മഴനടത്തമായി വലവൂർ ജി.യു.പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം; പ്രകൃതിക്ക് തോരണമായി നൽകിയത് വൈവിധ്യമാർന്ന ഫലവൃക്ഷത്തൈകൾ
പ്രകൃതി മഴമുത്തുകളാൽ മാല കൊരുത്ത നനഞ്ഞ പ്രഭാതത്തിൽ, വലവൂർ ഗവണ്മെന്റ് യു.പി. സ്കൂളിലെ കുരുന്നുകൾ പരിസ്ഥിതി ദിനാഘോഷത്തിനായി ഇറങ്ങിയത് വേറിട്ടൊരു മഴനടത്തമായി മാറി. കരൂർ ഗ്രാമപഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങുകൾ കോരിച്ചൊരിയുന്ന മഴയിലും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും മാതാപിതാക്കളും ഒത്തുചേർന്നാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തെ വരവേറ്റത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന ജോൺ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിജിമോൾ എം.ടി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അലൻ കക്കാട്ടിൽ, കരൂർ കൃഷി ഓഫീസർ ബോണി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും സർക്കാരും നിർദ്ദേശിച്ച പരിസ്ഥിതി-ശുചിത്വ സന്ദേശ പ്രതിജ്ഞ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഏറ്റുചൊല്ലി. തുടർന്ന് പി.ടി.എ. പ്രസിഡന്റ് ബിന്നി ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ.വൈ. എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം (SSS), നേച്ചർ ക്ലബ്ബ്, ഫോറസ്ട്രി ക്ലബ്ബ് എന്നിവയിലെ അംഗങ്ങളായ കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് വൈവിധ്യമാർന്ന ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
മാവ്, കണിക്കൊന്ന, ആര്യവേപ്പ് എന്നിവയ്ക്ക് പുറമെ അബിയു, സപ്പോട്ട, ബേർ ആപ്പിൾ, ചാമ്പ, ആത്ത, മലബാർ പിസ്ത, സ്ട്രോബറി പേര, വാളൻ പുളി, കിളി ഞാവൽ, റമ്പുട്ടാൻ, ആപ്പിൾ ചാമ്പ, ദേവദാരു, നാരകം, കറിവേപ്പ് തുടങ്ങിയ അപൂർവ്വയിനം തൈകളാണ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നട്ടത്. വെറുതെ തൈകൾ നടുക മാത്രമല്ല, വരുംതലമുറയ്ക്ക് തിരിച്ചറിയാൻ പാകത്തിൽ അവയുടെ പൊതുനാമവും സസ്യശാസ്ത്ര നാമവും (Botanical Name) രേഖപ്പെടുത്തിയ ബോർഡുകളും കുട്ടികൾ ഓരോ മരത്തിന് മുന്നിലും സ്ഥാപിച്ചു എന്നത് ഏറെ ശ്രദ്ധേയമായി.
ചടങ്ങിൽ വിവിധ വാർഡ് മെമ്പർമാർ, സാമൂഹിക പ്രമുഖർ, പി.ടി.എ. അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. സ്കൂൾ അധ്യാപകരായ പ്രിയ സെലിൻ തോമസ്, ഷാനി മാത്യു, റോഷ്നിമോൾ ഫിലിപ്പ്, ജോത്സിനി കെ.ആർ., മഞ്ജുമോൾ എം.എസ്., അമൃത രാജേഷ്, നെബിൻ സെബാസ്റ്റ്യൻ, രാഹുൽ എന്നിവർ കുട്ടികളോടൊപ്പം ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.
70 12 23 03 34






0 Comments