യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ യുവ നടി ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജിന്റോ ജോണ്‍. യുവ നടി പറയുന്ന യൂവനേതാവ് തുറന്നുകാട്ടപ്പെടണം. വേട്ടക്കാരന് ആരായാലും എക്സ്പോസ് ചെയ്യപ്പെടണം എന്ന് ആ പെണ്‍കുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആരെയാണ് ഉദ്ദേശിക്കുന്നത് പേര് സഹിതം വെളിപ്പെടുത്തണം എന്നും ജിന്റോ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിക്കുന്ന വ്യക്തി പേര് പറയാന്‍ മുതിരാത്ത സമയത്തോളം ഒരുപാട് നല്ല ചെറുപ്പക്കാര്‍ ആക്ഷേപത്തിന്റെ, സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടും. ആ വ്യക്തി തിരുത്തപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനുള്ള അവസരം കൊടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ അയാള്‍ക്ക് തിരുത്താന്‍ അവസരം കൊടുക്കുമ്പോള്‍ മറ്റ് ഒരുപാട് ചെറുപ്പക്കാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടല്ല അത് ചെയ്യേണ്ടത്.
ഒരു പ്രസ്ഥാനത്തെ ആകെ ആക്ഷേപിച്ചുകൊണ്ടുമല്ല അങ്ങനെ ഉണ്ടാകേണ്ടത് എന്നും ജിന്റോ ദീര്‍ഘമായ കുറിപ്പില്‍ പറയുന്നു. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ യുവ നടി നേരിട്ട സൈബര്‍ ആക്രമണത്തെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു. ‘ചിലര്‍ ആ നടിയെ മറ്റൊരു സരിതയായി ഉപമിക്കുന്നത് കണ്ടു. അതൊരു തെറ്റായ നടപടിയായി ആണ്. നമുക്ക് അപ്രിയകരമായ അഭിപ്രായം പറയുന്ന മുഴുവന്‍ മനുഷ്യരും സരിതയാക്കപ്പെടേണ്ടവരല്ല. അവര്‍ വേട്ടക്കാരന്റെ പേര് വെളിപ്പെടുത്താത്ത സ്ഥിതിക്ക്, സിപിഎം നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അവരുടെ ഐഡന്റിറ്റി മോശമായി ചിത്രീകരിക്കേണ്ട കാര്യവുമില്ല.’ പേര് വെളിപ്പെടുത്തിയാലും പരാതിക്കാരിയേക്കാള്‍ വേട്ടക്കാരനേയും വിഷയത്തേയുമാണ് ഓഡിറ്റ് ചെയ്യേണ്ടതെന്നും ജിന്റോ കുറിപ്പില്‍ പറയുന്നു. കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട ഏതോ ഒരു യുവനേതാവിനെതിരെ എന്റെ കൂടി ഫെയ്സ്ബുക്ക് സുഹൃത്തായ പെണ്‍കുട്ടി ഉന്നയിച്ച ആരോപണമാണ് ഈ കുറിപ്പിന് ആധാരം. കഴിഞ്ഞ ദിവസം വന്ന ഒരു യൂട്യൂബ് ഇന്റര്‍വ്യൂവിനെ തുടര്‍ന്നുള്ള ആരോപണം മാത്രമാണ് ഇത്. എങ്കിലും ഇത് കേരളത്തില്‍ ഇന്നുണ്ടാക്കിയ സംശയങ്ങള്‍ വലുതാണെന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ആ പെണ്‍കുട്ടിക്ക് നേരിട്ടിട്ടുള്ള അശ്ലീലവും അധിക്ഷേപകരവുമായ അനുഭവം പരസ്യമായി പറയാന്‍ അവര്‍ തയ്യാറായത് പിന്തുണക്കേണ്ടതാണെന്ന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ കരുതുന്നു. നമ്മുടെ നാട്ടിലെ പെൺകുട്ടികൾ അവർ നേരിടേണ്ടി വരുന്ന വേട്ടക്കാരുടെ പേര് ധൈര്യമായി പറയാനുള്ള ആർജ്ജവം ഉള്ളവരായി മാറണം. എന്റെ അറിവിൽ കൗമുദിയിലെ ഇന്റർവ്യൂ പുറത്തു വരുന്നതുവരെ ഒരു മാധ്യമപ്രവർത്തകയും കലാകാരിയും കോൺഗ്രസ് അനുഭാവിയുമായി ഞാൻ കണ്ടിരുന്ന ഒരു പെൺകുട്ടി ഒറ്റദിവസം കൊണ്ട് എനിക്കറിയാവുന്ന പലരുടേയും മുൻപിൽ മറ്റൊരു സരിതയായി ചിത്രീകരിക്കപ്പെടുന്നത് എനിക്ക് യോജിക്കാൻ പറ്റാത്ത കാര്യമാണ്. എന്റെ വ്യക്തിപരമായതെങ്കിലും ഈ അഭിപ്രായം ഞാൻ പറഞ്ഞില്ലെങ്കിൽ നീതികേടിന്റെ ഓരം പറ്റി നിൽക്കുന്നുവെന്ന കുറ്റബോധം വേട്ടയാടും. തുറന്നു പറയാത്തവർ മോശക്കാർ ആണെന്നല്ല ഇതിനർത്ഥം. പലർക്കും പ്രശ്നങ്ങളെ നേരിടാനുള്ള രീതികൾ പലതാണല്ലോ. ചിലപ്പോൾ പരസ്യ നിലപാടിനേക്കാൾ ശക്തമായ സന്ദേശമാകാം അനാവശ്യ സംരക്ഷണം നൽകാത്ത ചില മൗനങ്ങളും.
ആ പെൺകുട്ടി അവർ നേരിട്ടുള്ള ആക്ഷേപത്തെക്കുറിച്ച് പൊതുസമൂഹത്തിന്റെ മുമ്പിൽ ധൈര്യപൂർവ്വം വിളിച്ചു പറയുമ്പോൾ, അവർ എന്തുകൊണ്ട് മുൻപ് പറഞ്ഞില്ലെന്നും എന്തുകൊണ്ട് പരാതി ഇത്രയും വൈകിയെന്നുമൊക്കെ ചോദിക്കുന്നത് അവനവനും അവനവന് വേണ്ടപ്പെട്ടവർക്കും നേരിട്ട് അനുഭവമുണ്ടാകുന്നത് വരേയുള്ളൂ ഇത്തരം ചോദ്യങ്ങൾക്കുള്ള ആയുസ്സ് എന്ന് മനസ്സിലാകാത്തത് കൊണ്ടാണ്. എപ്പോൾ പരാതി പറയണമെന്നും എപ്പോളത് പരസ്യമാക്കണമെന്നും തീരുമാനിക്കാനുള്ള അവകാശമെങ്കിലും മാനത്തിന് വില പറയപ്പെട്ട് ആക്ഷേപിക്കപ്പെടുന്ന പെൺകുട്ടികൾക്ക് നമ്മൾ വിട്ടുകൊടുക്കണം. അതും കൂടി കൈപ്പിടിയിൽ ഒതുക്കി സ്ത്രീസമത്വവും സ്വാതന്ത്ര്യവും പറഞ്ഞാൽ അത് ഒരുതരം ആത്മവഞ്ചനയാകും ഒരു യുവനേതാവിനെതിരെ ഈ ആക്ഷേപം പരസ്യമായി ഉന്നയിക്കുമ്പോൾ അവർ പറഞ്ഞത് അയാൾ തിരുത്തണം എന്നാണ്. പക്ഷേ എനിക്ക് അവരോട് ഒരു അഭ്യർത്ഥനയുണ്ട്. അവർ സംശയത്തിന്റെ കുന്തമുന നീട്ടിവെച്ചിരിക്കുന്ന വ്യക്തി എക്സ്പോസ് ചെയ്യണമെന്നുള്ള ആഗ്രഹത്തിലാണ് ഇതൊക്കെ പറയുന്നത് എന്ന് അവരുടെ ഇന്നത്തെ മാധ്യമ പ്രസ്താവനയിൽ കേട്ടു. വേട്ടക്കാരൻ ആരായാലും എക്സ്പോസ് ചെയ്യപ്പെടണം എന്ന് ആ പെൺകുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ആരെയാണ് ഉദ്ദേശിക്കുന്നത് പേര് സഹിതം വെളിപ്പെടുത്തണം. അല്ലെങ്കിൽ ഒരുപാട് നല്ല ചെറുപ്പക്കാർ ആക്ഷേപത്തിന്റെ, സംശയത്തിന്റെ നിഴലിൽ നിർത്തപ്പെടും. നിരപരാധിയായ ഒരാളെപ്പോലും സംശയ നിഴലിൽ നിർത്താതെ നമുക്ക് സ്ത്രീപക്ഷ നിലപാട് പറയാൻ പറ്റുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ വ്യക്തി തിരുത്തപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള അവസരം കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ അയാൾക്ക് തിരുത്താൻ അവസരം കൊടുക്കുമ്പോൾ മറ്റ് ഒരുപാട് ചെറുപ്പക്കാരെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ടല്ല അത് ചെയ്യേണ്ടത്. ഒരു പ്രസ്ഥാനത്തെ ആകെ ആക്ഷേപിച്ചുകൊണ്ടുമല്ല അങ്ങനെ ഉണ്ടാകേണ്ടത്. ആ പെൺകുട്ടി തന്നെ പറഞ്ഞത് അയാൾക്ക് തിരുത്താൻ പല അവസരങ്ങളും കൊടുത്തു എന്നാണ്. അങ്ങനെയെങ്കിൽ സ്വകാര്യ സമയങ്ങളിൽ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു മോശപ്പെട്ട വ്യക്തിക്ക് സ്വയം പല അവസരങ്ങൾ കൊടുക്കുന്നതിൽ അല്ല നമ്മുടെ നീതിബോധം ഉണ്ടായിരിക്കേണ്ടത്. അയാളെ തുറന്നെതിർക്കാനോ അയാൾക്കെതിരെ നിയമപരമായോ മറ്റേതെങ്കിലുമോ നടപടികളിലേക്കോ പോയിരുന്നുവെങ്കിൽ അത് കുറേക്കൂടി നന്നായേനെ എന്ന് തോന്നി. അയാൾക്ക് തിരുത്താൻ അവസരങ്ങൾ നൽകിയപ്പോൾ മറ്റൊരുപാട് സ്ത്രീകൾക്കും സമാനമായ അനുഭവം നേരിട്ടു എന്നാണ് ആ നടിയുടെ വാക്കുകളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെയാണെങ്കിൽ നമ്മൾ വ്യക്തിപരമായി കൊടുക്കുന്ന ക്ഷമയുടെ, വിട്ടുവീഴ്ചകളുടെ പ്രിവിലേജുകളിൽ നിന്ന് ഇത്തരക്കാർ സൗകര്യം കൊള്ളുന്നുണ്ട് എന്നുകൂടി മനസ്സിലാക്കേണ്ടതാണ്. നടി ഉദ്ദേശിക്കുന്ന വ്യക്തി ആരായാലും അയാളെ തിരുത്തി ചേർത്തു പിടിക്കാൻ ആഗ്രഹിച്ചപ്പോൾ മറ്റനേകം സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെട്ടു എന്നാണ് നടിയുടെ തന്നെ വാക്കുകൾ വ്യക്തമാക്കുന്നത്. അവർക്ക് നിഷേധിക്കപ്പെട്ട നീതിയുടെ, അവർ നേരിട്ട ആക്ഷേപത്തിന്റെ, അധിക്ഷേപത്തിന്റെ പലതിലൊരു കാരണവും ഒരുപക്ഷേ ഇത്തരം ക്ഷമകളാണ്. ചില മൗനങ്ങൾ വേട്ടക്കാരൻ ഇരതേടാനുള്ള സമ്മതമായി കാണും. ഞാൻ 100% ആ നടിയുടെ ധൈര്യത്തെ, ആർജ്ജവ പിന്തുണയ്ക്കുന്നു. പക്ഷേ ഇനിയും പേര് വെളിപ്പെടുത്താതെ കേരളത്തിലെ യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്താൻ പാടില്ല. അതേസമയം തന്നെ ഒരു പെൺകുട്ടി നേരിടുന്ന