വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ കസ്റ്റമർ കെയർ....കെഎസ്ആർടിസിയെ എഐ യുഗത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ

 

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ കസ്റ്റമർ കെയർ , നവീകരിച്ച കൊറിയർ സംവിധാനം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യത്തിനു മുമ്പ്  തിരുവിതാംകൂർ ആരംഭിച്ച കെഎസ്ആർടിസി നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്.


 സർക്കാരിൻ്റെ ശക്തമായ പിന്തുണയോടെ ഇന്ന് സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുകയാണെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരെയും തൊഴിലാളി സംഘടനകളെയും സർക്കാർ വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോകുന്നത്. യൂണിയൻ പ്രതിനിധികൾക്ക് എപ്പോഴും മന്ത്രിയെ നേരിൽ കാണാനും അഭിപ്രായങ്ങൾ അറിയിക്കാനും അവസരമുണ്ട്. തൊഴിലാളികൾക്കും നേരിട്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു. 


സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ ധനകാര്യ വകുപ്പിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുന്ന സംവിധാനം തുടരുകയാണെന്നും വ്യക്തമാക്കി.സ്ത്രീകൾക്കായുള്ള പ്രിയദർശിനി പദ്ധതി കൂടുതൽ ജനകീയമാകുകയാണെന്നും പുതിയ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.


 24 മണിക്കൂർ പ്രവർത്തിക്കുന്ന  149 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച്  പൊതുജനങ്ങൾക്ക് വേഗത്തിൽ വിവരങ്ങൾ അറിയാനും സാധിക്കും. ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ഡ്രൈവർ, കണ്ടക്ടർ എന്നിവരെ എല്ലാ മാസവും തെരഞ്ഞെടുത്ത് ഡിപ്പോകളിൽ പ്രദർശിപ്പിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിൻ്റെ ഭാഗമായി മികച്ച പ്രകടനം നടത്തിയ ജീവനക്കാരെ ഈ ചടങ്ങിൽ ആദരിക്കുകയാണ്.


 കെഎസ്ആർടിസിയുടെ വികസനത്തിനും ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി എം.എൽ.എമാരുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ചു വരികയാണ്.  മന്ത്രി കെ. മുരളീധരൻ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ച് മാതൃക കാട്ടി. ജനകീയവൽക്കരണവും വികേന്ദ്രീകരണവും ലക്ഷ്യമിട്ട് കെഎസ്ആർടിസിയിൽ കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments