ആറ് മാസം മുമ്പുണ്ടായ വാഹനാപകടം 37-കാരന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരുന്നു. ഇടത് കൈയിലെ പ്രധാന വിരൽ പൂർണമായും നഷ്ടമായതോടെ ദൈനംദിന കാര്യങ്ങൾ പോലും പ്രയാസകരമായ അവസ്ഥയിലായി. എന്നാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടന്ന അപൂര്‍വ ശസ്ത്രക്രിയ അദ്ദേഹത്തിന് പുതിയ പ്രതീക്ഷ നൽകുകയാണ്. നഷ്ടമായ കൈവിരലിന് പകരമായി കാലിലെ വിരൽ വിജയകരമായി വച്ചുപിടിപ്പിച്ചു.
അപകടത്തിൽ യുവാവിൻ്റെ ഇടത് കൈയിലെ തള്ളവിരൽ പൂർണമായും വേർപെട്ട നിലയിലായിരുന്നു. തള്ളവിരൽ നഷ്ടമായതോടെ കൈയുടെ പിടുത്തശേഷിയും പ്രവർത്തനക്ഷമതയും കാര്യമായി ബാധിച്ചു.
ഇതോടെയാണ് ഡോക്ടർമാർ പുനർനിർമാണ ശസ്ത്രക്രിയയിലൂടെ പുതിയ വിരൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. ‘സെക്കൻഡ് ടോ-ടു-തമ്പ് ട്രാൻസ്ഫർ’ എന്ന സങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് കാലിലെ രണ്ടാമത്തെ വിരൽ കൈയിലെ തള്ളവിരലിന് പകരമായി സ്ഥാപിച്ചത്. എന്നാൽ അതിന് മുമ്പ് നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു. ആദ്യഘട്ടത്തിൽ ‘ട്യൂബ്‌ഡ് ഗ്രോയിൻ ഫ്ലാപ്പ്’ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൈയിലെ മൃദുകോശങ്ങൾ പുനർനിർമിക്കുകയും ശസ്ത്രക്രിയയ്ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുകയും ചെയ്തു.
തുടർന്ന് കഴിഞ്ഞ മാസം 18-നാണ് മൈക്രോവാസ്കുലാർ സെക്കൻഡ് ടോ ട്രാൻസ്ഫർ ശസ്ത്രക്രിയ നടത്തിയത്. ഈ ശസ്ത്രക്രിയയിലൂടെ കാലിലെ വിരൽ കൈയിലേക്ക് മാറ്റിസ്ഥാപിക്കുകയും സൂക്ഷ്മ രക്തക്കുഴലുകളും നാഡികളും പുനഃസംയോജിപ്പിക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ ഡോക്ടർമാർക്ക് സാധിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് റീഹാബിലിറ്റേഷൻ ചികിത്സയും ഫിസിയോതെറാപ്പിയും ആരംഭിച്ചിട്ടുണ്ട്. കൈയുടെ ചലനശേഷിയും പിടുത്തശേഷിയും പരമാവധി വീണ്ടെടുക്കുന്നതിനുള്ള പരിശീലനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
70 12 23 03 34
.jpg)


0 Comments