ആൾമാറാട്ടം നടത്തി ഓൺലൈൻ തട്ടിപ്പ്; 4.72 ലക്ഷം രൂപ തട്ടിയ പ്രതി പിടിയിൽ
ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിയെ ജർമ്മനിയിൽ നഴ്സിംഗ് ജോലി ലഭിക്കുന്നതിനായി വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 4.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ കാരിക്കോട് കരയിൽ ദിവ്യാഭവൻ വീട്ടിൽ ആദർശ് ആർ. (28) ആണ് അറസ്റ്റിലായത്.
പ്രതി നാട്ടിലെ ഒരു കോ-ഓപ്പറേറ്റീവ് ബാങ്കിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നെങ്കിലും ബാങ്കിന്റെ അധീനതയിലുള്ള മെഡിക്കൽ ഷോപ്പിൽ നടത്തിയ തട്ടിപ്പിനെ തുടർന്ന് നാലുവർഷം മുമ്പ് നാടുവിട്ടതായാണ് പോലീസ് പറയുന്നത്.
തുടർന്ന് എറണാകുളത്ത് എത്തി സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നടത്തുകയാണെന്ന് പരിചയപ്പെടുത്തി കലൂരിലെ ഹോസ്റ്റലിൽ താമസിച്ചുവരികയായിരുന്നു.
ഹോസ്റ്റലിൽ വച്ച് പരിചയപ്പെട്ട തൃശ്ശൂർ സ്വദേശിയിൽ നിന്ന് സിം കാർഡ് സംഘടിപ്പിച്ച് വാട്സ്ആപ്പ് അക്കൗണ്ട് ആരംഭിച്ച പ്രതി, “I Am Still Alive” എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് കടനാട് സ്വദേശിനിയായ പരാതിക്കാരിയുമായി ബന്ധപ്പെടുന്നത്. കേരള ബാങ്കിന്റെ കാക്കനാട് ശാഖയിലെ അസിസ്റ്റന്റ് മാനേജരാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ, പരാതിക്കാരിക്ക് ജർമ്മനിയിൽ നഴ്സിംഗ് ജോലിക്ക് പോകുന്നതിനായി തന്റെ ബാങ്കിൽ നിന്ന് വായ്പ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് പരാതിക്കാരിയുടെ ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ തുടങ്ങിയ വ്യക്തിഗത രേഖകൾ വാട്സ്ആപ്പ് വഴി കൈപ്പറ്റി. പരാതിക്കാരിക്ക് നിലവിൽ ഗോൾഡ് ലോൺ ഉണ്ടെന്ന് മനസ്സിലാക്കിയ ശേഷം വായ്പ അനുവദിക്കുന്നതിനായി താൻ ജോലി ചെയ്യുന്ന ബാങ്ക് ശാഖയിൽ മൂന്ന് ലക്ഷം രൂപയുടെ എഫ്.ഡി. ഇടണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ നികുതി ഒഴിവാക്കുന്നതിനും ലോൺ പ്രോസസ്സിംഗ് ചെലവുകൾക്കുമായി 1,71,964 രൂപയും ആവശ്യപ്പെട്ടു. ഇത്തരത്തിൽ ആകെ 4,71,964 രൂപയാണ് പ്രതി തട്ടിയെടുത്തത്.
പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചാൽ പിടിക്കപ്പെടുമെന്ന ഭയത്തിൽ, എറണാകുളത്തെ ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന മൂന്ന് സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളാണ് പ്രതി പരാതിക്കാരിക്ക് നൽകിയത്. സിവിൽ സർവീസ് കോച്ചിംഗിന്റെ ഫീസ് അടയ്ക്കുന്നതിനായി വീട്ടിൽ നിന്ന് പണം അയച്ചുതരുന്നതാണെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിച്ചാണ് അവരുടെ അക്കൗണ്ടുകളിൽ പണം നിക്ഷേപിപ്പിച്ച് പിന്നീട് പിൻവലിച്ച് വാങ്ങിയത്.
വായ്പ ശരിയാക്കുന്നതിൽ കാലതാമസം നേരിട്ടതോടെ പരാതിക്കാരിക്ക് സംശയം തോന്നുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തതോടെ പ്രതി ഉപയോഗിച്ചിരുന്ന സിം കാർഡ് ഉപേക്ഷിച്ചു. തുടർന്ന് ലോൺ സംബന്ധമായ ആവശ്യത്തിനായി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയിൽ നിന്ന് മറ്റൊരു സിം കാർഡ് സംഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് കടന്നു. അരിസ്റ്റോ ജംഗ്ഷനിലെ ഒരു ഹോസ്റ്റലിൽ താമസിച്ച് IELTS കോച്ചിംഗിന് ചേർന്നതായി പറഞ്ഞാണ് ഇയാൾ അവിടെ കഴിഞ്ഞിരുന്നത്.
ജില്ലാ പോലീസ് മേധാവി K. M.സാബുമാത്യു IPS ന്റെ നിർദ്ദേശപ്രകാരം
പാലാ ഡി.വൈ.എസ്.പി. സദൻ കെ.യുടെ മേൽനോട്ടത്തിൽ മേലുകാവ് ഇൻസ്പെക്ടർ സന്തോഷ് സജീവ്, എ.എസ്.ഐമാരായ ജസ്റ്റിൻ ജോസഫ്, സജിനി വി.ടി., ഡി.വി.ആർ. സി.പി.ഒ. വിഷ്ണു ആർ. എന്നിവർ ചേർന്നാണ് ഓഗസ്റ്റ് 7ന് പ്രതിയെ പിടികൂടിയത്.
പ്രതി എറണാകുളത്തും തിരുവനന്തപുരത്തും ഒപ്പം താമസിച്ചിരുന്ന പലരിൽ നിന്നും പണം കൈപ്പറ്റിയതായും ഓൺലൈൻ മാർഗം നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ലഭിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.
അറസ്റ്റിലായ പ്രതിയെ ഓഗസ്റ്റ് 8ന് ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
70 12 23 03 34


.jpg)


0 Comments