അജിത് കുമാർ നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയ്ക്ക് എതിരെ ഹർജി. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചുവെന്നും ഇത് പകർപ്പവകാശ നിയമ ലംഘനമാണെന്നും ഇളയരാജ ഹർജിയിൽ പറയുന്നു. 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം. ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. അതേസമയം, യഥാർത്ഥ അവകാശികളിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് സിനിമയുടെ നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
ഏപ്രിൽ പത്തിന് ആയിരുന്നു ഗുഡ് ബാഡ് അഗ്ലി തിയറ്ററുകളിൽ എത്തിയത്. ഏപ്രിൽ 15ന് ഇളയരാജ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ അനുമതി ഇല്ലാതെ തന്റെ മൂന്ന് ഗാനങ്ങൾ ഉപയോഗിച്ചു എന്നായിരുന്നു പരാതി. നഷ്ടപരിഹാരമായി 5 കോടി നൽകണമെന്നും ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മുന്‍പും തന്‍റെ ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി പല സിനിമാക്കാര്‍ക്കും ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.
ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. റിലീസ് ചെയ്ത് അഞ്ച് ദിവസത്തില്‍ 100 കോടിയോളം രൂപ കളക്ട് ചെയ്തിരുന്നു. മാസ് ആക്ഷന്‍ പടമായി ഒരുങ്ങിയ ഗുഡ് ബാഡ് അഗ്ലിയില്‍ സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സും, ടി സീരിസുമാണ് നിര്‍മ്മാതാക്കള്‍. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്.
0 Comments