക്കാ കോൺഗ്രസ് , ഡിസിഎംഎസ് , എസ്എംവൈഎം, ജീസസ് യൂത്ത്, പിതൃവേദി രൂപതാതല സമിതികൾ, മാതൃവേദി മേഖല എന്നിങ്ങനെയാണ് പ്രധാന തീർത്ഥാടനങ്ങൾ. ഇടവകയിൽ വിശ്വാസപരിശീലനം നേടുന്ന വിദ്യാർത്ഥികളും വിശ്വാസപരിശീലകരും പങ്കെടുക്കുന്ന തീർത്ഥാടനവും നടത്തുന്നുണ്ട്.

സംഘശക്തിയായി ദിനാചരണങ്ങൾ
നോമ്പിലെ എല്ലാ ദിവസങ്ങളിലും പ്രത്യേക ദിനാചരണങ്ങളും പ്രാർത്ഥനകളും നടത്തും. ആദ്യദിനം കുറവിലങ്ങാട് നസ്രാണി മഹാസംഗമം വാർഷിക ദിനമാണ്. കുടുംബകൂട്ടായ്മ ദിനവും ആദ്യദിവസമാണ്. രണ്ടിന് വയോജനദിനമാണ്. ഇടവകയിലെ മുതിർന്ന പൗരന്മാരുടെ സംഗമം നടത്തും. മൂന്നിന് സഘടനാദിനത്തിൽ ഇടവകയിലെ വിവിധ അത്മായ, ഭക്തസംഘടനകളുടെ നേതൃത്വത്തിൽ ജൂബിലി കപ്പേളയിൽ നിന്ന് റാലിയായി പള്ളിയിലെത്തും. നാലിന് വാഹനവെഞ്ചരിപ്പ് ദിനമാണ്. വാഹനങ്ങൾ മുത്തിയമ്മയുടെ സന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥന നടത്തും. അഞ്ചിന് കർഷക ദിനവും അധ്യാപക ദിനവും അനുരജ്ഞന ദിനവും ഒന്നിച്ച് ആചരിക്കും. കർഷകർ തങ്ങളുടെ വിളവിന്റെയും മറ്റുള്ളവർ വരുമാനത്തിന്റേയും ഒരു വിഹിതം മുത്തിയമ്മയുടെ സന്നിധിയിൽ സമർപ്പിക്കും. ഇത് ഇടവകയുടെ നേതൃത്വത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. ആറിന് സമർപ്പിത ദിനാചരണത്തിൽ  സന്യസ്ത്യരുടേയും വൈദികരുടേയും സംഗമം നടക്കും.  ഏഴിന് കൃതജ്ഞതാദിനത്തിൽ മുത്തിയമ്മയുടെ മധ്യസ്ഥതയിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി ചൊല്ലി ഇടവകയൊന്നാകെ മുത്തിയമ്മയുടെ സന്നിധിയിൽ സംഗമിക്കും. സമാപനദിനമായ എട്ടിന് 10ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് മേരിനാമധാരി സംഗമവും സ്‌നേഹവിരുന്നും നടക്കും.


180 മണിക്കൂർ അഖണ്ഡപ്രാർത്ഥന
എട്ടുനോമ്പിന്റെ മുഴുവൻ സമയവും ഇടവക ദേവാലയം അടയ്ക്കാതെ അഖണ്ഡപ്രാർത്ഥന നടത്തും. ഇടവകയിലെ കുടുംബകൂട്ടായ്മ യൂണിറ്റുകൾ, വിവിധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് പ്രാർത്ഥന നയിക്കുന്നത്. ഓരോ യൂണിറ്റുകൾക്കുമായി പ്രത്യേകസമയം നിശ്ചയിച്ച് നൽകിയിട്ടുണ്ട്. എട്ടുനോമ്പിന്റെ ദിനങ്ങളിൽ മുഴുവൻ സമയം പള്ളിയിൽ താമസിച്ച് പ്രാർത്ഥനയും സങ്കീർത്തനാലാപനവുമായി കഴിഞ്ഞിരുന്നത് കുറവിലങ്ങാടിന്റെ പാരമ്പര്യമായിരുന്നു. ഇതിന്റെ തുടർച്ചയാണ് അഖണ്ഡപ്രാർത്ഥന. കരുണയുടെ വർഷാചരണത്തിൽ 341 ദിനം രാപ്പകൽഭേദമില്ലാതെ ഇടവകദേവാലയം തുറന്നിട്ട് പ്രാർത്ഥിച്ചതിന്റെ ഓർമ്മകളുണർത്തിയാണ് അഖണ്ഡപ്രാർത്ഥന.

