ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്മെന്റുകളും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കേ മുഖ്യമന്ത്രി നാളെ കോട്ടയത്ത്. ഇടതുപക്ഷ അധ്യാപക സംഘടനയിലെ പ്രമുഖ സംഘടനയായ കെഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള അധ്യാപക റാലിയെ തുടര്‍ന്നുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായിട്ടാണു മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്ത് എത്തുന്നത്. കഴിഞ്ഞ ദിവസമാണു കത്തോലിക്ക സഭക്കാരായ അധ്യാപകരെ പ്രതിനിധാനം ചെയ്യുന്ന കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ സംസ്ഥാന സമ്മേളനം ചങ്ങനാശേരിയില്‍ നടന്നത്. സമ്മേളനത്തിന്റെ ഭാഗമായുള്ള മഹാസമ്മേളനം ഉദ്ഘാടനം ചെയ്തതു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായിരുന്നു. ഭിന്നശേഷി വിഷയത്തില്‍ സര്‍ക്കാരിനെതിരായ വികാരം സമ്മേളനത്തില്‍ ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരണം നടത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഭിന്നശേഷി സംവരണത്തില്‍ സുപ്രീം കോടതിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണു സര്‍ക്കാര്‍. ക്രൈസ്തവ മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയാറല്ല. കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയ മന്ത്രി വി. ശിവന്‍കുട്ടിയും മാനേജ്‌മെന്റുകളെ കേസില്‍ കക്ഷി ചേരാത്തതിനു വിമര്‍ശിച്ചിരുന്നു. ഒറ്റ സിറ്റിങ്ങില്‍ തീരേണ്ട വിഷയം മാനേജ്‌മെന്റുകളുടെ നിസഹകരണം കാരണം നീണ്ടുപോവുകയാണ്. ചിലരുടെ ക്ലാസുകള്‍ കേട്ടാണു സഭകള്‍ വിഷയത്തില്‍ ഭിന്ന നിലപാട് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. ഭിന്നശേഷി പ്രശ്നം മനഃപൂര്‍വം വഷളാക്കിയതു സര്‍ക്കാരാണെന്ന നിലപാടിലാണു കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്.
ഭിന്നശേഷി പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ എല്ലാവിധത്തിലും സഹകരിച്ചിട്ടുള്ള കോര്‍പറേറ്റ് സ്‌കൂള്‍ മാനേജ്മെന്റ് ഏജന്‍സികളും ബന്ധപ്പെട്ട എല്ലാ അധ്യാപകരും, സര്‍ക്കാരിനൊപ്പം നിന്നില്ല എന്ന മന്ത്രിയുടെ കണ്ടെത്തല്‍ വിരോധാഭാസമാണ്. നിലവില്‍ ശമ്പളം ലഭിക്കാത്ത 22,000 വരുന്ന അധ്യാപരിലാരും കോടതിയില്‍ ഒരു വാദവും ഉയര്‍ത്തിയിട്ടില്ല. സാലറി ലഭിക്കുന്ന അധ്യാപകര്‍ പെറ്റീഷണറും ഭിന്നശേഷിക്കാര്‍ റെസ്പോണ്ടന്റുമായ ഒരു കേസില്‍ സാലറി ലഭിക്കാത്ത 22,000 അധ്യാപകരുടെ വിഷയം അനാവശ്യമായി വലിച്ചിട്ട സര്‍ക്കാര്‍ അധ്യാപക സമൂഹത്തോട് മാപ്പ് പറഞ്ഞു തിരുത്തണമെന്ന് ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഭിന്നശേഷി സംവരണ വിഷയത്തില്‍ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയമനുവദിച്ചു കേസ് മാറ്റിവച്ചത് സിംഗിള്‍ മാനേജ്മെന്റുകള്‍ക്കുവേണ്ടി മാത്രമായാണ്.
സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും എന്‍എസ്എസിനു നല്‍കിയ സുപ്രീം കോടതി ഉത്തരവ് ബാധകമായതിനാല്‍ മറ്റു കോര്‍പറേറ്റ് മാനേജ്മെന്റുകളുടെ സ്‌കൂളുകളില്‍ അധ്യാപക നിയമനാംഗീകാരം നല്‍കാന്‍ യാതൊരു തടസവും ഇപ്പോഴില്ല. പകല്‍ പോലെ വ്യക്തമായ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി തന്ത്രപൂര്‍വം മറച്ചു വയ്ക്കുകയാണെന്നും മറിച്ചുള്ള രീതിയില്‍ നിയമസഭയില്‍ ഉള്‍പ്പെടെ പ്രസ്താവന നടത്തുകയാണെന്നും ടീച്ചേഴ്സ് ഗില്‍ഡ് കുറ്റപ്പെടുത്തുന്നു. എന്‍.എസ്.എസ് കേസ് അനാവശ്യമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു സുപ്രീംകോടതി കേസിലേക്കു തള്ളിവിട്ട സര്‍ക്കാരാണു യഥാര്‍ഥ കുറ്റവാളികളെന്നും ടീച്ചേഴ്സ് ഗില്‍ഡ് കുറ്റപ്പെടുത്തുന്നു. ഈ അപകടം മുന്‍കൂട്ടി കണ്ടു പ്രശ്നം വീണ്ടും അനാവശ്യമായി കോടതി പരിഗണനയ്ക്കു വിട്ടാല്‍ അനന്തമായി നീളുമെന്നാണു പറയുന്നത്.




0 Comments