ചെസ്റ്റര്‍ഫീല്‍ഡില്‍ നിന്നുള്ള അഹില്‍ സോളമന്‍ സ്റ്റാന്‍ലിയും ഷെഫീല്‍ഡില്‍ നിന്നുള്ള ഡിംപിള്‍ ജോജിയും കേരളീയ കത്തോലിക്കാ ആചാരങ്ങളില്‍ വിവാഹിതരാകുന്നത് കാണുവാനാണ് യുകെയില്‍ നിന്ന് വെള്ളക്കാരായ ഒരു സംഘം യുവ സുഹൃത്തുക്കള്‍ എത്തിച്ചേര്‍ന്നത്.ബോളിവുഡ് സിനിമകളില്‍ കൂടി വടക്കേ ഇന്ത്യന്‍ വിവാഹച്ചടങ്ങുകള്‍ മാത്രം കണ്ടിട്ടുള്ള ഇവര്‍ക്ക് കേരളത്തില്‍ നടന്ന പരമ്പരാഗത ക്രിസ്ത്യന്‍ വിവാഹത്തിന്റെ ആരാധനാ ആഘോഷ സല്‍ക്കാര കാഴ്ചകള്‍ മറക്കാനാവാത്ത അനുഭവമായി മാറി. ഒപ്പം യുകെയില്‍ നിന്നുള്ള ഈ 'ബ്രിട്ടീഷ് സ്‌ക്വാഡിന്റെ ഇന്ത്യന്‍ വേഷവിധാനം ജനങ്ങളുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് വന്ന ജോലിസ്ഥലത്തെയും കലാലയത്തിലേയുംഈ ബ്രിട്ടീഷ് സുഹുത്തുക്കള്‍ക്കു ഇത് വെറുമൊരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക മാത്രമായിരുന്നില്ല, മറിച്ചു ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയതിന്റെ ആഹ്ലാദവും അമ്പരപ്പുമായിരുന്നു. വിശ്വാസവും, പൈതൃകവും, രണ്ടു കുടുംബബന്ധങ്ങള്‍ ചേരുമ്പോഴുള്ള മുഹൂര്‍ത്തങ്ങളും വിവാഹ ആഘോഷങ്ങളും സര്‍ക്കാരങ്ങളും കണ്ട് ആവേശഭരിതരായി മാറുകയായിരുന്നു ഇക്കൂട്ടര്‍.
സല്‍ക്കാര സ്യൂട്ടുകളില്‍ നിന്നും കോക്ക്‌ടെയില്‍ വസ്ത്രങ്ങളില്‍ നിന്ന് മലയാളിയുടെ സൗന്ദര്യശാസ്ത്രത്തിലെ വിവാഹ വസ്ത്രങ്ങളായ സാരികളും ലാച്ചകളും (ലെഹങ്ക) ജുബ്ബകളും മുണ്ടുകളും അണിഞ്ഞാണ് ഇവര്‍ വിവാഹ മംഗളകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്തത്.
കാലിഡോസ്‌കോപ്പിലേക്ക് കാലെടുത്തുവയ്ക്കുന്നത് പോലെയാണ് തോന്നുന്നത് ' എന്ന് ഒരാള്‍ പറയുകയുണ്ടായി. അതിഥികളെയും മറ്റും സ്വാഗതം ചെയ്യുന്ന കേരളീയ രീതിയും മറ്റും അവര്‍ക്കു ഏറെ കൗതുകം നല്‍കുകയുണ്ടായി.യുകെയില്‍ കെമിക്കല്‍ എന്‍ജിനീയറാണ് ചെസ്റ്റര്‍ഫീല്‍ഡില്‍ നിന്നുള്ള അഹില്‍ സോളമന്‍. ബിര്‍മിങ്ഹാം ക്യുന്‍സ് എലിസബത്ത് ഹോസ്പിറ്റലില്‍ കാര്‍ഡിയാക് ഫിസിയോളജിസ്റ്റാണ് ഷെഫീല്‍ഡില്‍ നിന്നുള്ള ഡിംപിള്‍ ജോജി. ഡിംപിളിന്റെ മാതാപിതാക്കള്‍ വൈക്കത്ത് നിന്നുള്ളവരാണ്. അഹിലിന്റെ മാതാപിതാക്കള്‍ എറണാകുളം പേട്ട സ്വദേശികളും. യുക്കെയിലെ സൗത്ത് യോര്‍ക്ക്‌ഷെയറിന്റെയും ഡാര്‍ബിഷെയറിന്റെയും മലയാളി വധുവരന്മാര്‍ കേരളത്തില്‍ വെച്ച് പരമ്പരാഗത സിറിയന്‍ കത്തോലിക്കാ വിവാഹ ആചാരങ്ങളിലൂടെ മോതിര കൈമാറ്റവും, മിന്നുകെട്ട്, മന്ത്രക്കൊടി നല്‍കല്‍ തുടങ്ങിയവയെല്ലാം ചെയ്ത് വിവാഹിതരായത് പാശ്ചാത്യ അതിഥികളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്
നിറയുന്ന ഇന്ത്യയുടെ സാംസ്‌കാരിക സമ്പന്നതയെ അടുത്തറിയാന്‍ കഴിഞ്ഞത് തങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ക്കാവുന്ന അനുഭവമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.ഇരുപതോളം യുവതി-യുവാക്കള്‍ക്കും ഇത് ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയായിരുന്നു. പത്തോ ഇരുപതോ കൂടിയാല്‍ അമ്പതോ ആളുകള്‍ മാത്രം പങ്കെടുക്കുന്ന ബ്രിട്ടീഷ് വിവാഹ ചടങ്ങുകള്‍ മാത്രം കണ്ട് ശീലിച്ചവര്‍ക്ക് നാനൂറോളം ആളുകളുടെ സാന്നിധ്യവും ഭക്തിനിര്‍ഭരമായ വിവാഹ ചടങ്ങുകളും വിവാഹാഘോഷത്തേക്കാള്‍ ഉപരി കേരളത്തിലെ മലയാളി സമൂഹങ്ങളുടെ സാംസ്‌കാരിക സമ്പന്നതയിലേക്കും കുടുംബ ഊഷ്മളതയിലേക്കും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്തീയ പാരമ്പര്യങ്ങളിലേക്കും ആഴത്തില്‍ ഇറങ്ങിയ അനുഭവമായി മാറി.
ബ്രിട്ടീഷ് സംഘത്തിന് ഏറ്റവും വലിയ 'ഞെട്ടല്‍' (culture shock ) നല്‍കിയത് ഇവിടുള്ള അതിഥി പട്ടികയുടെ അളവായിരുന്നിരിക്കണം. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഏകദേശം 400 ഓളം പങ്കെടുത്ത ഈ വിവാഹം ബ്രിട്ടീഷ് സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന സംഖ്യ തന്നെയായിരുന്നു. യുകെയില്‍ 150 അതിഥികള്‍ പങ്കെടുക്കുന്ന ഒരു വിവാഹത്തെ പലപ്പോഴും 'വലിയ' വിവാഹമായി ആണ് തരംതിരിക്കുന്നുത്. ഇതിന്റെ പ്രധാന കാരണം പാശ്ചാത്യ വിവാഹങ്ങള്‍ ഒരു കൂട്ടം സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പലപ്പോഴും നടക്കുന്നത് എന്നതുകൊണ്ടാണ്. എന്നാല്‍ ഇന്ത്യന്‍ പാരമ്പര്യ വിവാഹത്തില്‍ വിപുലമായ കുടുംബാംഗങ്ങളും, അയല്‍ക്കാരും, മുഴുവന്‍ പ്രാദേശിക സമൂഹവും പങ്കെടുക്കുന്ന ഒരു സാമൂഹിക ഉത്സവമായിട്ടാണ് പലരും കാണുന്നത്.
സുഹുത്തുക്കളുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ നടത്തിയ സിനിമാറ്റിക് ബോളിവുഡ് ഡാന്‍സുകള്‍ ബ്രിട്ടീഷ് യുവതിയുവാക്കള്‍ ഏറെ ആസ്വദിച്ചു.ചുരുക്കത്തില്‍ ബ്രിട്ടീഷ് സുഹുത്തുക്കളുടെ ആകാംഷകളുടെയും ജിജ്ഞാസയുടെയും അത്ഭുത നിമിഷങ്ങളുടെയും ഇന്ത്യന്‍ ആതിഥ്യമര്യാദയുടെയും ഈ ഒത്തുചേരല്‍ അവര്‍ പങ്കെടുത്ത ഈ ആഘോഷ വേദിയെ ഒരു യഥാര്‍ത്ഥ 'ഗ്ലോബല്‍ വില്ലേജ്' ആക്കി മാറ്റി എന്ന് വേണമെങ്കില്‍ പറയാം.





0 Comments