തിരുസ്വൂരൂപം സംവഹിക്കാൻ നാടൊഴുകിയെത്തും
എട്ടുനോമ്പിന്റെ ദിവസങ്ങളിൽ ജപമാല പ്രദക്ഷിണത്തിൽ തിരുസ്വരൂപം സംവഹിക്കാൻ എത്തുന്നത് ഇടവകയുടേയും നാടിന്റേയും പരിച്ഛേദം. സമസ്തമേഖലയിലുമുള്ള മുത്തിയമ്മ ഭക്തരെ ഉൾക്കൊള്ളിച്ചാണ് തിരുസ്വരൂപസംവഹിക്കൽ. ഇടവകയിലെ എല്ലാ അത്മായ, ഭക്തജനസംഘടനകളും തിരുസ്വരൂപം സംവഹിക്കുന്നതിൽ പങ്കാളികളാകും. ഇതിനൊപ്പം നാട്ടിലെ വ്യാപാരികളും ഡ്രൈവർമാരും ഓരോദിവസങ്ങളിൽ മുത്തിയമ്മയെ ചുമലിലേറ്റി തിരുനാളിന്റെ ഭാഗമാകും.  

മുത്തിയമ്മ ഫെലേഷിപ്പ് ഓഫ് നസ്രാണിസീൽ ചേരാം
ലോകമെങ്ങുമുള്ള കുറവിലങ്ങാട് മുത്തിയമ്മ ഭക്തരെ കോർത്തിണക്കുന്ന കുറവിലങ്ങാട് മുത്തിയമ്മ ഫെലോഷിപ്പ് ഓഫ് നസ്രാണീസിൽ ചേരുന്നതിന് കൺവൻഷൻ ദിവസങ്ങളിലും നോമ്പിന്റെ ദിവസങ്ങളിലും അവസരമുണ്ട്. വ്യക്തകളായും കുടുംബങ്ങളായും ഇതിൽ ചേരാവുന്നതാണ്. കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ തുടർച്ചയായി കുറവിലങ്ങാടിനോട് ചേർന്ന് നിൽക്കുന്ന എല്ലാവരേയും ഒരുമിപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഉണരാം ഒരുമിക്കാം ഉറവിടത്തിൽ എന്ന ആഹ്വാനത്തോടെയാണ് ഈ കൂട്ടായ്മയുടെ പ്രവർത്തനം. ഫെലോഷിപ്പ് അംഗങ്ങളുടെ നിയോഗാർത്ഥമാണ് എല്ലാ മാസാദ്യവെള്ളിയാഴ്ചകളിലേയും രാവിലെ 4.3നുള്ള വിശുദ്ധ കുർബാനയർപ്പണം.

സേവനനിരതരായി 501  വോളണ്ടിയർമാർ
കൺവൻഷൻ, തിരുനാൾ എന്നിവയ്ക്ക് നേതൃത്വം നൽകാനും മുത്തിയമ്മ തീർത്ഥാടകരെ വരവേൽക്കാനുമായി 501 അംഗ വോളണ്ടിയർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാദിവസവും തീർത്ഥാടകർക്ക് സേവനം നൽകുന്ന മുത്തിയമ്മ സർവീസ് ടീമിനൊപ്പമാണ് വോളണ്ടിയർമാരുടെ ശുശ്രൂഷ. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി.വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസിസ്റ്റന്റുമാരായ ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, കൈക്കാരന്മാരായ  റെജി തോമസ് മിറ്റത്താനിക്കൽ, ജോസ് പടവത്ത്, വി.സി ജോയി വള്ളോശ്ശേരിൽ, സുനിൽ ജോസഫ് അഞ്ചുകണ്ടത്തിൽ, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, സോൺലീഡർമാരായ ഷൈജു പാവുത്തിയേൽ, ജിയോ കരികുളം, ജോസ് സി. മണക്കാട്ട്, സണ്ണി വെട്ടിക്കാട്ടിൽ, സെക്രട്ടറിമാരായ ജോളി എണ്ണംപ്രായിൽ, ഷൈനി മഞ്ഞപ്പള്ളിൽ, സ്മിത പുതിയിടത്ത്, ആശ കുന്നുമല എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടത്തുന്നത്



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments