തൊഴില്‍ രഹിതരായ യുവാക്കളെ ജോലിക്കെന്ന വ്യാജേന വിദേശത്തേക്ക് അയച്ച് കഞ്ചാവ് കടത്ത്: സംഘത്തലവന്‍ പിടിയില്‍

 

തൊഴില്‍ രഹിതരായ യുവാക്കളെ ജോലിക്കെന്ന വ്യാജേന വിദേശത്തേക്ക് അയച്ച് ഇതിന്റെ മറവില്‍ കഞ്ചാവ് കടത്തിയിരുന്ന സംഘത്തലവന്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കണ്ണൂര്‍ മാടായി ദേശത്ത് കാവുപറമ്പത്ത് കെ.പി. റഷീദി(31) നെയാണ് ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇടുക്കി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ വലയില്‍ വീഴ്ത്തി ഇവര്‍ക്ക് സൗജന്യമായി വിസ എടുത്തു നല്‍കി ചിപ്സ് ആണെന്ന വ്യാജേന കഞ്ചാവ് വിദേശത്തേക്ക് കടത്തുന്നതായിരുന്നു റഷീദിന്റെ രീതി. പ്രതിയും കൂട്ടാളികളും ചേര്‍ന്ന് 2018ല്‍ ശാന്തമ്പാറ സ്വദേശിയായ അഖില്‍ എന്ന യുവാവിനെ സൗജന്യമായി ഗള്‍ഫില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് കോഴിക്കോട് വിളിച്ചു വരുത്തി വിസ നല്‍കി. 


പിന്നീട് റഷീദ് നിര്‍ദേശിച്ചപ്രകാരം മറ്റു പ്രതികള്‍ കഞ്ചാവ് അടങ്ങിയ പൊതി അഖിലിന് ചിപ്സ് ആണെന്ന വ്യാജേന വിമാനത്താവളത്തില്‍വച്ച് കൈമാറി. ദുബായില്‍ എത്തിയ അഖിലിനെ കഞ്ചാവുമായി കസ്റ്റംസ് പിടികൂടി. റഷീദും ഇതേ വിമാനത്തില്‍ അഖിലിന്റെ അടുത്തുതന്നെ അപരിചിതന്‍ എന്ന രീതിയില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്തിരുന്നു. കഞ്ചാവുമായി അഖിലിനെ പിടികൂടിയ സമയം റഷീദ് രക്ഷപ്പെടുകയും ചെയ്തു. ഈ കേസില്‍ 10 വര്‍ഷം തടവ് ലഭിച്ച അഖില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ശിക്ഷാ ഇളവ് കിട്ടി നാട്ടില്‍ എത്തി. പിന്നീട് പ്രതികള്‍ കഞ്ചാവ് കടത്തുന്ന പ്രവര്‍ത്തന രീതികളെപ്പറ്റി വിവരംകിട്ടിയ ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് റഷീദിനെപ്പറ്റി സൂചന കിട്ടിയത്. 


അന്ന് അറസ്റ്റിലായ റഷീദ് ജാമ്യം ലഭിച്ച ശേഷം കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. ഈ കേസ് കൂടാതെ കോട്ടയം, മലപ്പുറം ജില്ലകളിലും റഷീദ് സമാനമായ കേസുകളില്‍ പ്രതിയാണ്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.സി. ഹരിദാസന്റെ നിര്‍ദേശ പ്രകാരം ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ഇ.എസ്. സാംസണ്‍, അസി. സബ് ഇന്‍സ്പെക്ടര്‍ കെ.പി. ബൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിന്‍സില്‍ റഷീദ്, ഫ്രാന്‍സീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ണൂര്‍ ജില്ലയില്‍നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മയക്കുമരുന്നു കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments