സുനില്‍ പാലാ
എന്തൊരു കഷ്ടമാണിത്...? മാലിന്യം തള്ളാന്‍ മേവട എന്ന സുന്ദര ഗ്രാമത്തിലേക്ക് വണ്ടിയും പിടിച്ച് ചെല്ലുകയാണ് സാമൂഹ്യവിരുദ്ധര്‍. കഷ്ടമെന്നല്ലേ പറയേണ്ടു.
കഴിഞ്ഞ ഒരു മാസമായി മേവടയിലും പരിസര പ്രദേശങ്ങളിലും മാലിന്യം തള്ളല്‍ പതിവായിരിക്കുകയാണ്. നാട്ടുകാര്‍ ഇവരെക്കൊണ്ട് പൊറുതി മുട്ടുന്നു. അധികം ജനവാസമില്ലാത്ത ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് സാമൂഹ്യവിരുദ്ധരുടെ ഈ മാലിന്യം തള്ളല്‍.
ഒരുമാസം മുമ്പ് മേവട പന്തത്തല കുന്നപ്പള്ളി കുളം ഭാഗത്താണ് ഒരു ലോഡ് മാലിന്യം തള്ളിയത്. ഇവിടെ നിന്നുള്ള ദുര്‍ഗന്ധമൊന്ന് മാറാന്‍ ദിവസങ്ങളെടുത്തു.
ബുധനാഴ്ച രാത്രിയും ഈ സാമൂഹ്യ ദ്രോഹികള്‍ മേവടയ്ക്ക് വീണ്ടും പണികൊടുത്തു. പുറ്റനാനി റോഡില്‍ മേവട പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്രത്തിന് പുറകുവശത്തെ കയറ്റമുള്ള ഭാഗത്ത് മത്സ്യ-മാംസ അവശിഷ്ടങ്ങളാണ് ചാക്കില്‍ കൊണ്ടുവന്ന് തള്ളിയത്. ക്ഷേത്രത്തില്‍ പോകുന്ന ഭക്തരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമൊക്കെ ഉള്‍പ്പെടെ നിരവധിയാളുകള്‍ നിത്യേന ഉപയോഗിക്കുന്ന വഴിയുടെ സൈഡിലാണീ കാട്ടാളത്തം കാട്ടിയത്.
മാലിന്യം തള്ളല്‍ പതിവായതോടെ നാട്ടുകാര്‍ക്ക് കടുത്ത ബുദ്ധിമുട്ടായി. മഴക്കാലം കൂടിയായതോടെ ഈ മാലിന്യത്തില്‍ നിന്ന് ഒഴുകിയിറങ്ങുന്ന മലിനജലം സമീപ വീടുകളിലെ കിണറുകളിലേക്കും മറ്റും എത്തുന്നതായും പരാതിയുണ്ട്.
കുറ്റവാളികളെ എത്രയുംവേഗം പിടികൂടണം
ജനദ്രോഹപരമായ മാലിന്യം തള്ളല്‍ പതിവാക്കിയ കുറ്റവാളികളെ എത്രയുംവേഗം പിടികൂടണമെന്ന് കൊഴുവനാല്‍ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ ഷാജി മാത്യു ഗണപതിപ്ലാക്കല്‍ ആവശ്യപ്പെട്ടു. ഈ ക്രൂരകൃത്യം പതിവാക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മേവട റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി പുളിക്കലും സെക്രട്ടറി തോമസ് പുറ്റനാനിക്കലും ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന് സമീപം മാലിന്യം തള്ളിയത് കൈയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ല
പ്രസിദ്ധമായ മേവട പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്രത്തിന് സമീപമായി റോഡുവക്കില്‍ മത്സ്യ-മാംസ അവശിഷ്ടങ്ങള്‍ തള്ളിയത് കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്ന് ക്ഷേത്ര ഭരണസമിതി നേതാക്കളായ പി.ജി. അനില്‍കുമാര്‍, മനോജ് എസ്. നായര്‍ പന്തലാനിക്കല്‍ തുടങ്ങിയവര്‍ മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധിച്ച് കൊഴുവനാല്‍ പഞ്ചായത്ത് അധികാരികള്‍ക്കും പാലാ പൊലീസിലും ഉടന്‍ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

.jpg)



0 Comments