റവ. ഫാ. പി.എഫ്. കുര്യാക്കോസ് പാറപ്ലാക്കല്‍ ചെയർ അനുസ്മരണ പ്രഭാഷണവും സെമിനാറും
പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളജില്‍ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ റവ.ഫാ. പി.എഫ്. കുര്യാക്കോസ് പാറപ്ലാക്കല്‍ അനുസ്മരണ പ്രഭാഷണവും സെമിനാറും സംഘടിപ്പിക്കുന്നു. നാളെ (03/02/2026) രാവിലെ 10.30 ന് ലൈബ്രറി ഹാളില്‍വച്ചു നടക്കുന്ന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി ജയിംസ് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതിരക്കഥാകൃത്തും എഴുത്തുകാരനുമായ ബിപിന്‍ ചന്ദ്രന്‍ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, മലയാള വിഭാഗം മേധാവി ഡോ. സോജന്‍ പുല്ലാട്ട്, കോർഡിനേറ്റർ സിജു ജോസഫ് എന്നിവർ പ്രസംഗിക്കും.
മലയാളം വിദ്വാന്‍, ബി.ഒ.എല്‍. എം.എ. ബിരുദം തുടങ്ങിയവ മികച്ചനിലയില്‍ പാസ്സായ പാറപ്ലാക്കലച്ചന്റെ ഓദ്യോഗിക ജീവിതം ആരംഭിക്കുന്നത് 1945-ല്‍ പാലാ സെൻ്റ് തോമസ് ഹൈസ്കൂളില്‍ അദ്ധ്യാപകനായാണ്. പിന്നീട് 1951 മുതല്‍ 1974 വരെ അദ്ദേഹം പാലാ സെൻ്റ് തോമസ് കോളേജിലെ മലയാള വിഭാഗത്തില്‍ ലക്ചററായി സേവനമനുഷ്ഠിച്ചു. മികച്ച അദ്ധ്യാപകന്‍, ഗ്രന്ഥകാരന്‍, കവി, ഭാഷാസ്നേഹി എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ പുരോഹിതശ്രേഷ്ഠനായിരുന്നു പാറപ്ലാക്കലച്ചന്‍, കൃഷ്ണഗാഥയുടെ മാതൃകയില്‍ രചിച്ച ഉണ്ണിലീല, യേശുക്രിസ്തുവിന്റെ അന്ത്യദിനങ്ങള്‍, Man of Sorrows എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ കൃതികളാണ്.
അദ്ധ്യാപനത്തിലും സാഹിത്യപ്രവർത്തന ങ്ങള്‍ക്കുമൊപ്പം കയ്യൂർ, പയസ് മൗണ്ട്, കിഴക്കന്‍മറ്റം പ്രദേശങ്ങളിലെ ദൈവാലയങ്ങളുടെ നിർമ്മാണത്തിനായി അക്ഷീണം പ്രയത്നിച്ച പാറപ്ലാക്കലച്ചന്‍ പഴയ തലമുറയുടെ മനസ്സില്‍ ഇന്നും ദീപ്തസ്മരണയാണ്. 1985 ആഗസ്റ്റ് 19 നാണ് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.
ബഹുമാനപ്പെട്ട പാറപ്ലാക്കലച്ചനോടുള്ള ആദരസൂചകമായി പാറപ്ലാക്കല്‍ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ 2023 മുതല്‍ മലയാളവിഭാഗത്തില്‍ ആരംഭിച്ചതാണ് റവ.ഫാ.പി.എഫ്. കുര്യാക്കോസ് പാറപ്ലാക്കല്‍ ചെയർ. സാഹിത്യകാരന്മാരായ സുഭാഷ് ചന്ദ്രന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, രാജീവ് ആലുങ്കല്‍ എന്നിവരായിരുന്നു മുന്‍ വർഷങ്ങളില്‍ പ്രഭാഷകരായി എത്തിയത്.



0 Comments