സുനില്‍ പാലാ
പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിക്ക് മുന്നിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭൂമി കയ്യേറ്റ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. താലൂക്ക് സര്‍വേ വിഭാഗം നടത്തിയ ജി.പി.എസ്. സ്ഥലപരിശോധനയില്‍ വന്‍തോതിലുള്ള കയ്യേറ്റം കണ്ടെത്തിയതായുള്ള പ്രാഥമിക വിവരമാണ് പുറത്തുവരുന്നത്. നിലവിലെ വിശ്രാം സങ്കേത് ഓട്ടോ സ്റ്റാന്‍ഡിന് പിന്നില്‍നിന്ന് മുകളിലേക്കുള്ള ഭാഗം ആശുപത്രി വക ഭൂമിയാണെന്ന് സര്‍വേയില്‍ വ്യക്തമായതായാണ് സൂചന.
ഇതേ തുടര്‍ന്ന് താലൂക്ക് സര്‍വേ വിഭാഗം നടത്തിയ അളവെടുപ്പിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയുടെ ഭൂമിയുടെ അതിര്‍ത്തി ഇന്നലെ വൈകുന്നേരത്തോടെ തന്നെ കല്ലിട്ട് തിരിച്ചുതുടങ്ങി. സര്‍വേയുടെ വിശദമായ റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ ലഭിക്കുമെന്നും അതിന് ശേഷമായിരിക്കും ഭൂമിയുടെ കൃത്യമായ വിസ്തൃതിയും കൈയേറ്റത്തിന്റെ വ്യാപ്തിയും സംബന്ധിച്ച് അന്തിമ ചിത്രം വ്യക്തമാകുകയുള്ളൂവെന്നും പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍ ബിജു മാത്യൂസും ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ് കുമാറും പറഞ്ഞു.
'വഴി' മാത്രമല്ല, ഭൂമിയുടെ അതിരും തെളിയുന്നു
റോഡ് വീതികൂട്ടി പുനരുദ്ധരിക്കാനുള്ള നടപടികള്‍ക്കിടെയാണ് ആശുപത്രിക്ക് മുന്നിലെ ഭൂമിയുടെ ഉടമസ്ഥാവകാശവും അതിര്‍ത്തിയും സംബന്ധിച്ച് ചോദ്യം ഉയര്‍ന്നത്. പൊതുഭൂമി കൈയേറി ബങ്കുകളും ഷെഡുകളും മറ്റ് നിര്‍മ്മാണങ്ങളും നടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് സ്ഥലത്തിന്റെ അതിര്‍ത്തി ഔദ്യോഗികമായി പരിശോധിക്കാന്‍ സര്‍വേ നടത്തിയത്.
കല്ലിട്ട് അതിര്‍ത്തി തിരിച്ചുതുടങ്ങി
സര്‍വേ പൂര്‍ത്തിയായതിന് പിന്നാലെ ആശുപത്രി അധികൃതര്‍ ഭൂമിയുടെ അതിര്‍ത്തി കല്ലിട്ട് തിരിച്ചുതുടങ്ങി. നേരത്തെ ബങ്കുകളും ഷെഡുകളും ഉള്‍പ്പെടെയുള്ള വിവിധ നിര്‍മ്മിതികള്‍ നിലനിന്നിരുന്ന പ്രദേശത്താണ് ഇനി ഭൂമിയുടെ അതിര്‍ത്തി വ്യക്തമാക്കുന്ന നടപടികള്‍ പുരോഗമിക്കുന്നത്.
ആശുപത്രിയുടെ ഭൂമി കൃത്യമായി തിരിച്ചറിഞ്ഞ് സംരക്ഷിക്കുന്നതിനാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ് കുമാര്‍ പറഞ്ഞു.
ബങ്കുകള്‍ ഒഴിയും; പകരം സൗകര്യം ഒരുക്കാന്‍ നീക്കം
കയ്യേറ്റമായി കണ്ടെത്തുന്ന സ്ഥലത്ത് നിലവിലുള്ള ബങ്കുകളും മറ്റ് നിര്‍മ്മിതികളും നീക്കം ചെയ്യുന്നതിനാണ് നഗരസഭയുടെ നീക്കമെന്നാണ് സൂചന. എന്നാല്‍ വര്‍ഷങ്ങളായി ഇവിടെ കച്ചവടം നടത്തുന്ന ബങ്കുടമകളെ പൂര്‍ണമായും ഒഴിപ്പിച്ച് ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതിനുപകരം, കയ്യേറിയ ഭൂമി വീണ്ടെടുത്തശേഷം നിയമാനുസൃതമായി ബങ്കുകള്‍ക്ക് സൗകര്യമൊരുക്കുന്ന മറ്റൊരു സംവിധാനം പരിഗണിക്കുന്നതായും അറിയുന്നു.
ആശുപത്രിയുടെ ഭൂമി മതില്‍ കെട്ടി സംരക്ഷിക്കുകയും പൊതുജനാവശ്യത്തിനുള്ള സ്ഥലമായി നിലനിര്‍ത്തുകയും ചെയ്യുന്നതിനൊപ്പം നിലവില്‍ ഇവിടെ കച്ചവടം നടത്തുന്നവര്‍ക്ക് ബദല്‍ സൗകര്യം ഒരുക്കാനുള്ള സാധ്യതയും നഗരസഭ പരിശോധിക്കുന്നതായാണ് വിവരം.
റിപ്പോര്‍ട്ട് വരുന്നതോടെ ചിത്രം പൂര്‍ണം
താലൂക്ക് സര്‍വേ വിഭാഗത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ആശുപത്രി ഭൂമിയുടെ കൃത്യമായ അതിര്‍ത്തി, വിസ്തൃതി, നിലവിലുള്ള നിര്‍മ്മിതികള്‍ ഉള്‍പ്പെടുന്ന ഭാഗം എന്നിവ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ള ബങ്കുകളും ഷെഡുകളും സംബന്ധിച്ച് തുടര്‍നടപടി സ്വീകരിക്കുക.
രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമെത്തി
ആശുപത്രിവക സ്ഥലം അളക്കുന്നതറിഞ്ഞ് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍ ബിജു മാത്യൂസ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി. താലൂക്ക് സര്‍വ്വേയര്‍ ജോ ജോസഫിന്റെ നേതൃത്വത്തിലാണ് സര്‍വ്വേ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഇന്ന് പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ഉയര്‍ന്ന അധികാരികള്‍ക്ക് കൈമാറുമെന്ന് താലൂക്ക് സര്‍വ്വേയര്‍ അറിയിച്ചു.





0 Comments