മലയിഞ്ചിയില്‍ വീണ്ടും കാട്ടാനശല്യം അതിരൂക്ഷമാകുന്നു.
കഴിഞ്ഞദിവസം രാത്രിയില്‍ കൃഷിയിടത്തിലെത്തിയ കാട്ടാനക്കൂട്ടം പ്രദേശത്ത് വ്യാപകനാശം വിതച്ചു. തെങ്ങ്, കമുക്, വാഴ അടക്കമുള്ള നിരവധി കാര്‍ഷികവിളകള്‍ കാട്ടാന നശിപ്പിച്ചു. പ്രദേശവാസികളായ കാളകുത്തി ചന്ദ്രന്‍, സത്യചന്ദ്രന്‍, ജോയി പറയന്നിലം എന്നിവരുടെ പുരയിടത്തിലെ കാര്‍ഷികവിളകളാണ് കാട്ടാനകള്‍ വ്യാപകമായി പിഴുതെറിഞ്ഞത്.
ഇതോടെ പ്രദേശത്ത് ഫെന്‍സിംഗ് സ്ഥാപിക്കുമെന്ന ഉറപ്പ് വനംവകുപ്പ് പാലിക്കണമെന്ന ആവശ്യം ശക്തമായി. മുമ്പും പ്രദേശത്ത് കാട്ടാനയിറങ്ങിയപ്പോള്‍ ജനങ്ങള്‍ ഇതിനെതിരേ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷ ഉറപ്പാക്കാനായി സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്ന് തൊടുപുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസറും വേളൂര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതുവരെയും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.
നിലവില്‍ കാട്ടാനകളെ കൃഷിയിടത്തില്‍ കയറാതെ പ്രതിരോധിക്കാന്‍ ഒരു മാര്‍ഗങ്ങളും ഇവിടെയില്ല. ആര്‍ആര്‍ടിയുടെ സേവനവും ഇവിടെ ലഭ്യമല്ല. നാട്ടുകാര്‍തന്നെയാണ് കൃഷിയിടത്തിലെത്തുന്ന കാട്ടാനകളെ തുരത്തുന്നത്.
കാട്ടാനശല്യത്തിന് അറുതിവരുത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വീണ്ടും ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് വാര്‍ഡ് മെംബര്‍ പി.ബി നോജ് അറിയിച്ചു.
70 12 23 03 34




0 Comments