അമ്പലപ്പുഴയില്‍ ജി സുധാകരന്‍ എംഎല്‍എയും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം; കയ്യാങ്കളിയിൽ ഒരാൾക്ക് പരിക്കെന്ന് പരാതി


അമ്പലപ്പുഴയില്‍ ജി സുധാകരന്‍ എംഎല്‍എയും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം; കയ്യാങ്കളിയിൽ ഒരാൾക്ക് പരിക്കെന്ന് പരാതി 


അമ്പലപ്പുഴയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും എംഎൽഎയുമായ ജി. സുധാകരനും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം. 

അമ്പലപ്പുഴ നീര്‍ക്കുന്നം സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തായിരുന്നു സംഭവം. 

സ്‌കൂള്‍ പരിസരത്ത് നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് സ്ഥലം പരിശോധിക്കാനാണ് ജി. സുധാകരന്‍ എത്തിയത്.

ഇതിനിടെ അവിടെയുണ്ടായിരുന്ന ചില സിപിഐഎം പ്രവര്‍ത്തകര്‍ അദ്ദേഹവുമായി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു

ആരോപണത്തിന്റെ പേരിലും സ്ഥലത്തെ സാഹചര്യം സംബന്ധിച്ചും ഇരുവിഭാഗവും തമ്മില്‍ കടുത്ത വാക്കുതര്‍ക്കം നടന്നതായാണ് വിവരം. 


അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മുന്‍ സിപിഐഎം പ്രസിഡന്റും അംഗങ്ങളും ആണ് സുധാകരനുമായി തർക്കമുണ്ടായത്. 

സ്‌കൂളിലെ കെട്ടിടം പൊളിച്ച ശേഷം അവിടെ നിന്ന് മണ്ണ് അനധികൃതമായി കടത്തുന്നു എന്നായിരുന്നു സുധാകരന്റെ ആരോപണം.

കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമായിരുന്നു സുധാകരന്‍ സ്‌കൂളിലേക്കെത്തിയത്. 

ആ സമയം സ്‌കൂള്‍ പിടിഎ പ്രസിഡന്റും മുന്‍ എംഎല്‍എ എച്ച് സലാമിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന പ്രശാന്ത് കുട്ടി, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് എന്നിവര്‍ അവിടെയുണ്ടായിരുന്നു. 


തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വലിയ തര്‍ക്കമുണ്ടാകുകയായിരുന്നു. 

സുധാകരന്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നാണ് സിപിഐഎം പ്രവര്‍ത്തകരുടെ വിശദീകരണം.

മണ്ണ് മാറ്റിയതിന്റെ അടക്കം എല്ലാ രേഖകളും കൈവശമുണ്ടെന്നും അവര്‍ പറയുന്നു. 

ജി സുധാകരന്റെ കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐഎം നേതാക്കളെ കൈയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. 

പ്രശാന്ത് കുട്ടി നലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുകയാണ്.

അതേസമയം താന്‍ രാഷ്ട്രീയം കളിക്കാന്‍ വന്നതല്ലെന്നും സ്‌കൂളില്‍ വെള്ളക്കെട്ടുണ്ടായത് മണ്ണ് എടുത്തതുകൊണ്ടാണെന്നുമായിരുന്നു ജി സുധാകരന്റെ ആരോപണം. 


എന്നാല്‍ സുധാകരന്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പെരുമാറുന്നതെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

ഓണ്‍ലൈന്‍ മീഡിയക്കാരുമായെത്തി ഷോഓഫിനാണ് സുധാകരന്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ടായി. 

ജി സുധാകരന്‍ സ്‌കൂളിലേക്ക് അതിക്രമിച്ചെത്തിയെന്നാണ് പിടിഎ പറയുന്നത്. 

ഒടുവില്‍ അമ്പലപ്പുഴ പൊലീസ് എത്തിയായിരുന്നു ഇരു കൂട്ടരെയും പിരിച്ചു വിട്ടത്. 

മുന്‍ എംഎല്‍എ എച്ച് സലാം അടക്കം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

സംഭവം പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയെങ്കിലും പിന്നീട് സ്ഥിതി ശാന്തമായി. 

സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments