പാലായില്‍ സീബ്രാ ലൈനുകള്‍ തുടരെയുണ്ട്, പക്ഷേ എന്ത് പ്രയോജനം. യാത്രക്കാരെ വണ്ടി ഇടിക്കുന്നതിനാണോ ഈ വരകളെന്ന് തോന്നിപ്പോകും...



സുനില്‍ പാലാ


സീബ്രാ ലൈനുകള്‍ തുടരെയുണ്ട്, പക്ഷേ എന്ത് പ്രയോജനം. യാത്രക്കാരെ വണ്ടി ഇടിക്കുന്നതിനാണോ ഈ വരകളെന്ന് ഒരുവേള നമുക്കും തോന്നിപ്പോകും.


പാലാ നഗരത്തിലെ വിവിധ സീബ്രാ ലൈനുകളില്‍കൂടി റോഡൊന്ന് കുറുകെ കടക്കണമെങ്കില്‍ നല്ലനേരം നോക്കണം. ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങള്‍ക്ക് എന്ത് സീബ്രാലൈന്‍, ഏത് യാത്രക്കാര്‍?

പാലായില്‍ സീബ്രാലൈനില്‍ വച്ചുതന്നെ യാത്രക്കാര്‍ക്ക് വാഹനമിടിച്ച് പരിക്കേറ്റ നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആരുടെയോ ഭാഗ്യംകൊണ്ട് പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നില്ലായെന്ന് മാത്രം.
 


പാലാ കുരിശുപള്ളി ജംഗ്ഷന്‍ മുതല്‍ ളാലം പാലം ജംഗ്ഷന്‍ വരെയുള്ള ഭാഗത്തിനിടയ്ക്ക് കുറഞ്ഞത് നാലിടങ്ങളിലെങ്കിലും സീബ്രാലൈനുകള്‍ വരച്ചിട്ടുണ്ട്. എങ്കിലും യാത്രക്കാര്‍ റോഡ് കുറുകെ കടക്കുന്നത് കണ്ടാല്‍ വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കുന്നത് വളരെ അപൂര്‍വ്വം മാത്രം. പലപ്പോഴും നെല്ലിടയ്ക്കാണ് സീബ്രാ ലൈനുകളിലെ അപകടങ്ങള്‍ ഒഴിഞ്ഞുപോകുന്നത്. 
 

നഗരത്തിലൂടെ പാഞ്ഞുപോകുന്ന ഇരുചക്രവാഹനങ്ങളും ചില കെ.എസ്.ആര്‍.ടി.സി. ബസുകളും സ്വകാര്യ ബസുകളും മറ്റ് ചില സ്വകാര്യ വാഹനങ്ങളുമൊക്കെ കാല്‍നടയാത്രക്കാരുടെ ജീവന് യാതൊരു വിലയും കല്പിക്കുന്നില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പ്രായമേറിയവരുമൊക്കെ പാലാ നഗരത്തിലെ തിരക്കേറിയ ഭാഗത്ത് റോഡ് കുറുകെ കടക്കണമെങ്കില്‍ ഇപ്പോള്‍ പെടാപ്പാട് പെടുകയാണ്. നിയമങ്ങള്‍ക്ക് യാതൊരു കുറവുമില്ലെങ്കിലും നടപ്പാക്കേണ്ടവര്‍ നോക്കുകുത്തികളാകുമ്പോള്‍ സീബ്രാ ലൈനുകള്‍ അപകട ഇടങ്ങളായി മാറുകയാണ്. 
 
ഇന്നലെ വൈകിട്ട് 5.30-ന് എടുത്ത ചിത്രമാണ് ഈ വാര്‍ത്തയോടൊപ്പമുള്ളത്. ടൗണ്‍ ബസ് സ്റ്റാന്റിന് മുന്‍വശം റോഡ് കുറുകെ കടക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഒരു കാര്‍ സീബ്രാ ലൈനിലേക്ക് കയറി കിടക്കുന്നു എന്ന് മാത്രമല്ല അതിനെ മുമ്പേ വാഹനം നിര്‍ത്തിയിടാന്‍ പോലും ഇതിലെ ഡ്രൈവര്‍ തയ്യാറായുമില്ല. ഇത് ഒരു ചിത്രം മാത്രം. ഇത്തരം നൂറുകണക്കിന് ചിത്രങ്ങള്‍ ഓരോ ദിവസവും എടുക്കാന്‍ കഴിയും.



നിയമപാലകര്‍ കൂടുതല്‍ ജാഗ്രത കാണിക്കണം

സീബ്രാലൈനിലൂടെ യാത്രക്കാര്‍ റോഡ് കുറുകെ കടക്കുമ്പോള്‍ നിര്‍ത്താന്‍ പോലും തയ്യാറാകാത്ത വാഹന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തയ്യാറായേ തീരൂ - ജോയി കളരിക്കല്‍, പാലാ പൗരാവകാശ സമിതി പ്രസിഡന്റ്‌





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments