തൊടുപുഴ മുതലക്കോടം മാവിന്‍ ചുവട്ടില്‍ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ച സ്ഥലത്ത് മോട്ടോര്‍ വാഹനവകുപ്പും, പോലീസും, പൊതുമരാമത്ത്. ജല അതോറിറ്റി വകുപ്പ് അധികൃതരും നഗരസഭ ഉദ്യോഗസ്ഥരും പരിശോധന നടത്തി. റോഡിലെ വളവും അമിതവേഗതയും ആയിരിക്കാം അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റോഡിനോട് ചേര്‍ന്ന് തുറന്നുകിടക്കുന്ന കുഴി ഉണ്ടെന്ന് അറിയിക്കാന്‍ മുന്നറിയിപ്പ് സൂചന നല്‍കുന്ന ഫലകം ഇല്ലാത്തതും അപകടത്തിലേക്ക് നയിച്ചെന്നും വിലയിരുത്തി.
ഇതിനിടെ ഓട മുടാത്തത് സംബന്ധിച്ച് നഗരസഭയും പിഡബ്ലുഡിയും പരസ്പരം പഴി ചാരുന്നുമുണ്ട്. തിങ്കളാഴ്ച രാത്രി 11.40-നാണ് ബൈക്ക് യാത്രക്കാരനായ മുതലക്കോടം സ്വദേശി കുന്നേല്‍ ജെയ്സ് ബെന്നി (27) മാവിന്‍ചുവട്ടില്‍ റോഡരികിലെ കുഴിയില്‍ ബൈക്ക് വീണ് ഉണ്ടായ അപകടത്തില്‍ മരിച്ചത്. ഒരുകുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നങ്ങളും തകര്‍ത്ത അപകടത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
റോഡരികില്‍ വലിയ കുഴി ഉണ്ടായിട്ടും വ്യക്തമായ സൂചന ഫലകം പോലും സ്ഥാപിച്ചിരുന്നില്ല.കുറ്റകരമായ അനാസ്ഥയാണ് വകുപ്പുകളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരക്കെ വിമര്‍ശനം ഉയര്‍ന്നു. പിഡബ്ല്യുഡി അസി.എന്‍ജിനിയര്‍ പ്രസ്റ്റി മരിയ, ഓവര്‍സിയര്‍ സിനു, നഗരസഭ എഇ, പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.




0 Comments