കൊച്ചിയിൽ പോലീസെന്ന വ്യാജേന കവർച്ചയും മർദനവും. .... തട്ടിയെടുത്തത് 1.5 ലക്ഷം രൂപയുടെ വസ്തുക്കൾ. ....മൂന്നു യുവാക്കള്‍ അറസ്റ്റില്‍

 

എറണാകുളം എസ്.ആർ.എം റോഡിലെ ഹോട്ടലിൽ പോലീസുകാരെന്ന വ്യാജേന യുവാവിനെയും പെൺസുഹൃത്തിനെയും മർദിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിലായി.

ചേർത്തല സ്വദേശി എൻ.കെ. അമൽ (25), പള്ളുരുത്തി സ്വദേശി ഭവൻ (36), ഇടുക്കി സ്വദേശി തോമസ് ചാക്കോ (30) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടിന് പുലർച്ചെ നാല് മണിയോടെ എസ്.ആർ.എം റോഡിലുള്ള നോവ ഹോട്ടലിലായിരുന്നു സംഭവം.കോഴിക്കോട് സ്വദേശിയായ യുവാവിനെ ഹോട്ടൽ റിസപ്ഷനിൽ വെച്ച് തടഞ്ഞുനിർത്തി ഐഫോൺ പിടിച്ചുവാങ്ങിയ പ്രതികൾ, ബലംപ്രയോഗിച്ച് രണ്ടാം നിലയിലെ മുറിയിലേക്ക് കൊണ്ടുപോയി. 


അവിടെയുണ്ടായിരുന്ന പെൺസുഹൃത്തിന്റെ മുക്കാൽ പവൻ സ്വർണ്ണ ബ്രേസ്‌ലെറ്റും യുവാവിന്റെ പക്കലുണ്ടായിരുന്ന 5,000 രൂപയും ഇവർ തട്ടിയെടുത്തു.പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫിലെ (DANSAF) അംഗങ്ങളാണെന്നും ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ലഹരിക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം.


രാവിലെ ആറ് മണി വരെ ഇരുവരെയും മുറിയിൽ തടങ്കലിൽ വെച്ച് ക്രൂരമായി മർദിച്ച പ്രതികൾ, ഏകദേശം ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് കൈക്കലാക്കിയത്.എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ ജിജിൻ ജോസഫ്, പ്രിൻസിപ്പൽ എസ്.ഐ ഗ്ലാഡ്‌വിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments