"ബസിനുള്ളിൽ കിടന്നുറങ്ങാം, ഫ്രഷാകാം; ഡ്രൈവർ മദ്യപിച്ചാൽ ബസ് സ്റ്റാർട്ടാക്കാനാവില്ല, അടുക്കള മുതൽ 360° ക്യാമറ വരെ! യാത്രയുടെ മുഖം മാറ്റാൻ വോൾവോയുടെ പുത്തൻ കോച്ച്…"
അന്തർസംസ്ഥാന ദീർഘദൂര യാത്രകളുടെ നിലവാരം മറ്റൊരു തലത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് ഇന്ത്യയിലെ ആദ്യ ഫാക്ടറി നിർമിത ഇന്റഗ്രേറ്റഡ് സീറ്റർ-സ്ലീപ്പർ കോച്ച് അവതരിപ്പിച്ച് വോൾവോ ബസസ് ഇന്ത്യ.
യാത്രികർക്ക് ഒരേ വാഹനത്തിൽ സുഖകരമായ ഇരിപ്പിടവും വിശ്രമിക്കാനുള്ള സ്ലീപ്പർ സൗകര്യവും ഒരുമിച്ച് ലഭ്യമാക്കുന്ന വോൾവോ 9600 സീറ്റർ-സ്ലീപ്പർ കോച്ചാണ് കമ്പനി അവതരിപ്പിച്ചത്. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന പ്രവാസ് 5.0 ട്രാൻസ്‌പോർട്ട് സമ്മിറ്റിൽ പുതിയ മോഡൽ ആദ്യമായി പ്രദർശിപ്പിച്ചു.
സാധാരണ ബോഡി ബിൽഡർമാർ നിർമ്മിക്കുന്ന രീതിക്ക് പകരം, വോൾവോ സ്വന്തം ഫാക്ടറിയിൽ പൂർണമായും നിർമിച്ച ഇന്ത്യയിലെ ആദ്യ ഇന്റഗ്രേറ്റഡ് സീറ്റർ-സ്ലീപ്പർ കോച്ചാണിത്. 15 മീറ്റർ നീളമുള്ള ത്രീ-ആക്‌സിൽ പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.
ഒരേസമയം ഇരിക്കാനും കിടന്ന് വിശ്രമിക്കാനുമുള്ള പ്രത്യേക ലേ-ഔട്ടാണ് ബസിന്റെ പ്രധാന ആകർഷണം. 24 അപ്പർ സ്ലീപ്പർ ബെർത്തുകൾ, മൂന്ന് റിയർ ലോവർ ബെർത്തുകൾ, കാഫ് സപ്പോർട്ടുള്ള 27 പ്രീമിയം ലോവർ ഡെക്ക് സീറ്റുകൾ എന്നിവ ഉൾപ്പെടെ ആകെ 51 യാത്രികർക്ക് യാത്ര ചെയ്യാൻ കഴിയും.
ദീർഘദൂര യാത്രകളെ കൂടുതൽ സൗകര്യപ്രദമാക്കാൻ വാഹനത്തിനുള്ളിൽ ചെറിയ അടുക്കള, ആധുനിക ടോയ്‌ലറ്റ്, മൂഡ് ലൈറ്റിങ്, സ്വകാര്യത ഉറപ്പാക്കുന്ന പാർട്ടീഷനുകൾ, മൊബൈൽ ചാർജിങ് പോർട്ടുകൾ, ഇൻഫോടെയ്ൻമെന്റ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ 6 ക്യുബിക് മീറ്റർ ശേഷിയുള്ള വലിയ ലഗേജ് കമ്പാർട്ട്മെന്റും ബസിലുണ്ട്. ബെംഗളൂരുവിന് സമീപത്തെ ഹോസ്‌കോട്ടെ വോൾവോയുടെ അത്യാധുനിക പ്ലാന്റിലാണ് ഈ പ്രീമിയം കോച്ച് നിർമിക്കുന്നത്.
