കഴിഞ്ഞദിവസം കണ്ടെയ്‌നർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവമുൾപ്പെടെ നെല്ലാപ്പാറയിലെ വളവുകളിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ, പോലീസും മോട്ടോർ വാഹന വകുപ്പും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർ മുഖേന കളക്ടർക്ക് അടിയന്തരമായി കൈമാറി. തുടർച്ചയായ അപകടങ്ങൾക്ക് വഴിവെക്കുന്ന കാരണങ്ങൾ സൂക്ഷ്മമായി കണ്ടെത്താനായി പോലീസ്-മോട്ടോർ വാഹന വകുപ്പ് അധികൃതർ രണ്ട് സംഘങ്ങളായി പ്രദേശത്തെ എല്ലാ വളവുകളിലും പരിശോധന നടത്തി.
സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ നാട്ടുകാർ റോഡിന്റെയും വളവുകളുടെയും നിർമാണത്തിലെ അശാസ്ത്രീയത, മുന്നറിയിപ്പ് ലൈറ്റുകളുടെ പ്രവർത്തനരഹിതാവസ്ഥ, ക്രാഷ് ബാരിയർ ഉൾപ്പെടെയുള്ള സംരക്ഷണ വേലികളുടെ അഭാവം തുടങ്ങിയ അപാകതകൾ ചൂണ്ടിക്കാട്ടി. രാത്രികാലങ്ങളിലെ വെളിച്ചക്കുറവ്, റോഡിൽ ആവശ്യമായ സിഗ്നൽ ലൈറ്റുകൾ ഇല്ലായ്മ എന്നിവ സൃഷ്ടിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് മുൻപ് നടന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയവർ ഉൾപ്പെടെയുള്ളവർ അധികൃതർക്ക് മുന്നിൽ വിശദീകരിച്ചു.
പരിശോധനയിലെ കണ്ടെത്തലുകൾക്ക് പുറമേ, മുൻപുണ്ടായ അപകടങ്ങളുടെ വിവരങ്ങൾകൂടി ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർ വഴി ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. ഇതിന്റെ തുടർച്ചയായി വരും ദിവസങ്ങളിൽ പാതയിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. റോഡിന്റെ ചുമതല വഹിക്കുന്ന പൊതുമരാമത്തുവിഭാഗം ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി അടുത്ത ദിവസം സംയുക്ത പരിശോധന നടത്തും. ഇതര സംസ്ഥാനങ്ങളിൽനിന്നും അയൽജില്ലകളിൽ നിന്നുമുള്ള ശബരിമല തീർഥാടകരുടെ വാഹനങ്ങൾകൂടി എത്തിത്തുടങ്ങിയതോടെ റോഡിൽ തിരക്ക് വർധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. കരിങ്കുന്നം പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.ഡി. അഭിലാഷ്, തൊടുപുഴ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.ആർ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



0 Comments