പാട്ടിനെന്ത് അവിശ്വാസം, ദിയ ബിനുവും സനില്‍ രാഘവനും ഒന്നിച്ചുപാടി; തുമ്പിവാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം...




സുനില്‍ പാലാ

പാട്ടിനെന്ത് അവിശ്വാസവും രാഷ്ട്രീയ ശത്രുതയും. എല്ലാം മറന്ന് പാലാ നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടവും ദിയയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത കൗണ്‍സിലര്‍ സനില്‍ രാഘവനും ചേര്‍ന്ന് പാടി, തുമ്പിവാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം...!

ഇന്നലെ പാലാ തെക്കേക്കര സര്‍ഗ്ഗ മ്യൂസിക് ക്ലബ്ബിന്റെ പത്താമത് വാര്‍ഷിക സമ്മേളനത്തിലും നിത്യവസന്ത ഗാനസംഗമത്തിലും എസ്. ജാനകി അനുസ്മരണത്തിലും പങ്കെടുക്കാനെത്തിയതായിരുന്നു ദിയ ബിനുവും സനില്‍ രാഘവനും. പാലാ നഗരസഭാ 17-ാം വാര്‍ഡ് അംഗമായ സനില്‍ രാഘവന്‍ കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധിയാണ്. ദിയയ്ക്കെതിരെ അവിശ്വാസം കൊണ്ടുവന്നത് കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വം നല്‍കുന്ന നഗരസഭയിലെ ഇടതുമുന്നണി കൗണ്‍സിലര്‍മാരാണ്.

എന്നാല്‍ രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസമൊക്കെ മാറ്റിവച്ചുകൊണ്ടാണ് ഇരുവരും ചേര്‍ന്ന് സിനിമാ ഗാനം ആലപിച്ചത്. സമ്മേളനം ഉദ്ഘാടനം ചെയ്ത മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു; ''ഞാന്‍ പാടുന്നില്ല, പകരം ദിയ ബിനു പാടും''. ഉടന്‍ വന്നു ദിയയുടെ മറുപടി; ''കൗണ്‍സിലര്‍ സനില്‍ ചേട്ടനും കൂടാമെങ്കില്‍ നമുക്കൊരു പാട്ട് പാടാം''. സദസ്സിന്റെ കയ്യടിയോടെ ഇരുവരും മൈക്കിന് മുന്നിലെത്തി. സനില്‍ തുടക്കമിട്ടു തുമ്പിവാ തുമ്പക്കുടത്തിന്‍... ഇതോട് ചേര്‍ന്നുപാടിയ ദിയ സദസ്സും തങ്ങളുടെ കൂടെപാടണമെന്നും അഭ്യര്‍ത്ഥിച്ചതോടെ കേള്‍വിക്കാര്‍ക്കും ആവേശമായി.


എസ്.എന്‍.ഡി.പി. യോഗം തെക്കേക്കര ശാഖാ സെക്രട്ടറി ഷിബു കല്ലറക്കല്‍, ഗായകന്‍ ജിജന്‍ നെടുങ്കുന്നം തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു.

സര്‍ഗ്ഗ രക്ഷാധികാരി ജോഷി പരമലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൂപ്പണ്‍ നറുക്കെടുപ്പ് ഉദ്ഘാടനം കൗണ്‍സിലര്‍ ദിയ ബിനു പുളിക്കക്കണ്ടം നിര്‍വ്വഹിച്ചു. ബിജു ജോസ് ജാനകിയമ്മ അനുസ്മരണം നടത്തി. രാജേഷ് എം.കെ. പ്രാര്‍ത്ഥനാഗീതം ആലപിച്ചു. ബിജു ജോസ് സ്വാഗതവും സതീഷ് കെ.വി. നന്ദിയും പറഞ്ഞു. ജിജന്‍ നെടുങ്കുന്നം നയിച്ച ഗാനസംഗമവും ഉണ്ടായിരുന്നു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments