ക്യാന്‍സര്‍ രോഗികള്‍ക്ക് കാരുണ്യത്തിന്റെ മുടിയേകി ശിവപ്രിയ, പിറയാര്‍ എല്‍.പി. സ്‌കൂളിന് അഭിമാനം.





സുനില്‍ പാലാ

കിടങ്ങൂര്‍ പിറയാര്‍ ഗവ. എല്‍.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവപ്രിയ മുടി നീട്ടി വളര്‍ത്തിയതിന് ഒറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ; പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാന്‍ തന്റെ മുടി മുറിച്ച് നല്‍കുക.

അഴകായി നീണ്ട ചുരുണ്ട മുടി യാതൊരു മടിയുമില്ലാതെ ശിവപ്രിയ മോള്‍ കഴിഞ്ഞ ദിവസം പാലാ ജനറല്‍ ആശുപത്രിയിലെത്തി ക്യാന്‍സര്‍ രോഗിക്കായി മുറിച്ചുനല്‍കി. കൂലിവേലക്കാരായ അച്ഛന്‍ സെല്‍വരാജനും അമ്മ രേവതിയും ശിവപ്രിയയുടെ ഈ ആഗ്രഹത്തിന് ഒപ്പം ചേര്‍ന്നപ്പോള്‍ അത് കട്ടച്ചിറ വടക്കേമുളഞ്ചിറയില്‍ വീടിന് മാത്രമല്ല, പിറയാര്‍ സ്‌കൂളിനും കിടങ്ങൂര്‍ പഞ്ചായത്തിനുമൊക്കെ അഭിമാനത്തിന്റെ മാതൃകയും തിളക്കവുമായി.

ഇന്നലെ സ്‌കൂളില്‍ നടന്ന എന്റെ കൗമുദി പദ്ധതി ഉദ്ഘാടന വേദിയില്‍ ശിവപ്രിയ മോളെ കിടങ്ങൂര്‍ പഞ്ചായത്ത് അധികാരികളും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് അനുമോദിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു രമേശ് ശിവപ്രിയയ്ക്ക് ''നന്‍മയുടെ രാജകുമാരി'' എന്ന പട്ടം ചാര്‍ത്തി. 
 
 
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സബിത എസ്. കാരുണ്യ കിരീടവും അണിയിച്ചു. കണ്ടുനിന്ന കൂട്ടുകാര്‍ കൈയ്യടിയുടെ സമ്മാനമേകി. തന്റെ ആഗ്രഹം സഫലമായതിന്റെ നിര്‍വൃതിയില്‍ ശിവപ്രിയ മോളുടെ കണ്ണു നിറഞ്ഞു.

അനുമോദന സമ്മേളനത്തില്‍ പൊതുപ്രവര്‍ത്തകരായ കെ.കെ. വിജയകുമാര്‍ കട്ടിണശ്ശേരില്‍, രാജന്‍ വിനായക, കേരള കൗമുദി അസിസ്റ്റന്റ് സര്‍ക്കുലേഷന്‍ മാനേജര്‍ എ.ആര്‍. ലെനിന്‍മോന്‍, റിപ്പോര്‍ട്ടര്‍ സുനില്‍ പാലാ, അധ്യാപകരായ അനീഷ് ആന്റണി, ഷീന ജോസ്, ടീന ജോസഫ്, നിര്‍മ്മല, സുനിത, ശരണ്യ, ചന്ദനകൃഷ്ണ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ശിവപ്രിയമോള്‍ മറുപടി പ്രസംഗം നടത്തി. 
 
മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ വെളിച്ചം പകരുക എന്ന ഒരു സന്ദേശം ഒരു പുസ്തകത്തില്‍ വായിച്ചത് ഓര്‍ത്തപ്പോഴാണ് ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ചു നല്‍കുക എന്ന ചിന്ത തന്റെ മനസ്സിലുണ്ടായത് എന്ന് ശിവപ്രിയമോള്‍ പറഞ്ഞു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments