ബിജു മാത്യൂസ് പാലാ നഗരസഭാ വൈസ് ചെയർമാൻ.... വിമത കോൺഗ്രസ്സിലെ രജിത പ്രകാശ് വോട്ടെടുപ്പിന് എത്തിയില്ല
ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും വിമത കോൺഗ്രസ് ചർച്ചകൾക്കും ഒടുവിൽ വിരാമമായി; നഗരവികസന മുന്നണി സ്ഥാനാർഥിയായ ബിജു മാത്യൂസ് പാലാ നഗരസഭാ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. യു. ഡി . എഫി ലെ സെബാസ്റ്റ്യൻ ജെ . പനയ്ക്കൽ ആയിരുന്നു എതിർ സ്ഥാനാർത്ഥി.
വൈസ് ചെയർമാൻ സ്ഥാനത്തെച്ചൊല്ലി വിമത കോൺഗ്രസ് കൗൺസിലർമാരായ ബിജു മാത്യൂസും ടോണി തൈപ്പറമ്പിലും തമ്മിൽ കടുത്ത വടംവലി നിലനിന്നിരുന്നു. മാരത്തൺ ചർച്ചകൾക്കൊടുവിൽ നാലംഗ വിമത കോൺഗ്രസ് കൗൺസിലർമാരിൽ മൂന്നുപേരുടെ പിന്തുണ ബിജു മാത്യൂസിന് ലഭിച്ചതോടെ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന് വഴിയൊരുങ്ങി. തുടർന്ന് വിമതരുടെ തീരുമാനം നഗരവികസന മുന്നണി കൺവീനർ ബിജു പള്ളിപ്പാടവിലിനെ അറിയിക്കുകയും കേരള കോൺഗ്രസ് (എം), സി.പി.എം നേതൃത്വവും അനുമതി നൽകുകയും ചെയ്തിരുന്നു.
വിമതരായി എത്തിയ നാല് കോൺഗ്രസ് കൗൺസിലർമാർക്കും ഭരണത്തിൽ സ്ഥാനങ്ങൾ നൽകുമെന്ന ധാരണയുടെ ഭാഗമായാണ് ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനാർഥിയായി കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ മായാ രാഹുലിനെ ചെയർപേഴ്സണായി വിജയിപ്പിച്ച അതേ രാഷ്ട്രീയ കൂട്ടുകെട്ടാണ് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിലും ആവർത്തിച്ചത്.
വോട്ടെടുപ്പിൽ നഗരവികസന മുന്നണിയുടെ പിന്തുണയോടെ ബിജു മാത്യൂസ് വിജയിച്ചു. ഇതോടെ മായാ രാഹുൽ ചെയർപേഴ്സണും ബിജു മാത്യൂസ് വൈസ് ചെയർമാനുമായി പുതിയ ഭരണനേതൃത്വം നഗരസഭയിൽ നിലവിൽ വന്നു.
അതേസമയം, വിമത കോൺഗ്രസ് കൗൺസിലർമാരായ മായാ രാഹുൽ, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, ലിസികുട്ടി മാത്യു, രജിത പ്രകാശ് എന്നിവർക്കെതിരായ കൂറുമാറ്റ പരാതി ഡി.സി.സി. നേതൃത്വത്തിന്റെ പരാതിയിൽ നിലനിൽക്കുന്നുണ്ട്. ഈ പരാതികളിൽ ഈ മാസം 22-ന് നടക്കുന്ന ഹിയറിങ്ങിലാണ് തുടർനടപടികൾ തീരുമാനിക്കുക.
70 12 23 03 34



0 Comments