സുനില്‍ പാലാ
രാമപുരം ടൗണിലെ ഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനായി ജനകീയ അഭിപ്രായം തേടി രാമപുരം ഗ്രാമപഞ്ചായത്ത്.
ടൗണിലെ നിലവിലെ ഗതാഗത സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തിയശേഷം നിയമപരവും പ്രായോഗികവും ബഹുജന സൗഹൃദവുമായ ട്രാഫിക് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനാണ് പഞ്ചായത്തിന്റെ തീരുമാനമെന്ന് പ്രസിഡന്റ് കെ.കെ. ശാന്താറാം പറഞ്ഞു.
പഞ്ചായത്തിലെ ഓട്ടോക്കാര്, വ്യാപാരികള്‍, യാത്രക്കാര്‍ തുടങ്ങി വിവിധ വിഭാഗം ജനങ്ങളില്‍നിന്നും ട്രാഫിക് സംബന്ധമായ പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് സ്വീകരിക്കാന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതല്‍ സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ പഞ്ചായത്ത് ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് പരാതിനിര്ദ്ദേശ സമാഹരണ പെട്ടിയില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ എഴുതി സമര്‍പ്പിക്കാം.
ടൗണിലെ ഗതാഗതക്കുരുക്ക്, പാര്‍ക്കിങ് സംവിധാനം, വാഹനങ്ങളുടെ സഞ്ചാരക്രമം, കാല്‍നട യാത്രക്കാരുടെ സുരക്ഷ, വ്യാപാരമേഖലയിലെ ഗതാഗത പ്രശ്നങ്ങള്‍, ബസ് ഓട്ടോറിക്ഷാ ഗതാഗതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങി ട്രാഫിക് സംവിധാനവുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാം.
ലഭിക്കുന്ന പരാതികളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് വിശദമായി പഠിച്ചശേഷം ബന്ധപ്പെട്ട അധികാരികളുമായി ആലോചിച്ച് യോജിച്ച ട്രാഫിക് പരിഷ്കാരങ്ങള്‍ ആവിഷ്കരിക്കും. നിലവിലെ ഗതാഗത ക്രമത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനൊപ്പം ഭാവിയിലെ ഗതാഗത ആവശ്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പരിഷ്കാരങ്ങള്‍ നടപ്പാക്കുക.
പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികളിലും നിര്‍ദ്ദേശങ്ങളിലും പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കൂടി രേഖപ്പെടുത്തണമെന്ന് പഞ്ചായത്ത് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ജനങ്ങളുടെ അഭിപ്രായങ്ങള്‍ നേരിട്ട് സ്വീകരിച്ച് രാമപുരം ടൗണിന്റെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ദീര്‍ഘകാല പരിഹാരം കണ്ടെത്താനുള്ള പഞ്ചായത്തിന്റെ നടപടിക്ക് വലിയ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ജനകീയ തീരുമാനത്തോടെ ഗതാഗത സംവിധാനം പരിഷ്കരിക്കാനാണ് ലക്ഷ്യം
രാമപുരം ടൗണിലെ ഗതാഗത സംവിധാനം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം താല്പര്യം പരിഗണിച്ചല്ല, എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ജനകീയമായി നവീകരിക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്താറാം പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക, വ്യാപാരി, തൊഴിലാളി, യാത്രക്കാരന് തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങള്‍ പ്രധാനമാണ്. ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പഠിച്ചശേഷം എല്ലാവര്ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള ട്രാഫിക് സംവിധാനം രൂപപ്പെടുത്തുമെന്നും പ്രസിഡന്റ് കെ. കെ. ശാന്താറാം പറഞ്ഞു.




0 Comments