യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . ഈ വിഷയത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പിടുകയോ, സംസാരിക്കുകയോ പോലും ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രി എന്ന നിലയില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. നടപടിയെടുക്കില്ലെങ്കില്‍ അദ്ദേഹം പറയട്ടെ. അപ്പോള്‍ എന്താണെന്ന് കാണിച്ചു തരാമെന്നും വിഡി സതീശന്‍ പറഞ്ഞു.
സുജിത്തിനെ കാമറ ഇല്ലാത്ത സ്ഥലത്തുകൊണ്ടുപോയും ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. ചൂരല്‍ ഉപയോഗിച്ച് കാലിന് അടിയില്‍ 15 തവണ അടിച്ചു. പിന്നീട് വീണ്ടും മര്‍ദ്ദിച്ചു. കാമറ ഉള്ള സ്ഥലത്തെ മര്‍ദ്ദനം കണ്ടു തന്നെ നമ്മളെല്ലാം ഞെട്ടിയിരിക്കുകയാണ്. ഇതില്‍ നടപടിയില്ല എങ്കില്‍ സര്‍ക്കാര്‍ പറയട്ടെ. ഇപ്പോള്‍ എടുത്തതില്‍ കൂടുതലായി ഒന്നും ചെയ്യില്ല എന്നാണോ?. അങ്ങനെയെങ്കില്‍ അതു പറയുമ്പോള്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് പ്രതിപക്ഷം വ്യക്തമാക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ആദ്യം മറുപടി പറയട്ടെ. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ കൊടുത്തിരിക്കുന്ന സത്യവാങ്മൂലം ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്നതാണ്. യുഡിഎഫിന്റെ അഫിഡവിറ്റ് തിരുത്തിയാണ് പുതിയ സത്യവാങ്മൂലം ഇടതു സര്‍ക്കാര്‍ നല്‍കിയത്. ആ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കുമോയെന്ന് വ്യക്തമാക്കണം. നാമജപഘോഷയാത്ര നടത്തിയതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആ കേസ് പിന്‍വലിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പിന്‍വലിച്ചില്ല. ആ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുമോ?. വിഡി സതീശന്‍ ചോദിച്ചു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പത്താമത്തെ കൊല്ലമാണോ വരുന്നത്?. ഇലക്ഷന്‍ പ്രഖ്യാപിക്കാന്‍ പോകുകയാണ്. തെരഞ്ഞെടുപ്പിന്റെ സായാഹ്നത്തിലാണോ മാസ്റ്റര്‍ പ്ലാന്‍. യുഡിഎഫ് സര്‍ക്കാര്‍ 112 ഏക്കര്‍ വനഭൂമി ഏറ്റെടുത്ത് വികസനപ്രവര്‍ത്തനവുമായി മുന്നോട്ടു പോകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ 9 കൊല്ലമായി ശബരിമലയുടെ വികസനത്തിനായി ചെറുവിരല്‍ അനക്കാത്ത ആളുകള്‍, ഇപ്പോള്‍ അയ്യപ്പ ഭക്തരെ കബളിപ്പിക്കാനായി രംഗത്തു വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് അയ്യപ്പസ്‌നേഹം. വര്‍ഗീയവാദികള്‍ക്കും വര്‍ഗീയ സംഘടനകള്‍ക്കും ഇടമുണ്ടാക്കി കൊടുക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ബിജെപി-സിപിഎം നെക്‌സസ് ആണോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വിഡി സതീശന്‍ ആരോപിച്ചു.
0 Comments