അധിക്ഷേപങ്ങളുടെ തീവ്രത നോക്കിയല്ലല്ലോ നിലപാടുകൾ എടുക്കപ്പെടേണ്ടത്. പാർട്ടികൾക്ക് സ്വാഭാവികമായും ധാർമ്മികതയുടെ പുറത്തുള്ള സംഘടനാപരമായ നടപടികളെ സ്വീകരിക്കാൻ പറ്റൂ. അത് ഒരുപക്ഷേ പരാതിക്കാരിക്ക് 100% നീതി കിട്ടുന്നത് ആകണമെന്നുമില്ല. അപ്പോൾ നീതി ഉറപ്പാക്കപ്പെടാൻ നിയമത്തെ ആശ്രയിക്കുന്നതാണ് കുറേക്കൂടി നല്ല വഴിയെന്ന് കരുതുന്നു. അതും ആ പെൺകുട്ടിയുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പ് തന്നെയാണ്. എന്നാലും കാടടച്ച് വെടിവക്കുന്നതിലും നല്ലത് കളകളെ തെരഞ്ഞുപിടിച്ചു പറിച്ചു മാറ്റുന്നതാണ്. പ്രതിപക്ഷ നേതാവ് അച്ഛനെ പോലെയാണെന്നും മറ്റു പല നേതാക്കന്മാരെയും കണ്ടു പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ല, വിഗ്രഹങ്ങൾ ഉടയപ്പെട്ടു എന്നും നടി പറയുമ്പോൾ അതിലൊരു രാഷ്ട്രീയം ആളുകൾ സംശയിച്ചേക്കാം. കാരണം കുറച്ചു കാലം മുന്നേ ഉമ്മൻ ചാണ്ടിയും അച്ഛനെ പോലെയാണെന്ന് പറഞ്ഞു വന്നിട്ട് അവസാനം അതേ അച്ഛനെ പോലെയുള്ള ആൾക്കെതിരെ പോലും ലൈംഗിക അധിക്ഷേപ പരാതി കൊടുത്ത സരിത നായരുടെ മുൻ അനുഭവമുള്ളതുകൊണ്ട് കാര്യങ്ങൾക്ക് വ്യക്തത നിർബന്ധമാണ്. ആ കള്ളപ്പരാതി കത്ത് വായിച്ച് കണ്ണ് നനഞ്ഞവർക്ക് അതൊക്കെ ഓർമ്മ വരാനിടയുണ്ട്. അത്തരം അധിക്ഷേപങ്ങളിൽ ഒരക്ഷരം പോലും മിണ്ടാതെ മാധ്യമ വിചാരണയ്ക്ക് വിധേയപ്പെട്ട്, ചെയ്യാത്ത കുറ്റത്തിന് മൗനമായി ശിക്ഷ അനുഭവിച്ച്, നീതി നിഷേധിക്കപ്പെട്ട് മരണപ്പെട്ടുപോയ ഒരു നീതിമാനായ ഉമ്മൻചാണ്ടിയുടെ പാർട്ടി കൂടിയാണ് കോൺഗ്രസ്. അതുകൊണ്ട് ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ പരാതിയുണ്ടെങ്കിൽ പ്രസ്ഥാനത്തിലെ മുഴുവൻ ആളുകളേയും സങ്കടത്തിന്റെ, സംശയത്തിന്റെ നിഴലിൽ നിർത്താതെ വ്യക്തിയുടെ പേര് പറയണം. തെളിവുകൾ പറയണം. അങ്ങനെയുള്ള വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കപ്പെടണം. നിങ്ങൾ സ്വകാര്യമായി തിരുത്തൽ വരുത്തി കോംപ്രമൈസ് ആക്കുമ്പോൾ സംശയ നിഴലിൽപ്പെട്ട പാർട്ടിയുടേയും പ്രവർത്തകരുടെയും സങ്കടങ്ങൾക്ക് ആരു പരിഹാരം പറയും. നീതി നിരപരാധികൾക്ക് കൂടിയുള്ളതാണല്ലോ. പരസ്യമായി വിഷുപ്പലക്കിയിട്ട് ഇനി മുന്നോട്ട് പോകാൻ ഉദ്ദേശമില്ല എന്ന് പറയുന്നത് ശരിയല്ല. ഇടക്ക് വച്ചു ഇട്ടിട്ട് പോകേണ്ടതല്ല സ്ത്രീപക്ഷ നിലപാടുകൾ. അത് നീതിക്കർഹരായ മറ്റ് സ്ത്രീകളെ പോലും വിശ്വാസ്യത ഇല്ലാത്തവരാക്കും. അത് പാടില്ല.
0 Comments