നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗത്തിൽ വാക്കേറ്റം! സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം!!! ഭരണം മാറുമ്പോൾ നോക്കുന്ന കണ്ണിൻറെ വ്യത്യാസമാണെന്ന് ഭരണപക്ഷം!!
പാലാ നഗരസഭയിൽ ഇന്ന് ചേർന്ന അടിയന്തര കൗൺസിൽ യോഗം വാക്കേറ്റത്തിലും പ്രതിപക്ഷത്തിന്റെ വാക്കൗട്ടിലും കലാശിച്ചു. പ്രതിപക്ഷം വാക്കൗട്ട് നടത്തിയെങ്കിലും നഗരസഭ നിശ്ചയിച്ച അജണ്ടകൾ പാസാക്കുകയും ചെയ്തു.പ്രധാനമായും രണ്ടു വിഷയങ്ങളാണ് ചർച്ചയിൽ വന്നത്.അതിലൊന്ന് നഗരസഭയുടെ തൂക്കുപാലം സംബന്ധിച്ച് തയ്യാറാക്കിയ പുതിയ പദ്ധതികളും അതിൽനിന്ന് ഒഴിവാക്കുന്ന പദ്ധതികളും കൗൺസിൽ അംഗീകാരത്തിനായി സമർപ്പിക്കുന്നതായിരുന്നു. എന്നാൽ ഭരണപക്ഷത്തിന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി തൂക്കുപാലം പദ്ധതിയെ അനുകൂലിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.
നഗരസഭയുടെ ജനകീയ ആസൂത്രണം 2026- 27ന്റെ വാർഷിക പദ്ധതിയെ അംഗീകരിക്കുന്നത് സംബന്ധിച്ചായിരുന്നുരണ്ടാമത്തെ വിഷയം.
വാർഷിക പദ്ധതി സംബന്ധിച്ച ലിസ്റ്റ് കൗൺസിൽ തുടങ്ങിയ വേളയിലാണ് ലഭിച്ചതെന്നും വായിച്ചു നോക്കാൻ പോലും സമയം കിട്ടിയില്ലെന്നുമായി പ്രതിപക്ഷം.
ഏറെ പേജുകളുള്ള ലിസ്റ്റ് വായിച്ച് പഠിച്ചു ബോധ്യപ്പെട്ടു മാത്രമേ അംഗീകാരം നൽകാൻ സാധിക്കുകയുള്ളൂവെന്നും അതിനായി ഒരു മണിക്കൂർ അനുവദിക്കണമെന്നും ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഒരിക്കൽ കൂടി സഭ ചേരാമെന്നും പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നിർദ്ദേശം വെച്ചു.എന്നാൽ ഭരണപക്ഷം അത് അംഗീകരിക്കാൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയാണെന്നും ഏകപക്ഷീയമായി പാസാക്കുന്നതിന് എതിർക്കുന്നുവെന്നും ബിജു പാലുപ്പടവൻ സഭയെ അറിയിച്ചു.
പ്രത്യേക സമയം അനുവദിക്കേണ്ട കാര്യമില്ലെന്നും, സഭയിൽ ഇരുന്നു തന്നെ ഓരോരോ വിഷയങ്ങളായി എടുത്ത് ചർച്ച ചെയ്യാമെന്നും തങ്ങൾ എവിടെയും ഒളിച്ചോടി പോകുന്നില്ലെന്നു മായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്.അതിനായി ഇന്നു തന്നെ രണ്ടാമതൊരു കൗൺസിൽ യോഗം ചേരുന്നതിൽ അവർ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ കൗൺസിൽ പ്രമേയങ്ങൾ പാസാക്കുകയും ചെയ്തു.
വാർഷിക പദ്ധതി സംബന്ധിച്ചുള്ള ലിസ്റ്റ് വായിക്കാൻ സാധിക്കുന്നില്ലെന്നും അത്ര ചെറുതായിട്ടാണ് പ്രിന്റ് ചെയ്തിരിക്കുന്നതെന്നുമായിരുന്നു പ്രതിപക്ഷത്തെ ചില അംഗങ്ങളുടെ പരാമർശം.
എന്നാൽ അത് ഭരണം മാറുമ്പോൾ നോക്കുന്ന കണ്ണിൻറെ വ്യത്യാസമാണെന്ന് ബിനു പുളിക്കക്കണ്ടം തിരിച്ചടിച്ചു. കഴിഞ്ഞവർഷം പ്രിന്റ് എടുത്ത അതേ മെഷീനിൽ തന്നെയാണ് ഇത്തവണയും എടുത്തിരിക്കുന്നതെന്നും അപ്പോഴെങ്ങനെയാണ് അക്ഷരങ്ങൾക്ക് മാറ്റം വരുന്നത് എന്നു മായിരുന്നു അദ്ദേഹത്തിൻറെ ചോദ്യം.
വീഡിയോ ഇവിടെ കാണാം 👇👇
പദ്ധതി രേഖയിലുള്ളതൊന്നും വ്യക്തവും സുതാര്യവുമായ കാര്യങ്ങളല്ലെന്നും അതുകൊണ്ടുതന്നെ ഏകപക്ഷീയമായി പാസാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നിർവഹണം സംബന്ധിച്ചുള്ള ലിസ്റ്റ് മുൻകൂട്ടി തരാത്തതെന്നും അതിന് നിന്നു കൊടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവ് ബിജു പാലു പടവന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്കരിച്ചു പോയത്. ഉച്ചകഴിഞ്ഞ് രണ്ടാമത് ഒരു കൗൺസിൽ കൂടി ചേരാൻ തങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല എന്നും ഇങ്ങനെ ഏകപക്ഷീയമായി മുന്നോട്ട് പോകാനാണെങ്കിൽ എന്തിനാണ് കൗൺസിൽ യോഗം വിളിച്ചു കൂട്ടുന്നതെന്നും ആയിരുന്നു കൗൺസിലർ ജോസിൻ ബിനോയുടെ പ്രതികരണം.
ഇപ്പോഴത്തെ പ്രതിപക്ഷം മുൻപ് അധികാര കസേരയിലിരുന്ന് ചെയ്തതൊക്കെ തങ്ങൾക്കും ചെയ്യാൻ സാധിക്കുമെന്ന് ഇപ്പോൾ മനസ്സിലായല്ലോ എന്നായിരുന്നു കൗൺസിലർ സിജി ടോണിയുടെ പ്രതികരണം.





0 Comments