അബ്കാരി പ്രീണനം, സര്‍ക്കാര്‍ സ്വയം കുഴി തോണ്ടുന്നു



അബ്കാരി പ്രീണനം,  സര്‍ക്കാര്‍ സ്വയം കുഴി തോണ്ടുന്നു

ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക് പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് ബാര്‍ ലൈസന്‍സ് സര്‍ക്കാര്‍ പുതുക്കി കൊടുക്കുന്നത് അബ്കാരി പ്രീണന നയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും തെരഞ്ഞെടുപ്പ് കാലയളവില്‍ സര്‍ക്കാര്‍ സ്വയം കുഴിതോണ്ടുകയാണെന്നും കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.

നിലവിലുള്ള മദ്യനയത്തിന് വിരുദ്ധമായി അബ്കാരി ബാന്ധവ നിലപാടാണ് സര്‍ക്കാര്‍ കുറെകാലമായി സ്വീകരിച്ചു പോരുന്നത്. അതുകൊണ്ടാണ് 'രഹസ്യനയങ്ങളെ ഡീലെന്ന്' ഞങ്ങള്‍ പറയുന്നത്. മദ്യവര്‍ജ്ജനം പറഞ്ഞ് അധികാരത്തിലേറി മദ്യം വ്യാപകമാക്കിയവരെ, മദ്യം മൂലം മരണപ്പെട്ടവരുടെയും കുടുംബം തകര്‍ന്നവരുടെയും പതിനായിരക്കണക്കായ കുടുംബാംഗങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്കിയാല്‍ താങ്ങാവുന്നതിലുമപ്പുറമായിരിക്കും.


ഈ സര്‍ക്കാരിന്റെ മദ്യനയത്തിനോ, മുന്നണിയുടെ പ്രകടന പത്രികയ്‌ക്കോ വോട്ടില്ല. മദ്യത്തിന്റെ ലഭ്യതക്കുറവാണ് മയക്കുമരുന്നിന്റെ വ്യാപനത്തിന് കാരണമെന്ന് വ്യാപക പ്രചരണം നടത്തിയവര്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇത്രയധികം മദ്യശാലകളും, മയക്കുമരുന്നുകളും വ്യാപകമായതിനെക്കുറിച്ച് മറുപടി പറയണം. 

മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും വ്യാപനം തടയാന്‍ 2016-ല്‍ ഈ സര്‍ക്കാര്‍ രൂപീകരിച്ച 'വിമുക്തി മിഷന്‍' സമ്പൂര്‍ണ്ണ പരാജയമാണെന്നാണ് സര്‍ക്കാരിന്റെ നയം സൂചിപ്പിക്കുന്നത്. അതിനാല്‍ വിമുക്തി മിഷന്‍ പിരിച്ചുവിട്ട് ആന്റി നാര്‍കോട്ടിക് കോര്‍പറേഷന്‍ രൂപീകരിച്ച് ബോധവല്‍ക്കരണം, ചികിത്സ, അനധികൃത കടത്ത് തടയല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി കര്‍ക്കശ നടപടികള്‍ സ്വീകരിക്കാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ തയ്യാറാകണം. 


തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ വ്യാപകമായി മദ്യം ഒഴുകുന്നുണ്ട്, ചില കേന്ദ്രങ്ങളില്‍ മയക്കുമരുന്നുകളും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിരമായി ഇടപെടണം. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിലും ഗുരുതരമായ ചട്ടലംഘനമാണ് മദ്യവും ലഹരികളും കൊടുത്ത് മനുഷ്യന്റെ സുബോധത്തെയും വിവേചന ശക്തിയെയും നശിപ്പിച്ച് സ്വാധീനം ചെലുത്തുന്നത്.

മദ്യാസക്തരുടെയോ മദ്യം മൂലം മരണപ്പെടുന്നവരുടെയോ കുടുംബാംഗങ്ങളോ പതിനായിരക്കണക്കിനായ മദ്യ-ലഹരി വിരുദ്ധ പ്രവര്‍ത്തകരോ ഈ തെരഞ്ഞെടുപ്പില്‍ നിശ്ചയമായും വോട്ടവകാശം പാഴാക്കാതെ വിനിയോഗിക്കണം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments