മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). നിര്‍ബന്ധമായി ചെയ്യേണ്ട കുട്ടികളുടെ ബയോമെട്രിക് അപ്‌ഡേറ്റ് ഉടന്‍ പൂര്‍ത്തിയാക്കാനാണ് മാതാപിതാക്കളോട് യുഐഡിഎഐ അഭ്യര്‍ഥിച്ചത്. ഏഴു വയസ് തികഞ്ഞ കുട്ടികളുടെ ആധാറിലെ അവരുടെ ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം.
അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ ഫോട്ടോയുടെയും ജനസംഖ്യാ വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ് ആധാര്‍ നല്‍കുന്നത്. ഈസമയത്ത് വിരലടയാളം അല്ലെങ്കില്‍ ഐറിസ് ബയോമെട്രിക്‌സ് ഉള്‍പ്പെടെയുള്ള അവരുടെ ബയോമെട്രിക് വിശദാംശങ്ങള്‍ ശേഖരിക്കുന്നില്ല. എന്നാല്‍ കുട്ടിക്ക് ഏഴു വയസ് തികയുമ്പോള്‍ വിരലടയാളം, ഐറിസ് സ്‌കാന്‍, അപ്‌ഡേറ്റ് ചെയ്ത ഫോട്ടോ തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങള്‍ ആവശ്യമായി വരും.
ഏഴു വയസ് തികഞ്ഞാല്‍ ബയോമെട്രിക് അപ്‌ഡേറ്റ് നിര്‍ബന്ധമാണ്. ബയോമെട്രിക് ഡാറ്റയുടെ വിശ്വാസ്യതയും കൃത്യതയും നിലനിര്‍ത്തുന്നതിന് ബയോമെട്രിക് അപ്‌ഡേറ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണെന്ന് യുഐഡിഎഐ പ്രസ്താവനയില്‍ പറഞ്ഞു.ഏഴു വയസിന് ശേഷവും നിര്‍ബന്ധമായി ചെയ്യേണ്ട ബയോമെട്രിക് അപ്‌ഡേറ്റ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിലവിലുള്ള നിയമം അനുസരിച്ച് ആധാര്‍ നമ്പര്‍ നിര്‍ജ്ജീവമാകാം. അതിനാല്‍ മാതാപിതാക്കളും രക്ഷിതാക്കളും അവരുടെ കുട്ടികളുടെ ബയോമെട്രിക്‌സ് ആധാറില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും പ്രസ്താവനയില്‍ പറയുന്നു.
അഞ്ചു മുതല്‍ ഏഴു വയസ് വരെ പ്രായമുള്ളവര്‍ക്കുള്ള ബയോമെട്രിക് അപ്‌ഡേറ്റ് സൗജന്യമാണ്. ബയോമെട്രിക് അപ്‌ഡേറ്റ് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മാതാപിതാക്കളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് എസ്എംഎസ് സന്ദേശം വഴിയാണ് ഇക്കാര്യം അധികൃതര്‍ അറിയിക്കുന്നത്. ബയോമെട്രിക് അപ്‌ഡേറ്റ് പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ക്ക് ഏത് ആധാര്‍ സേവാ കേന്ദ്രത്തിലും പോകാവുന്നതാണ്. കുട്ടിക്ക് 7 വയസ്സ് തികയുമ്പോള്‍ മാത്രമേ 100 രൂപ അപ്‌ഡേറ്റ് ഫീസായി ഈടാക്കുന്നുള്ളൂ.
0 Comments