സുനില്‍ പാലാ
പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള ഉപകരണങ്ങള്‍ക്കും മറ്റുമായി 30 കോടി രൂപാ ഉടന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.
ഇന്നലെ കോട്ടയത്ത് നടത്തിയ കായകല്പം ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കവെയാണ് ഈ ഉറപ്പ് ആരോഗ്യവകുപ്പ് മന്ത്രിയില്‍ നിന്ന് ലഭിച്ചതെന്ന് പാലാ നഗരസഭാ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രജിത പ്രകാശ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു.
ഫോറന്‍സിക് സര്‍ജന്‍ ഇല്ലാത്തതിനാല്‍ പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തടസ്സപ്പെട്ടിരുന്നു. ഇതിന് പരിഹാരമായി ജോലിക്രമീകരണ വ്യവസ്ഥയില്‍ എല്ലാ ദിവസവും ഫോറന്‍സിക് സര്‍ജനെ നിയോഗിക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. ആഴ്ചയില്‍ രണ്ട് ദിവസം നെഫ്‌റോളജി വിഭാഗം ഡോക്ടറുടെ സേവനവും ലഭ്യമാക്കും.
കാര്‍ഡിയോളജി ഡോക്ടറും ആഴ്ചയില്‍ രണ്ട് ദിവസം പാലാ ജനറല്‍ ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കാനുണ്ടാകും.
ആശുപത്രിയില്‍ തകരാറിലായ രണ്ട് ലിഫ്ടുകള്‍ക്ക് പകരം പുതിയ ലിഫ്ടുകള്‍ ഘടിപ്പിക്കും. ഇതോടൊപ്പം ആശുപത്രിയില്‍ 250 കിലോവാട്‌സിന്റെ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനും തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചതായി ജനപ്രതിനിധികള്‍ പറഞ്ഞു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ടോണി തൈപ്പറമ്പില്‍, ലിസിക്കുട്ടി മാത്യു, ജനറല്‍ ആശുപത്രി ആര്‍.എം.ഒ. ഡോ. രേഷ്മ സുരേഷ്, ലേ സെക്രട്ടറി പി.എം. ഷെരീഫ്, ആശുപത്രി മുന്‍ മാനേജിംഗ് കമ്മറ്റിയംഗം ജയ്‌സണ്‍ മാന്തോട്ടം എന്നിവരുള്‍പ്പെട്ട സംഘമാണ് മന്ത്രി വിളിച്ചു ചേര്‍ത്ത കായകല്പം ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തത്.
ഇന്നലെ രാത്രി ആരോഗ്യവിഭാഗം ജില്ലാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പാലാ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു.
പാവപ്പെട്ട രോഗികള്‍ക്ക് അനുഗ്രഹം - മായാ രാഹുല്‍
പാലാ ജനറല്‍ ആശുപത്രിയില്‍ നെഫ്രോളജി, ഫോറന്‍സിക് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കാനും ക്യാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി രൂപാ അനുവദിക്കാനും യു.ഡി.എഫ്. സര്‍ക്കാരും ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനും തയ്യാറായത് പാവപ്പെട്ട രോഗികള്‍ക്ക് ഏറെ അനുഗ്രഹമാണെന്ന് പാലാ നഗരസഭാ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ പറഞ്ഞു. ഇതിനായി മുന്‍കൈ എടുത്ത ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതായും മായാ രാഹുല്‍ പറഞ്ഞു.
കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒ.പി വിഭാഗങ്ങള്‍ പുനരാരംഭിക്കണം - ജയ്‌സണ്‍ മാന്തോട്ടം
പാലാ ജനറല്‍ ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാവിഭാഗങ്ങള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി മാനേജിംഗ് കമ്മറ്റി മുന്‍ അംഗം ജയ്‌സണ്‍ മാന്തോട്ടം മന്ത്രി കെ. മുരളീധരന് നിവേദനം നല്‍കി.
ഡയഗണോ സ്റ്റിക് കോംപ്ലക്‌സിലേയ്ക്ക് ഉപകരണങ്ങള്‍ക്കായി അനുവദിച്ച 4.25 കോടി രൂപയുടെ പുതിയ ഭരണാനുമതി ലഭ്യമാക്കുക. ബജറ്റില്‍ വകയിരുത്തിയ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുക, സ്‌ട്രോക്ക് യൂണിറ്റ്, ഇന്‍ഫെര്‍ട്ടിലിറ്റി , ബ്ലഡ് ബാങ്ക്, ട്രോമാകെയര്‍ വിഭാഗങ്ങള്‍ ആരംഭിക്കുക, ക്യാന്‍സര്‍ വിഭാഗത്തില്‍ ഡോക്ടര്‍ തസ്തികള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ജയ്‌സണ്‍ ഉന്നയിച്ചു. നിവേദനങ്ങളിലും പരാതികളിലും ഉചിതമായ നടപടികള്‍ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

.jpg)



0 Comments