മികച്ച ഇന്ധനക്ഷമതയും പ്രകടനവും ഉറപ്പാക്കുന്ന Volvo VEDX8 എൻജിനും അതിനൊപ്പം I-Shift ഓട്ടോമേറ്റഡ് ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്. 540 ലീറ്റർ ശേഷിയുള്ള ഡീസൽ ടാങ്ക് ദീർഘദൂര സർവീസുകൾക്ക് കൂടുതൽ അനുയോജ്യമാക്കുന്നു.
അന്തർസംസ്ഥാന സർവീസുകൾ, രാത്രികാല യാത്രകൾ, വിനോദസഞ്ചാര-തീർഥാടന ട്രിപ്പുകൾ എന്നിവ ലക്ഷ്യമിട്ടാണ് ബസ് വികസിപ്പിച്ചിരിക്കുന്നത്. ഒരേ വാഹനത്തിൽ സീറ്ററായും സ്ലീപ്പറായും സർവീസ് നടത്താൻ കഴിയുന്നതിനാൽ ബസ് ഓപ്പറേറ്റർമാർക്കും ഇത് വലിയ നേട്ടമാകും. 15 മീറ്റർ നീളവും 2.6 മീറ്റർ വീതിയും 8.35 മീറ്റർ വീൽബേസുമുള്ള വാഹനത്തിന്റെ ഭാരം 22,200 കിലോഗ്രാമാണ്. ഇത്രയും നീളമുള്ള ബസ് എളുപ്പത്തിൽ നിയന്ത്രിക്കാൻ പിന്നിൽ സ്റ്റിയറബിൾ ടാഗ് ആക്‌സിലും മൂന്ന് ആക്‌സിലുകളിലും ഇലക്ട്രോണിക്കലി നിയന്ത്രിക്കുന്ന എയർ സസ്പെൻഷനും നൽകിയിട്ടുണ്ട്. റോഡിലെ സാഹചര്യങ്ങൾക്കനുസരിച്ച് വാഹനത്തിന്റെ ഉയരം ക്രമീകരിച്ച് കൂടുതൽ സുഖപ്രദമായ യാത്ര ഉറപ്പാക്കാൻ ഈ സംവിധാനം സഹായിക്കും.
സുരക്ഷാ സംവിധാനങ്ങളിലും വോൾവോ വിട്ടുവീഴ്ച ചെയ്തിട്ടില്ല. 360 ഡിഗ്രി ക്യാമറ, ക്യാമറ അടിസ്ഥാനമാക്കിയ ഇലക്ട്രോണിക് മിററുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഡ്രൈവർ സ്റ്റേറ്റ് മോണിറ്ററിങ്, ആൽക്കഹോൾ ഇന്റർലോക്ക്, ഇബിഎസ്, എബിഎസ്, ഇലക്ട്രോണിക് വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടോമാറ്റിക് ഫയർ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സംവിധാനം എന്നിവ ഉൾപ്പെടെ നിരവധി ആധുനിക സുരക്ഷാ സവിശേഷതകൾ വാഹനത്തിലുണ്ട്. കൂടാതെ ടെലിമാറ്റിക്‌സ് സംവിധാനത്തിലൂടെ ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗത, ഇന്ധന ഉപഭോഗം, എൻജിൻ പ്രകടനം തുടങ്ങിയ വിവരങ്ങൾ ഉടമകൾക്ക് എളുപ്പത്തിൽ നിരീക്ഷിക്കാനും സാധിക്കും.
ആഡംബര സൗകര്യങ്ങളും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഒരുമിപ്പിച്ച് ദീർഘദൂര ബസ് യാത്രയുടെ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വോൾവോ പുതിയ 9600 സീറ്റർ-സ്ലീപ്പർ കോച്ച് അവതരിപ്പിച്ചിരിക്കുന്നത്. യാത്രികർക്കും ഓപ്പറേറ്റർമാർക്കും ഒരുപോലെ ഗുണകരമാകുന്ന ഈ മോഡലിന്റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യൻ പ്രീമിയം കോച്ച് വിപണിയിൽ പുതിയ മാനദണ്ഡം സൃഷ്ടിക്കാൻ ഈ വാഹനം വഴിയൊരു ക്കുമെന്നാണ് വിലയിരുത്തൽ.
70 12 23 03 34

.jpg)


0 Comments