സുകുമാരന്റെ മരണം പിടിവലിയെ തുടര്‍ന്നുള്ള ഹൃദയാഘാതം മൂലം..... മരുമകന്‍ അഖില്‍ അറസ്റ്റില്‍.


സുകുമാരന്റെ മരണം പിടിവലിയെ തുടര്‍ന്നുള്ള ഹൃദയാഘാതം മൂലം. മരുമകന്‍ അഖില്‍ അറസ്റ്റില്‍.

വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തി പിന്നീട് മരിച്ച കൊഴുവനാല്‍ ഉറുമ്പിക്കുന്നേല്‍ സുകുമാരന്റെ (76) മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരുമകന്‍ അഖിലുമായി ഉണ്ടായ പിടിവലിക്കിടയില്‍ സുകുമാരന് ഹൃദയാഘാതം ഉണ്ടായതാണെന്നാണ് സൂചന. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.


സുകുമാരന്റെ മരണവുമായി ബന്ധപ്പെട്ട് മകള്‍ അശ്വതിയുടെ ഭര്‍ത്താവ് അഖിലിനെ (34) പാലാ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിത 105-ാം വകുപ്പ് പ്രകാരം കൊലപാതകമായി കണക്കാക്കാനാകാത്ത നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച രാത്രി വീട്ടില്‍ നിന്ന് ബഹളം കേട്ടതായി അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് സുകുമാരനെ വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയതായാണ് വിവരം. ബന്ധുക്കള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


സുകുമാരന്‍ പട്ടികയുമായി ആക്രമിക്കാന്‍ വന്നപ്പോള്‍ തള്ളിമാറ്റിയെന്നാണ് അഖില്‍ പോലീസിന് നല്‍കിയ പ്രാഥമിക മൊഴിയെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരം. തുടര്‍ന്നുണ്ടായ വീഴ്ചയും പരിക്കുകളുമാണ് മരണത്തിലേക്ക് നയിച്ചതെന്ന സാഹചര്യവും പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള തെളിവുകളും പരിശോധിച്ച ശേഷമാണ് ബിഎന്‍എസ് 105 പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.


ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പെടെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പാലാ പോലീസ് പറഞ്ഞു. പാലാ സി.ഐ. എം.ഡി. അഭിലാഷിന്റെ നേതൃത്വത്തിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments