ഉയരവിളക്കുകളില്‍ നിരീക്ഷണക്യാമറ പദ്ധതിയുമായി ജില്ലാപഞ്ചായത്ത്


ഉയരവിളക്കുകളില്‍ നിരീക്ഷണക്യാമറ പദ്ധതിയുമായി ജില്ലാപഞ്ചായത്ത് 

ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള കിടങ്ങൂര്‍, മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള ജില്ലാ പഞ്ചായത്തുവക മിനിമാസ്റ്റ് ലൈറ്റുകളില്‍ നിരീക്ഷക്യാമറ സ്ഥാപിക്കുന്ന പദ്ധതിക്ക് ജില്ലാ പ്ലാനിംഗ് സമിതിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു. 

കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ള കിടങ്ങൂര്‍ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് വക 200 മിനിമാസ്റ്റ് ലൈറ്റുകളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ 30 മിനിമാസ്റ്റ് ലൈറ്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനാണ് 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. മിനിമാസ്റ്റ് ലൈറ്റുകളില്‍ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി സംസ്ഥാനത്തുതന്നെ ആദ്യമായിട്ടാണ് നടപ്പിലാക്കുന്നത്. മിനിമാസ്റ്റ് ലൈറ്റുകളില്‍ ക്യാമറ സ്ഥാപിക്കുമ്പോള്‍ ചെലവിനത്തില്‍ മുപ്പത് ശതമാനം കുറവുണ്ടാകും. 


നിരീക്ഷണ ക്യാമറയ്ക്കായുള്ള പോസ്റ്റുകള്‍, ആയതിന്റെ ഫൗണ്ടേഷന്‍, വൈദ്യുതി കണക്ഷന്‍ എന്നിവ ആവശ്യമില്ല. മിനിമാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി കണക്ഷനില്‍ നിന്നുതന്നെ ക്യാമറയ്ക്ക് ആവശ്യമായിട്ടുള്ള വൈദ്യുതിയും ലഭ്യമാക്കുന്നതാണ്. മിനിമാസ്റ്റ് ലൈറ്റുകളുടെ പ്രകാശത്തിന്‍ കീഴില്‍ ക്യാമറ സ്ഥാപിക്കുമ്പോള്‍ കൂടുതല്‍ ക്യാമറ ക്ലാരിറ്റി ലഭിക്കുന്നതാണ്. 
5 എം.പി.യുടെ ബുള്ളറ്റ് വെരിഫോക്കല്‍ മോഡല്‍ ക്യാമറകളാണ് പദ്ധതിയ്ക്കായി സ്ഥാപിക്കുന്നത്. ഒരു യൂണിറ്റില്‍ രണ്ട് ക്യാമറകള്‍ ആണ് സ്ഥാപിക്കുന്നത്. കിടങ്ങൂര്‍, മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെയും മൂന്നുഗ്രാമപഞ്ചായത്തുകളുടെയും പദ്ധതിക്ക് ജില്ലാ പ്ലാനിംഗ് സമിതിയുടെ അംഗീകാരവും ലഭിച്ചു.


 ഒരു മാസത്തിനുള്ളില്‍ ക്യാമറ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനം മുഖേനയാണ് ക്യാമറ സ്ഥാപിക്കുന്നത്. 3 വര്‍ഷത്തേക്ക് ആയതിന്റെ പരിപാലന ചുമതല പൊതുമേഖലാ സ്ഥാപനം തന്നെ നടത്തുന്നതാണ്.  കേബിള്‍ നെറ്റ്‌വര്‍ക്ക് മുഖേനയാണ് ക്യാമറ പ്രവര്‍ത്തിക്കുന്നത്. ഒരേസമയം 40 ഫോണിലേക്കും 5 ടി.വി.യിലേക്കും നിരീക്ഷണ സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്. മൂന്ന് പഞ്ചായത്തുകളിലും ക്യാമറ നിരീക്ഷണത്തിനായി പ്രത്യേക ടി.വി. സ്ഥാപിക്കുന്നതാണ്. പോലീസ്, എക്‌സൈസ്, പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ജനപ്രതിനിധികള്‍ ഓരോ സ്ഥലത്തെയും പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമറ നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്. 


രാത്രികാലങ്ങളിലെ മാലിന്യം തള്ളല്‍, വാഹന അപകടങ്ങള്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മോക്ഷണം എന്നിവ കൃത്യമായി നിരീക്ഷിച്ച് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ഇ.എം. ബിനു (കിടങ്ങൂര്‍), രഞ്ജിത്ത് ജി മീനാഭവന്‍ (മുത്തോലി), ലീലാമ്മ ബിജു (കൊഴുവനാല്‍) എന്നിവര്‍ പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments