മീനച്ചില്‍ പഞ്ചായത്ത് സമിതിയെ പിന്തുണയ്ക്കാന്‍ യു.ഡി.എഫ്.


യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള മീനച്ചില്‍ പഞ്ചായത്ത് ഭരണസമിതി പ്രതിപക്ഷത്തുനിന്ന് നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനും ഭരണസമിതിക്ക് പൂര്‍ണ്ണ പിന്തുണ കൊടുക്കാനും യു.ഡി.എഫിന്റെ കോര്‍കമ്മറ്റി യോഗത്തില്‍ ധാരണയായി.

മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ വിവിധങ്ങളായ വിഷയങ്ങള്‍ ഏറ്റെടുത്ത് ഇടതുമുന്നണി യു.ഡി.എഫ്. നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിക്കെതിരെ രംഗത്തെത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ പോലുമാകാതെ പഞ്ചായത്ത് ഭരണ നേതൃത്വം ബുദ്ധിമുട്ടിയത് സംബന്ധിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.



ഇടതുമുന്നണിയില്‍ നിന്ന് യു.ഡി.എഫ്. ഇത്തവണ മീനച്ചില്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തെങ്കിലും പഞ്ചായത്ത് ഭരണനേതൃത്വത്തെ സഹായിക്കുന്ന നിലപാടല്ല യു.ഡി.എഫ്. മണ്ഡലം നേതൃത്വം സ്വീകരിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ്, മെമ്പര്‍ പ്രിന്‍സ് എന്നിവരുമായി ചര്‍ച്ച നടത്താന്‍ യു.ഡി.എഫ്. കോര്‍കമ്മറ്റി തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ചൊവ്വാഴ്ച വൈകിട്ട് മുന്‍മെമ്പര്‍ കൊച്ചുറാണി തോമസിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫ്. നേതാക്കളായ ബേബി ഈറ്റത്തോട്ട്, ഡയസ് കെ. സെബാസ്റ്റ്യന്‍, ശിവദാസന്‍ നായര്‍ സരോവരം എന്നിവരാണ് പങ്കെടുത്തത്.  

മേലില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ രാഷ്ട്രീയ പ്രേരിതമായി വരുന്ന ഏത് വിഷയങ്ങള്‍ക്കും യു.ഡി.എഫ്. മറുപടി നല്‍കുമെന്നും നേതാക്കള്‍ പ്രസിഡന്റിനും മെമ്പര്‍ക്കും ഉറപ്പുനല്‍കി. മുട്ടിയാനിക്കുന്ന് കുടിവെള്ളപദ്ധതി പ്രശ്നം, പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി വിഷയം എന്നിവയും യോഗം ചര്‍ച്ച ചെയ്തു. ഇടതുമുന്നണി ഉയര്‍ത്തിയ എല്ലാ വിഷയങ്ങളും പഞ്ചായത്ത് പ്രസിഡന്റും മെമ്പറും യു.ഡി.എഫ്. നേതാക്കള്‍ക്ക് വിശദീകരിച്ചു കൊടുത്തു.


ചില ചില്ലറ തര്‍ക്കങ്ങള്‍, അത് പറഞ്ഞു തീര്‍ത്തു

പഞ്ചായത്ത് ഭരണ നേതൃത്വവുമായി യു.ഡി.എഫിന് കാര്യമായ ഒരു എതിര്‍പ്പും ഇല്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും യു.ഡി.എഫിലെ ഒരു നേതാവ് പറഞ്ഞു. ചില ചില്ലറ തര്‍ക്കങ്ങളേ ഉണ്ടായിരുന്നുള്ളൂ. അത് ചൊവ്വാഴ്ച വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ പറഞ്ഞ് തീര്‍ത്തതായി നേതാവ് വെളിപ്പെടുത്തി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments