ന്യൂനപക്ഷ അവകാശ സംരക്ഷണം ക്രൈസ്തവർ മുന്നിട്ടിറങ്ങണം; ഫാ. ഫിലിപ്പ് കവിയിൽ
ഭാരതത്തിൻ്റെ ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ ക്രൈസ്തവർ തങ്ങളുടെ സ്വത്വം തിരിച്ചറിയുകയും കൂടുതൽ ശക്തമായി പ്രതികരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ പറഞ്ഞു.കത്തോലിക്കാ കോൺഗ്രസ് രാമപുരം യൂണിറ്റ് മേഖലാ സമിതികൾ സംയുക്തമായി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവർ ഒരു രാഷ്ട്രീയ പാർട്ടികളുടെയും അടിമകളായി മാറാതെ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ നിലപാടുകൾ എടുക്കേണ്ട കാലഘട്ടമാണ് ഇതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സെമിനാറിൽ അധ്യക്ഷത വഹിച്ച രാമപുരം ഫൊറോനാ പളളി വികാരി വെരി. റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം വിഭജനത്തിൻ്റെ ഭീതിഉണർത്തുന്ന ഓർമ്മകൾ ആളികത്തിക്കാനല്ല മറിച്ച് വിഭജനത്തിൻ്റെ മുറിവുകൾ ഉണക്കാനും വ്യതസ്ത ജാതി മത വിഭാഗങ്ങൾക്കിടയിൽ ഐക്യം വളർത്തിയെടുക്കാനുമാണ് ഭരണാധികാരികൾ ശ്രമിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു.
സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ സഭയെയും സമുദായത്തെയും വേർതിരിച്ചുകാണാനും ഭിന്നിപ്പിക്കാനും ചില തൽപരകക്ഷികൾ നടത്തുന്ന ശ്രമങ്ങളെ ജാഗ്രതയോടെ ചെറുത്തുതോൽപ്പിക്കണമെന്നും സഭയും സമുദായവും ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ആഹ്വാനം ചെയ്തു.
ക്രിസ്തീയ മുല്യങ്ങളിൽ അടിയുറച്ച കൂടുതൽ നേതാക്കളെ രാഷ്ടീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലേക്ക് സംഭാവന ചെയ്യാൻ കത്തോലിക്കാ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
കത്തോലിക്കാ കോൺഗ്രസ് രാമപുരം യൂണിറ്റ് പ്രസിഡൻ്റ് ബിനു മാണിമംഗലത്ത്, സെക്രട്ടറി സൈജു കോലത്ത്, മേഖലാ പ്രസിഡൻ്റ് അജോ തൂണുംങ്കൽ, രൂപതാ കമ്മിറ്റി അംഗങ്ങളായ ജോബിൻ പുതിയിടത്തുചാലിൽ, സജി മിറ്റത്താനി, ആൻസമ്മ സാബു, യൂത്ത് കൗൺസിൽ പ്രതിനിധി മെൽബി കൂനമ്മാക്കൽ എന്നിവർ പ്രസംഗിച്ചു.
0 Comments