106ാം വയസ്സിലും യൂട്യൂബിലൂടെ വചനപ്രഘോഷണം തുടരുന്ന ഇറ്റാലിയന്‍ സന്യാസിനി മാധ്യമ ശ്രദ്ധ നേടുന്നു. 'പരമപരിശുദ്ധ കൂദാശയുടെ ആരാധകർ' എന്ന സന്യാസിനി സമൂഹാംഗമായ സിസ്റ്റർ അന്ന മരിയയാണ് പ്രായം നൂറു പിന്നിട്ടിട്ടും ഓണ്‍ലൈന്‍ സാധ്യത ഉപയോഗിച്ച് വചനപ്രഘോഷണം തുടരുന്നത്. മിലാന് സമീപം സെറെഗ്നോയിലെ ആശ്രമത്തിൽ വിശ്രമ ജീവിതം നയിക്കുന്ന സിസ്റ്റർ അന്നയ്ക്കു മാർച്ച് 14ന് 106 വയസ്സ് തികഞ്ഞു. "ചിന്തയിലും വാക്കിലും" വ്യക്തതയുള്ള കന്യാസ്ത്രീയെന്നാണ് ഇറ്റാലിയൻ പത്രമായ 'ഇൽ ജിയോർണോ' സിസ്റ്ററിനെ വിശേഷിപ്പിക്കുന്നത്.
പ്രായാധിക്യം ഉണ്ടായിരുന്നിട്ടും രാത്രിയിൽ പോലും അവർ ദിവസവും ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കുന്നുണ്ടെന്നും വൃദ്ധരോ രോഗികളോ ആയ കന്യാസ്ത്രീകളെ പരിചരിക്കുന്ന ആശ്രമത്തിലെ ആശുപത്രിയിലും സഹായവുമായി രംഗത്തുണ്ടെന്നും സിസ്റ്റർ അന്നയുടെ സഹ സന്യാസിനികള്‍ പറയുന്നു. യൂട്യൂബില്‍ പങ്കുവെയ്ക്കുന്ന കൊച്ചു കൊച്ചു വീഡിയോകളിലൂടെയും ഈശോയെ പ്രഘോഷിക്കുകയാണ് ഈ സന്യാസിനി. കഴിഞ്ഞ ദിവസം നടന്ന 106ാം ജന്മദിനാഘോഷത്തിലും ഈശോയെ മഹത്വപ്പെടുത്തിക്കൊണ്ടാണ് ഈ വയോധിക സന്യാസിനി സംസാരിച്ചത്.



0 Comments