ഗാന്ധിനിന്ദയ്ക്കെതിരെ അതിർത്തികൾ കടന്ന പോരാട്ടവുമായി പാലാ സ്വദേശി എബി ജെ.ജോസ്


ഗാന്ധിനിന്ദയ്ക്കെതിരെ അതിർത്തികൾ കടന്ന പോരാട്ടവുമായി പാലാ സ്വദേശി എബി ജെ.ജോസ്

 ഗാന്ധിയൻ ആശയങ്ങൾക്കെതിരെ അധിക്ഷേപവും അതിക്രമവും വർധിച്ചുവരുന്ന കാലഘട്ടത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രവും പേരും ദുരുപയോഗം ചെയ്യുന്നതിനെതിരെ രാജ്യാതിർത്തികൾ കടന്ന് ഇടപെടുകയാണ് പാലാ സ്വദേശി എബി ജെ. ജോസ്. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനായ എബി ജെ. ജോസ് കാൽനൂറ്റാണ്ടുകാലമായി ഗാന്ധിജിയുടെ പൈതൃക സംരക്ഷണത്തിനും ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരണത്തിനുമായി പ്രവർത്തിച്ചുവരികയാണ്. ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ ഗാന്ധി പ്രതിമ വികൃതമാക്കിയ സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറിന് പരാതി നൽകിയതാണ് ഏറ്റവും ഒടുവിലത്തെ അന്തർദേശീയ ഇടപെടൽ.


റഷ്യ, ഇസ്രയേൽ, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളിലും ബിയർ ക്യാനുകളിലും ഉപയോഗിച്ച സംഭവങ്ങളിലും എബി ഇടപെട്ടിട്ടുണ്ട്. റഷ്യയിലെ റിവോർട്ട് ബ്രൂവറി ഗാന്ധിജിയുടെ ചിത്രം ബിയർ ക്യാനുകളിൽ ഉപയോഗിച്ചതിനെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും റഷ്യൻ അംബാസഡർ ഡെനിസ് അലിപോവിനും പരാതി നൽകി. തുടർന്ന് കമ്പനി ഖേദം പ്രകടിപ്പിച്ച് ഉൽപന്നം പിൻവലിച്ചതായി എബി പറയുന്നു. കമ്പനിയുടെ ഡെവലപ്മെന്റ് ഡയറക്ടർ ഗുഷിൻ റോമൻ എബിക്ക് വ്യക്തിപരമായി ഇ-മെയിൽ അയച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.


ഇസ്രയേലിൽ രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മദ്യക്കമ്പനിയായ മാൽക പുറത്തിറക്കിയ പരിമിത പതിപ്പ് കുപ്പികളാണ് മറ്റൊരു വിവാദത്തിനിടയാക്കിയത്. ഗാന്ധിജിയെ കോട്ട് ധരിച്ചും കൂളിങ് ഗ്ലാസ് വച്ചും മദ്യം കൈയിൽ പിടിച്ചുമുള്ള രൂപത്തിലായിരുന്നു ചിത്രീകരണം. ഇതിനെതിരെ എബി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരാതി നൽകി. വിഷയം രാജ്യസഭയിൽ അവതരിപ്പിച്ചത് എം.പി. സഞ്ജയ് സിംഗാണ്. തുടർന്ന് അന്നത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അടിയന്തര നടപടി സ്വീകരിക്കാൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് നിർദേശം നൽകിയതായും എബി പറഞ്ഞു. ഇതിനു പിന്നാലെ കമ്പനി ഖേദം പ്രകടിപ്പിച്ച് കുപ്പികൾ പിൻവലിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യം പുറത്തുവന്നതിനു പിന്നാലെയാണ് ചെക്ക് റിപ്പബ്ലിക്കിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളികൾ സമാനമായ സംഭവം ശ്രദ്ധയിൽപ്പെടുത്തി എബിയെ അറിയിച്ചത്. മദ്യക്കുപ്പികളിൽ ഗാന്ധിജിയുടെ ചിത്രവും പേരും ഉപയോഗിച്ചതിനെതിരെ ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി ആൻഡ്രജ് ബാബെയ്ഷ് ഉൾപ്പെടെയുള്ളവർക്ക് എബി പരാതി നൽകി. തുടർന്ന് ഡൽഹിയിലെ ചെക്ക് റിപ്പബ്ലിക് എംബസിയുമായി നിരന്തരം ബന്ധപ്പെട്ട് വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം വഴി നടപടി സ്വീകരിക്കുന്നതിനും ശ്രമിച്ചു.

വിദേശരാജ്യങ്ങളിലെ ഇടപെടലുകൾക്കൊപ്പം ഇന്ത്യയിലും ഗാന്ധിനിന്ദയ്ക്കെതിരെ എബി നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്. പ്രവർത്തക പൂജ ശകുൻ പാണ്ഡെ ഗാന്ധിജിയുടെ ചിത്രത്തിൽ പ്രതീകാത്മകമായി വെടിയുതിർത്ത സംഭവത്തിനെതിരെ എബി ഒറ്റയാൾ പ്രതിഷേധവുമായി രംഗത്തെത്തി. ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി വർധിച്ചുവരുന്നതിലുള്ള അസഹിഷ്ണുതയാണ് ഗാന്ധിനിന്ദ വർധിക്കാൻ കാരണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഗാന്ധിയൻ ആശയങ്ങൾക്കെതിരെ അധിക്ഷേപവും അതിക്രമവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗാന്ധിജിയുടെ പൈതൃകവും ആശയങ്ങളും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും എബി പറയുന്നു.

ഗാന്ധിജിയെ അപമാനിക്കുന്ന സംഭവങ്ങളിൽ 1950ലെ എംബ്ലംസ് ആൻഡ് നെയിംസ് (പ്രിവൻഷൻ ഓഫ് ഇംപ്രോപ്പർ യൂസ്) ആക്ടും 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്ടും ഉൾപ്പെടെയുള്ള നിയമവ്യവസ്ഥകൾ പ്രകാരം നടപടി സ്വീകരിക്കാനാകുമെന്നും എബി ചൂണ്ടിക്കാട്ടുന്നു. കേരളത്തിലും ഗാന്ധിജിയെ അധിക്ഷേപിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി അദ്ദേഹം പറയുന്നു.


പ്രതിഷേധങ്ങൾക്കപ്പുറം ഗാന്ധിസ്മരണ നിലനിർത്തുന്നതിനും എബി പ്രവർത്തിക്കുന്നുണ്ട്. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പാലാ മൂന്നാനിയിൽ നഗരസഭ അനുവദിച്ച സ്ഥലത്ത് ഗാന്ധി സ്ക്വയറും ഗാന്ധി പ്രതിമയും സ്ഥാപിച്ചു. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തത്. ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ അരുൺ ഗാന്ധിയടക്കം നിരവധി പ്രമുഖർ പിന്നീട് പാലാ ഗാന്ധി സ്ക്വയർ സന്ദർശിച്ച് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സ്വന്തം വീട്ടുമുറ്റത്തും എബി ഗാന്ധി പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

കാൽനൂറ്റാണ്ടായി തുടരുന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തും ഗാന്ധിജിയുടെ ചിത്രത്തിന്റെയും പേരിന്റെയും ദുരുപയോഗത്തിനെതിരെ ബന്ധപ്പെട്ട അധികാരികളെയും സർക്കാരുകളെയും കമ്പനികളെയും സമീപിച്ചുവരികയാണ് എബി ജെ. ജോസ്. ഗാന്ധിജിയുടെ പ്രതിമകൾക്കും ചിത്രങ്ങൾക്കും നേരെയുള്ള അവഹേളനങ്ങൾക്കെതിരെ പ്രതികരിക്കുന്നതിനൊപ്പം ഗാന്ധിയൻ ആശയങ്ങളും ഗാന്ധിസ്മരണയും പൊതുസമൂഹത്തിൽ നിലനിർത്താനുള്ള പ്രവർത്തനങ്ങളും തുടരുകയാണ് അദ്ദേഹത്തിന്റെ ദൗത്യം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments